കൊട്ടിയം (കൊല്ലം): ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പില്‍ വയോധികന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. മാതൃഭൂമി ഏജന്റ് കൊട്ടിയം തെക്കേതട്ടാരുവിള വീട്ടില്‍ ജി.ബാബുവിന്റെ (65) മൃതദേഹമാണ് കണ്ടെത്തിയത്. കൊട്ടിയം-മയ്യനാട് റോഡില്‍ സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമിന് എതിര്‍വശത്ത് ബുധനാഴ്ച 11 മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ബാബു വീട്ടില്‍നിന്നു പുറത്തുപോയത്. പിന്നീട് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പത്രവിതരണം നടത്തിയ ഇദ്ദേഹം ഒന്‍പതരയോടെ വീട്ടിലെത്തി വിശ്രമിച്ച ശേഷം പത്രത്തിന്റെ വരിസംഖ്യ ശേഖരിക്കുന്നതിന് പുറത്തുപോയിരുന്നു. സ്കൂട്ടറില്‍ പുറപ്പെട്ട ബാബു കൊട്ടിയം ജങ്ഷനടുത്തുള്ള ജന്‍ധന്‍ മെഡിക്കല്‍ സ്റ്റോറിന് സമീപം സ്കൂട്ടര്‍ വെച്ച ശേഷം നടന്നാണ് പിരിവിന് പോയത്. വൈകീട്ട് മൂന്നോടെ വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും സ്കൂട്ടറിന്റെ താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. താക്കോല്‍ തിരക്കി വീണ്ടും പുറത്തുപോയ ബാബു പിന്നീട് മടങ്ങിയെത്തിയില്ല. രാത്രി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പുലര്‍ച്ചെ പത്രക്കെട്ടുകള്‍ വരുന്ന സമയം മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും വന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാവിലെ കൊട്ടിയത്തെ ബാങ്കില്‍ പത്രം നല്കിയ ശേഷം നടന്നുവരുകയായിരുന്ന ഭാര്യയാണ് വീടിനടുത്ത് ആള്‍ത്താമസമില്ലാതെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീടിനോട് ചേര്‍ന്ന് മൃതദേഹം കണ്ടത്. വീട്ടിലെത്തിയ ശേഷം ആശുപത്രി ജീവനക്കാരനായ മകനെ വിളിച്ചുവരുത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. കൊട്ടിയം പോലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അനിതയാണ് ഭാര്യ. മക്കള്‍: നിബിന് ബാബു (ഹോളിക്രോസ് ആശുപത്രി, കൊട്ടിയം), നിബു ബാബു (പ്രാഥമികാരോഗ്യകേന്ദ്രം, മറവന്‍ചിറ, അഞ്ചല്‍).
കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത് റോഡിനോടു ചേര്‍ന്ന മതില്‍ക്കെട്ടിനുള്ളില്‍
കൊട്ടിയം: ദിനപത്രത്തിന്റെ മാസവരി ശേഖരിക്കുന്നതിന് ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ വീട്ടില്‍നിന്ന് പുറത്തുപോയ പത്ര ഏജന്റ് ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത് ജനത്തിരക്കേറിയ റോഡിനോടു ചേര്‍ന്നുള്ള മതില്‍ക്കെട്ടിനുള്ളില്‍. ആള്ത്താമസമില്ലാത്തതുകാരണം ഇടിഞ്ഞുപൊളിഞ്ഞ് ജീര്‍ണിച്ച കെട്ടിടത്തിനോടു ചേര്‍ന്നാണ് മൃതശരീരം കണ്ടെത്തിയത്. റോഡില്‍നിന്ന് 10 മീറ്റര്‍പോലും അകലെയല്ലാത്ത സ്ഥലത്ത് ഒരു മനുഷ്യശരീരം പൂര്‍ണമായും കത്തിയമര്‍ന്നിട്ടും ആരും അറിഞ്ഞില്ലെന്നതില്‍ ദുരൂഹതയുയരുന്നു.
വേനലില്‍ ആകെ ഉണങ്ങി കാടുകയറിയ ഇടത്താണ് മൃതദേഹം കണ്ടത്. എതിര്‍വശത്ത് രാപകല്‍ സബ് ഇന്‍സ്പെക്ടറുടെ ചുമതലയിലുള്ള പോലീസ് സംഘം കാവലുള്ള സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമും പ്രവര്‍ത്തിക്കുന്നു. ഒരു തീപ്പൊരി വീണാല്‍ ആളിപ്പടരാന്‍ സാധ്യതയുണ്ടായിരുന്ന ഇടത്ത് മൃതദേഹം കണ്ടെത്തുമ്പോഴും സമീപത്തേക്കൊന്നും തീ പടരാത്തതില് ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു.
ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ വീട്ടില്‍നിന്നു പുറത്തുപോയ ബാബുവിനെ ശരീരമാകെ പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കണ്ടെത്തിയത്. ഉടന്‍ കൊട്ടിയം പോലീസ് സ്ഥലത്തെത്തിയിരുന്നു. ഒപ്പം ഫൊറന്സിങ് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പുകള്‍ നടത്തി.
പോലീസ് നായ സ്ഥലത്ത് വട്ടംചുറ്റിനടന്നശേഷം മടങ്ങുകയായിരുന്നു. പിന്നീട് നാലുമണിയോടെയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. ബാബുവിന് ആത്മഹത്യചെയ്യേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് ഭാര്യ അനിത പറയുന്നു.
Content Highlights: charred body found in kottiyam kollam
Published: 16 Jan 2025, 08:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented