ചെന്നൈ: കവര്‍ച്ചാകേസുകളിലെ പ്രതി ചെന്നൈയില്‍ പോലീസ് ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചു. ഉത്തര്‍പ്രദേശുകാരനായ ജാഫര്‍ ഗുലാം ഹുസൈന്‍ (28) ആണ് മരിച്ചത്. തരമണി റെയില്‍വേ സ്റ്റേഷനുസമീപം പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇയാള്‍ക്കുനേരേ നിറയൊഴിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സഹായിയായ സൂരജിനൊപ്പം ചെന്നൈ വിമാനത്താവളത്തില്‍നിന്ന് ജാഫറിനെ അറസ്റ്റുചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പോലീസും ജാഫറുംതമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മോഷ്ടിച്ച സ്വര്‍ണം കണ്ടെത്താനായി പോലീസ് തരമണി മേഖലയിലേക്ക് കൊണ്ടുപോയപ്പോള്‍ ജാഫര്‍ പോലീസിനുനേരേ നിറയൊഴിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സ്വയം പ്രതിരോധിക്കാനായി അയാളെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ്, അഡയാര്‍, ബസന്ത് നഗര്‍ എന്നിവിടങ്ങളില്‍ രാവിലെ നടക്കാന്‍ പോകുന്നവരെയാണ് ജാഫറും സൂരജും മോഷണത്തിനായി ലക്ഷ്യമിടാറുള്ളതെന്നു പോലീസ് വ്യക്തമാക്കി. ചെന്നൈയില്‍നിന്നും പത്ത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജാഫറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മഹാരാഷ്ട്രയില്‍ ജാഫറിന്റെ പേരില്‍ 150 മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ചെന്നൈയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണിത്. 2024 ജൂലായ് അഞ്ചിന് ബിഎസ്പി നേതാവ് ആംസ്ട്രോങ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ കൊലകള്‍ തുടങ്ങിയത്.
പിടിമുറുക്കി 'ഇറാനിയന്‍' കവര്‍ച്ചസംഘം
ചെന്നൈ : ചെന്നൈയില്‍ 'ഇറാനിയന്‍' കവര്‍ച്ചസംഘം പിടിമുറുക്കുന്നതായി പോലീസ്. ബുധനാഴ്ച തരമണിയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാഫര്‍ 'ഇറാനിയന്‍' കൊള്ളസംഘത്തിലെ പ്രധാനിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മാല തട്ടിപ്പറിക്കലാണ് സംഘത്തിന്റെ പ്രധാന മോഷണം. ഇറാനിയന്‍ കൊള്ളസംഘത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്ത്യയിലുടനീളം സംഘമായി സഞ്ചരിച്ച് ഒരേദിവസം വിവിധസ്ഥലങ്ങളില്‍ മാലമോഷണം നടത്തി രക്ഷപ്പെടുന്നവരാണ് ഇവര്‍.
ചൊവ്വാഴ്ച ചെന്നൈയില്‍ വെറും 70 മിനിറ്റിനുള്ളില്‍ ആറുസ്ഥലങ്ങളില്‍ പ്രായമായ സ്ത്രീകളുടെ മാലതട്ടിയെടുത്ത് 26 പവന്‍ ആഭരണവുമായി ചെന്നൈ വിമാനത്താവളത്തില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇവര്‍ ചെന്നൈയില്‍നിന്ന് പോയിരുന്നുവെങ്കില്‍ പിടികൂടാന്‍ പ്രയാസപ്പെടുമായിരുന്നു. ഇവരുടെ സംഘത്തില്‍ 20 പേരുണ്ട്. അതില്‍ പ്രധാനിയായിരുന്നു ജാഫര്‍.
1970-കളില്‍ ഇറാനില്‍നിന്ന് നിരവധിയാളുകള്‍ ഇന്ത്യയിലെത്തി മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ താമസമാക്കി. ഇതില്‍ ഉള്‍പ്പെട്ടവരായതുകൊണ്ടാണ് ഇറാനിയന്‍ കൊള്ളക്കാര്‍ എന്ന പേരുവീണത്. കവര്‍ച്ച മാത്രമാണ് ഇവരുടെ തൊഴില്‍. പ്രത്യേകിച്ചും ആളുകളുടെ ശ്രദ്ധതിരിച്ചുള്ള മാല തട്ടിപ്പറിക്കല്‍. ഇവരില്‍ പലര്‍ക്കും തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള പ്രാദേശികഭാഷകള്‍ അറിയാം. മഹാരാഷ്ട്രയിലെ അമ്പിവേലിയിലും കര്‍ണാടകയിലെ ബീദറിലും നിലവില്‍ ഇറാനിയന്‍ കൊള്ളക്കാര്‍ താമസിക്കുന്നുണ്ട്. 2013-ല്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ പോലീസ് വേഷത്തിലെത്തിയ 15 ഇറാനി കൊള്ളക്കാരെ അറസ്റ്റ് ചെയ്തു. 2018-ല്‍ ചെന്നൈ നഗരപ്രാന്തങ്ങളിലുള്‍പ്പെടെ സ്ഥലങ്ങളില്‍ മാല പിടിച്ചുപറിയില്‍ അഞ്ച് ഇറാനി കൊള്ളക്കാരെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 104 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. തമിഴ്നാട്ടിനെ ഞെട്ടിച്ച 'അലമാരക്കള്ളന്‍മാര്‍' ഇവരായിരുന്നു. വീട്ടിനകത്തുള്ള അലമാരകള്‍ ജനലുകള്‍ക്കടുത്തേക്ക് വലിച്ചുനീക്കി അതിനകത്തുളള വിലപിടിപ്പുള്ള സാമഗ്രികള്‍ കൊള്ളയടിക്കുകയായിരുന്നു അലമാരക്കള്ളന്‍മാരുടെ പ്രവര്‍ത്തനരീതി.
Content Highlights: Chain-snatching suspect shot dead by Chennai police
Published: 27 Mar 2025, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented