ടൊറന്റോ: കാനഡയില്‍ വന്‍ മയക്കുമരുന്നുവേട്ട. ഏകദേശം 409 കോടി രൂപ വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്ന്‍ കനേഡിയന്‍ പോലീസ് പിടികൂടി. ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി പീല്‍ റീജിയണല്‍ പോലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍ ഏഴ് ഇന്ത്യന്‍ വംശജരുമുണ്ട്. 'പ്രോജക്ട് പെലിക്കണ്‍' എന്നുപേരിട്ട ഓപ്പറേഷനിലൂടെയാണ് പോലീസ് നടപടി. 

To advertise here,

കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്. മയക്കുമരുന്നുവഴി ലഭിക്കുന്ന പണം ഇന്ത്യാ-വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതായാണ് അന്വേഷണത്തിലെ സുപ്രധാനകണ്ടെത്തല്‍. പ്രതിഷേധങ്ങളും ആയുധങ്ങള്‍ക്കുള്ള ധനസമാഹരണമുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്ന മൂല്യമുള്ള മെക്‌സിക്കന്‍ കൊക്കെയ്‌നുകള്‍ കടത്താന്‍ കാനഡയിലെ ഖലിസ്ഥാനി ഗ്രൂപ്പുകള്‍ക്ക് പണം നല്‍കുന്നത് ഐഎസ്‌ഐ ആണെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

യുഎസില്‍ നിന്ന് കാനഡയിലേക്ക് ചരക്കുകള്‍ കടത്താന്‍ ഉപയോഗിച്ചുവരുന്ന ട്രക്ക് റൂട്ടുകളാണ് ഈ സംഘവും ഉപയോഗിച്ചുവന്നത്. മെക്‌സിക്കന്‍ കാര്‍ട്ടലുകളുമായും അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിതരണക്കാരുമായി സംഘത്തിന് ബന്ധമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ ഖലിസ്ഥാന്‍ അനുഭാവികളാണെന്ന് സംശയമുണ്ട്. ഇവര്‍ക്കെതിരേ 35 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

പ്രോജക്ട് പെലിക്കണിന്റെ ഭാഗമായുള്ള അന്വേഷണത്തിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഏജന്‍സികള്‍ തുടക്കമിട്ടത്. യുഎസ്-കാനഡ ചരക്കുപാത കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നവംബറോടെ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വിവിധ ട്രക്ക് കമ്പനികളുടെ സ്റ്റോറേജ് കേന്ദ്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഏതൊക്കെ ട്രക്ക് കമ്പനികളെയാണ് സംഘം ഉപയോഗിച്ചതെന്നും തിരിച്ചറിഞ്ഞു. കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി (സിബിഎസ്എ), യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവര്‍ സംയുക്തമായായിരുന്നു പരിശോധന നടത്തിയത്.  

കഴിഞ്ഞ ഡിസംബറില്‍ കൊക്കെയ്‌നുമായി രണ്ട് ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്കില്‍ നിന്ന് ആയിരം പൗണ്ട് മൂല്യം വരുന്ന കൊക്കെയ്‌നാണ് പിടിച്ചെടുത്തിരുന്നത്. മയക്കുമരുന്ന് സംഘങ്ങള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍.