ഒട്ടാവ: കാനഡയിലെ ഏറ്റവും വലിയ സ്വർണക്കവർച്ചയിൽ ഒരാൾകൂടി അറസ്റ്റിലായി. കേസിലെ പ്രതികളിലൊരാളായ അർസലാൻ ചൗധരി(43)യെയാണ് ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പീൽ റീജിയണൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ദുബായിൽനിന്ന് കാനഡയിൽ വന്നതിന് പിന്നാലെയാണ് ഇയാളെ പോലീസ് പിടികൂടിയതെന്നാണ് റിപ്പോർട്ട്.
5000 ഡോളറിന് മുകളിലുള്ള മോഷണം, ക്രിമിനൽ ഗൂഢാലോചന, കുറ്റകൃത്യത്തിലൂടെ ലഭിച്ച മുതൽ കൈവശംവെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അർസലാൻ ചൗധരിക്കെതിരേ ചുമത്തിയിരിക്കുന്നത്. കാനഡയിൽ നടന്ന ഏറ്റവും വലിയ സ്വർണക്കൊള്ളയിൽ 'പ്രൊജക്ട് 24' എന്ന പേരിൽ നടത്തുന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
2023 ഏപ്രിലിലാണ് കാനഡയെ ഞെട്ടിച്ച സ്വർണക്കൊള്ള അരങ്ങേറിയത്. സ്വിറ്റ്‌സർലാൻഡിലെ സൂറിച്ചിൽനിന്ന് ടൊറന്റോ വിമാനത്താവളത്തിൽ കാർഗോയായി എത്തിയ 400 കിലോയോളം സ്വർണമാണ് കവർച്ചക്കാർ തട്ടിയെടുത്തത്. 0.9999 പരിശുദ്ധിയുള്ള ഏകദേശം 6600 സ്വർണക്കട്ടികളാണ് ഈ കാർഗോയിലുണ്ടായിരുന്നത്. ഇതിനുമാത്രം ഏകദേശം 20 മില്യൺ ഡോളറിലേറെ (ഏകദേശം 180 കോടിയിലേറെ രൂപ) വിലവരും. ഇതിനുപുറമേ 2.5 മില്യൺ ഡോളറിലേറെ വിലയുള്ള വിദേശകറൻസിയും കാർഗോയിലുണ്ടായിരുന്നു.
അതേസമയം, വിമാനത്തിൽനിന്നിറക്കിയ സ്വർണക്കട്ടികളടങ്ങിയ ചരക്ക് മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷമായി. തുടർന്ന് അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് കാനഡയിലെ ഏറ്റവും വലിയ സ്വർണക്കൊള്ള പുറംലോകമറിഞ്ഞത്.
സിമ്രാൻ പ്രീത് പനേസർ എന്ന മുൻ എയർകാനഡ ജീവനക്കാരനാണ് വമ്പൻ സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകനെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. വിമാനക്കമ്പനിയിലെ സംവിധാനങ്ങളിൽ തിരിമറി നടത്തിയ സ്വർണക്കട്ടികളടങ്ങിയ കാർഗോ വഴിതിരിച്ചുവിട്ടതിലും തട്ടിയെടുത്തതിലും ഇയാൾക്ക് മുഖ്യപങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇയാൾ നിലവിൽ ഇന്ത്യയിലാണുള്ളതെന്നും അന്വേഷണ ഏജൻസികൾ കരുതുന്നു. അടുത്തിടെ ഇയാൾ ചണ്ഡീഗഢിന് സമീപത്ത് വാടകയ്ക്ക് താമസിക്കുന്നതായി ഏജൻസികൾ കണ്ടെത്തിയിരുന്നു. എന്നാൽ, പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആർചിത് ഗ്രോവർ, പ്രാംപാൽ സിദ്ധു, മുൻ എയർകാനഡ ജീവനക്കാരനായ അമിത് ജലോഝ, പ്രശാന്ത് പരമലിംഗം, അലി റാസ, അമ്മാദ് ചൗധരി, ദുരന്തേ കിങ് മക്ക്ലീൻ എന്നിവരാണ് സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായവർ. കാനഡ, യുഎസ് എന്നിവിടങ്ങളിൽനിന്നാണ് ഇവരെ അന്വേഷണ ഏജൻസികൾ പിടികൂടിയത്.
Content Highlights: Canadian authorities have apprehended another suspect in the massive gold heist at Toronto Pearson International Airport. Learn about the ongoing investigation and the charges against the latest arrest.
Published: 13 Jan 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented