
ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയിൽ അതിർത്തി കടന്നുള്ള വൻ ലഹരിക്കടത്ത് ശൃംഖലയെ തകർത്ത് പോലീസ്. 139 മില്യൺ ഡോളർ (ഏകദേശം 1342 കോടി രൂപ) വിലമതിക്കുന്ന 1.7 ടണ്ണോളം വരുന്ന നിരോധിത ലഹരിമരുന്നുകളാണ് അധികൃതർ പിടിച്ചെടുത്തത്. അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിനായി 2025 ജനുവരിയിൽ ആരംഭിച്ച പ്രോജക്റ്റ് ബേ സംയുക്ത ഓപ്പറേഷനിലാണ് ലഹരികടത്ത് പിടികൂടിയതെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) പ്രസ്താവനയിൽ വ്യക്തമാക്കി.
വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ട്രക്കുകൾ വഴി കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിൽ വൻതോതിൽ ലഹരിമരുന്ന് കടത്തുന്നതായിരുന്നു ഈ സംഘത്തിന്റെ രീതി. ഒരു ബ്രോക്കർ-സ്റ്റൈൽ മോഡലിലൂടെ നിയമപരമായ ചരക്ക് നീക്കങ്ങൾക്കിടയിൽ അതീവ രഹസ്യമായി മയക്കുമരുന്ന് കടത്താൻ ഡ്രൈവർമാരെ സംഘം ബോധപൂർവ്വം ഉപയോഗിച്ചിരുന്നു. ഒന്റാറിയോയിലെ വിൻഡ്സർ, ലസാൽ, ബ്രാംപ്ടൺ, മാർക്ക്ഹാം, കാലിഡൺ ഉൾപ്പെടെയുള്ള 22 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിലായി 19 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
റെയ്ഡിൽ 973 കിലോ കൊക്കെയ്ൻ, 660 കിലോ മെത്താംഫെറ്റാമൈൻ, 49 കിലോ കറുപ്പ് എന്നിവയ്ക്ക് പുറമെ ഒരു ആന്റി ടാങ്ക് റൈഫിൾ ഉൾപ്പെടെ 17 ആയുധങ്ങളും പിടിച്ചെടുത്തു. കൂടാതെ വൻതോതിൽ പണം, ആഡംബര ആഭരണങ്ങൾ, 43 മൊബൈൽ ഫോണുകൾ, ആറ് ലാപ്ടോപ്പുകൾ എന്നിവയും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗഗൻദീപ് തിൻഡാൽ, സിമർജിത് സിങ്, കൻവാർപാൽ കുലാർ, ജതീന്ദർപാൽ സിങ്, ജസ്വിന്ദർ സോഹി, തേജവിന്ദർ സന്ധു, ഹർജവിന്ദർ സന്ധു, ടർമിന്ദർ സിങ്, ഗുന്ദീപ് തരിവാൾ, മെഹക്പ്രീത് സിങ്, കാരാൻദീപ് സിങ് എന്നിവരാണ് പിടിയിലായ ഇന്ത്യൻ വംശജർ.
അന്താരാഷ്ട്ര അതിർത്തികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം ലഹരി മാഫിയകളെ തകർക്കുന്നതിനായി അമേരിക്കൻ ഏജൻസികളായ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസും, ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനും സംയുക്തമായാണ് പരിശോധനകൾ നടത്തിയത്. കാനഡയിലെയും യുഎസിലെയും വിവിധ സുരക്ഷാ ഏജൻസികൾ മാസങ്ങളോളം സംയുക്തമായി നടത്തിയ നീക്കമാണ് ഈ വൻ ശൃംഖലയെ തകർക്കാൻ സഹായിച്ചത്. പിടിയിലായ പ്രതികൾക്കെതിരെ ലഹരിക്കടത്ത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി നിയമനടപടികൾ ആരംഭിച്ചു.
Content Highlights: Canadian authorities bust a $139M cross-border drug network, arresting 19, including Indian-origin truck drivers.
Published: 26 Jul 2026, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented