കാസര്‍കോട്: കുമ്പള കോയിപ്പാടിയിലെ ബി.എം.എസ്. പ്രവര്‍ത്തകന്‍ വിനുവിനെ കൊലപ്പെടുത്തിയ കേസില്‍ കുമ്പള ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. സി.പി.എം. കുമ്പള ലോക്കല്‍ കമ്മിറ്റിയംഗവും കുമ്പള പഞ്ചായത്തംഗവുമായ എസ്.കൊഗ്ഗു (45), ശാന്തിപ്പള്ളത്തെ ബാലന്‍ (56), ലക്ഷംവീട് കോളനിയിലെ മുഹമ്മദ് കുഞ്ഞി (59) എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് കീഴടങ്ങല്‍. കേസിലെ മറ്റൊരു പ്രതിയായ ബാലകൃഷ്ണന്‍ മരിച്ചിരുന്നു.

To advertise here,

കൊഗ്ഗു അടക്കമുള്ള പ്രതികളെ ജില്ലാ സെഷന്‍സ് കോടതി ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ വിധി ഹൈക്കോടതി സ്റ്റേ ചെയ്യുകയും 2021 ഡിസംബറില്‍ ശിക്ഷ നാലുവര്‍ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ സ്വീകരിച്ച കോടതി നാലാഴ്ചയ്ക്കുള്ളില്‍ ജില്ലാകോടതിയില്‍ കീഴടങ്ങാന്‍ നിര്‍ദേശം നല്‍കി. കീഴടങ്ങിയ വിവരമുള്‍പ്പെടുന്ന രേഖകള്‍ സുപ്രിം കോടതിയില്‍ ഹാജരാക്കിയാലേ അപ്പീല്‍ പരിഗണിക്കുകയുള്ളൂ.

1998 ഒക്ടോബര്‍ ഒന്‍പതിനാണ് വിനു കോയിപ്പാടി കൊല്ലപ്പെട്ടത്. വിനു ജോലി ചെയ്തിരുന്ന പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വിനുവിനെ കുത്തിക്കൊല്ലുകയായിരുന്നു.

കുമ്പള പഞ്ചായത്തംഗവും സ്ഥിരം സമിതി അധ്യക്ഷനുമായ കൊഗ്ഗുവിന്റെ ശിക്ഷ ശരിവച്ചതോടെ രാഷ്ട്രീയവിവാദമുണ്ടായി. ബി.ജെ.പി. പിന്തുണയോടെയാണ് സി.പി.എം. പ്രതിനിധിയായ കൊഗ്ഗു സ്ഥിരംസമിതി അധ്യക്ഷനായതെന്ന ആരോപണം ബി.ജെ.പി.യില്‍ ഉള്‍പാര്‍ട്ടി കലഹങ്ങളുണ്ടാക്കി. ബി.ജെ.പി.യുടെ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകര്‍ പൂട്ടിയിടുന്ന സ്ഥിതിയുണ്ടായി. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കൊഗ്ഗു സ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചത്. പിന്നീട് കൊഗ്ഗുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ താത്കാലികമായി അയോഗ്യനാക്കി. കുമ്പള ഏരിയ സെക്രട്ടറി സി.എ.സുബൈറിനും പത്തിലധികം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് പ്രതികള്‍ കോടതിയിലെത്തിയത്.