ഭോപ്പാല്: മധ്യപ്രദേശില് കര്ഷകനെ ബിജെപി നേതാവ് ക്രൂരമായി കൊലപ്പെടുത്തിയതായി ആരോപണം. ഭോപ്പാലില് നിന്ന് 200 കിലോമീറ്റര് അകലെയുള്ള ഗുണ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിനെതിരെയാണ് ആരോപണം. കര്ഷകനായ 40-കാരന് രാംസ്വരൂപ് ധാക്കദാണ് കൊല്ലപ്പെട്ടത്. ഭൂമിയുമായി ബന്ധപ്പെട്ട തര്ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റും ഗുണ കിസാന് മോര്ച്ചയുടെ മുന് ഭാരവാഹിയുമായ മഹേന്ദ്ര നാഗറിനെതിരെയാണ് ആരോപണം. നാഗറും സ്ത്രീകളടക്കമുള്ള കൂട്ടാളികളും രാംസ്വരൂപിനെ ക്രൂരമായി മര്ദിച്ച് കൈകാലുകള് ഒടിക്കുകയും ശേഷം ഥാര് ജീപ്പ് ശരീരത്തിലൂടെ കയറ്റുകയുമായിരുന്നു. തോക്കുപയോഗിച്ച് സംഘം നിലയുറപ്പിച്ചതിനാല് ആര്ക്കും ഇയാളെ രക്ഷിക്കാന് ശ്രമിക്കാന് പോലും സാധിച്ചില്ല.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ക്രൂര കൊലപാതകം. രാംസ്വരൂപ് ഭാര്യയോടൊപ്പം വയലിലേക്ക് പോകുന്നതിനിടെ നാഗറും കൂട്ടാളികളും പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളും പോലീസ് വൃത്തങ്ങളും പറയുന്നത്. നാഗറും 14-ഓളം പേരടങ്ങുന്ന സംഘവും ആയുധങ്ങള് ഉപയോഗിച്ച് രാംസ്വരൂപിനെ ക്രൂരമായി മര്ദിച്ച ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തുകയായിരുന്നു.
സംഭവമറിഞ്ഞ് അച്ഛനെ രക്ഷിക്കാനെത്തിയ പെണ്മക്കളെയും ഇവര് ഗ്രാമവാസികളുടെ മുന്നില് വെച്ച് വലിച്ചിഴച്ച് മര്ദിച്ചു. ഇവരുടെ വസ്ത്രങ്ങള് വലിച്ചു കീറുകയും ചെയ്തു. മര്ദനത്തിനു ശേഷം ഏകദേശം ഒരു മണിക്കൂറോളം രാംസ്വരൂപ് അവിടെ കിടന്നു. അക്രമി സംഘം നാട്ടുകാരെ തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രാംസ്വരൂപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞു. ഒടുവില് ഇവര് പോയശേഷം നാട്ടുകാര് രാംസ്വരൂപിനെ ഗുണ ജില്ലാ ആശുപത്രിയില് എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഞായറാഴ്ച രാത്രിയോടെ മഹേന്ദ്ര നാഗറടക്കം ഇയാളുടെ കുടുംബത്തിലെ മൂന്ന് സ്ത്രീകള് ഉള്പ്പെടെ 14 പേര്ക്കെതിരേ പോലീസ് കേസെടുത്തു. കൊലപാതകം, ഗൂഢാലോചന, ആക്രമണം, സ്ത്രീകളുടെ മാന്യതയെ അപമാനിക്കല് എന്നിവയുള്പ്പെടെ ഭാരതീയ ന്യായ സംഹിത (ബിഎന്എസ്) യുടെ ഒന്നിലധികം വകുപ്പുകള് പ്രകാരമാണ് കേസ്.
ബാക്കിയുള്ള പ്രതികളെ പിടികൂടാന് പോലീസ് തിരച്ചില് തുടങ്ങിയിട്ടുണ്ടെന്ന് ബാമുരിയിലെ സബ് ഡിവിഷണല് പോലീസ് ഓഫീസര് വിവേക് അസ്താന പറഞ്ഞു. കേസെടുത്തതിനു പിന്നാലെ മഹേന്ദ്ര നാഗറിനെ പാര്ട്ടിയില് നിന്ന് ഉടന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുതിര്ന്ന നേതാക്കള്ക്ക് കത്ത് നല്കിയിട്ടുണ്ടെന്ന് ഗുണ ബിജെപി പ്രസിഡന്റ് ധര്മ്മേന്ദ്ര സിക്കര്വാര് പറഞ്ഞു.
Content Highlights: A local BJP leader in Madhya Pradesh is accused of brutally murdering a farmer by beating him, breaking his limbs, and running a Thar jeep over his body over a land dispute.
Published: 27 Oct 2025, 04:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented