ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിൽ. ബെംഗളൂരു ഹെബ്ബാഗൊഡിയിൽ താമസിക്കുന്ന അമൽ എൻ. അജികുമാറിനെ(23)യാണ് ഹെബ്ബാഗൊഡി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ താമസസ്ഥലത്തുനിന്ന് നിരവധി സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് കണ്ടെടുത്തതെന്നും ഇതെല്ലാം പ്രതി വിവിധയിടങ്ങളിൽനിന്ന് മോഷ്ടിച്ചതാണെന്നും പോലീസ് പറഞ്ഞു.

To advertise here,

ഹെബ്ബാഗൊഡി വിദ്യാനഗർ മേഖലയിൽ വീടിന് പുറത്ത് അലക്കിയിടുന്ന അടിവസ്ത്രങ്ങൾ മോഷണം പോകുന്നത് പതിവായതോടെയാണ് പോലീസിൽ പരാതിയെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അമൽ എൻ. അജികുമാറാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇയാളുടെ താമസസ്ഥലത്ത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.

അടിവസ്ത്രങ്ങൾ മോഷ്ടിച്ചശേഷം ഇവ ധരിച്ച് മൊബൈൽഫോണിൽ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നതായിരുന്നു യുവാവിന്റെ രീതി. ഇതിനുശേഷം അടിവസ്ത്രങ്ങൾ താമസസ്ഥലത്ത് എല്ലാവരും കാണുന്നരീതിയിൽ പ്രദർശിപ്പിക്കുന്നതും പതിവായിരുന്നു. പ്രതിയുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി അടിവസ്ത്രങ്ങളാണ് കണ്ടെടുത്തത്. ഇവയെല്ലാം സമീപപ്രദേശങ്ങളിലെ വീടുകളിൽനിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു. പ്രതിയുടെ മൊബൈൽഫോണിൽ വിവിധ അടിവസ്ത്രങ്ങൾ ധരിച്ചുള്ള നിരവധി ദൃശ്യങ്ങളും ഉണ്ടായിരുന്നു.

മലയാളിയായ അമൽ എൻ. അജികുമാർ ആറുമാസം മുൻപാണ് ബെംഗളൂരുവിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ ഇയാൾക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഹെബ്ബാഗൊഡി മേഖലയിലെ ഒരു വാടകവീട്ടിൽ സുഹൃത്തിനൊപ്പമാണ് ഇയാൾ താമസിച്ചുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.