ബെംഗളൂരു: സ്വകാര്യ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥിനിയുടെ മരണത്തിൽ പ്രിൻസിപ്പലടക്കം ആറ് പ്രൊഫസർമാർക്കെതിരേ പോലീസ് കേസെടുത്തു. ആനേക്കൽ ബൊമ്മസാന്ദ്രയിലെ ഓക്‌സ്ഫോർഡ് ഡെന്റൽ കോളേജിലെ അധ്യാപകർക്കെതിരേയാണ് കേസെടുത്തത്. കോളേജിലെ മൂന്നാംവർഷ ബിഡിഎസ് വിദ്യാർഥിനി ബി. യശ്വസ്വിനി ജീവനൊടുക്കിയ സംഭവത്തിൽ, വിദ്യാർഥിനിയുടെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് നടപടി.

To advertise here,

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യശസ്വിനിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസികപീഡനവും നിറത്തെച്ചൊല്ലിയുള്ള പരിഹാസവുമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു യശ്വസ്വിനിയുടെ അമ്മ പരിമളയുടെ പരാതി. രൂപഭംഗിയുടെ പേരിലും നിറത്തിന്റെ പേരിലും തുടർച്ചയായ അവഹേളനം നേരിട്ടു. ഇരുണ്ടനിറമുള്ള നിനക്ക് ഡോക്ടറാകാൻ അർഹതയുണ്ടോ എന്നുവരെ സഹപാഠികളുടെ മുന്നിൽവെച്ച് അധ്യാപകർ മകളോട് ചോദിച്ചതായും ഇവർ ആരോപിച്ചിരുന്നു.

മാനസികമായി ഏറെതളർന്ന നിലയിലാണ് ദിവസവും മകൾ കോളേജ് വിട്ട് വീട്ടിലെത്തിയിരുന്നത്. അടുത്തിടെ കണ്ണിന് വേദനയായതിനാൽ കോളേജിലെ ഒരു സെമിനാറിൽ യശ്വസ്വിനിക്ക് പങ്കെടുക്കാനായില്ല. ഇതിന്റെ പേരിൽ അധ്യാപകർ അപമാനിച്ചെന്നും പരാതിയിലുണ്ട്. വിദ്യാർഥിനിയുടെ മാതാവിന്റെ ആരോപണങ്ങൾ കോളേജിലെ മറ്റുവിദ്യാർഥികളും ശരിവെച്ചതായും പോലീസ് പറഞ്ഞു.

അതിനിടെ, ആരോപണവിധേയരായ ആറ് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തതായി കോളേജ് അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ആനേക്കൽ ബൊമ്മസാന്ദ്രയിലെ ഓക്‌സ്ഫോർഡ് ഡെന്റൽ കോളേജിലെ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗത്തിലെ സീനിയർ ലക്ചറർമാരായ ആൻമോൾ റസ്ദാൻ, ഷബാന ബാനു, ഫയിക കൊൽകർ, ആൽബ ദിനേഷ്, റീഡർ ആർ. സിന്ധു, പ്രൊഫസർ സുഷ്മിനി ഹെഗ്ഡെ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)