തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസ്സുകാരിയുടെ അമ്മയായ ശ്രീതു സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമനം നല്‍കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തതെന്ന പരാതിയിലാണ് ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റത്തിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഷിജു എന്നയാളുടെ പരാതിയിലാണ് നിലവില്‍ ശ്രീതുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേവസ്വംബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെന്നായിരുന്നു ഇയാളുടെ പരാതി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പണം തട്ടിയതിനും വ്യാജരേഖകള്‍ നിര്‍മിച്ചതിനും തെളിവുലഭിച്ചു. ഇതിനുപിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് റൂറല്‍ എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തികത്തട്ടിപ്പ് കേസില്‍ ഞായറാഴ്ച രാവിലെയാണ് ശ്രീതുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. റൂറല്‍ എസ്.പി. ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ ചോദ്യംചെയ്തു. തുടര്‍ന്ന് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശ്രീതുവിനെതിരേ സാമ്പത്തികത്തട്ടിപ്പ് ആരോപിച്ച് പത്തുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, നിലവില്‍ ഒരു കേസിലാണ് നടപടിയെടുത്തിട്ടുള്ളതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, രണ്ടുവയസ്സുകാരിയായ ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് കുറ്റം ഏറ്റെടുത്ത ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ റിമാന്‍ഡിലാണ്. ഇയാളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. ഒപ്പം ശ്രീതുവിനെയും വീണ്ടും ചോദ്യംചെയ്യുമെന്നാണ് സൂചന.
പ്രതിയുടെ മൊഴിമാറ്റത്തില്‍ കുഴങ്ങി പോലീസ്...
ബാലരാമപുരം: രണ്ടുവയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍നിന്നു കണ്ടെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പ്രതിയെ കസ്റ്റഡിയിലെടുെത്തങ്കിലും കുറ്റകൃത്യത്തിനുള്ള പ്രേരണ ഉറപ്പിക്കാനോ തെളിവുകള്‍ ശേഖരിക്കാനോ കഴിയാതെ പോലീസ്. ശനിയാഴ്ചയും തെളിവുതേടി സംഭവം നടന്ന വീട് പോലീസ് അരിച്ചുപെറുക്കി.
സഹോദരിയുടെ രണ്ടുവയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കുറ്റത്തിനാണ് കോട്ടുകാല്‍ക്കോണം വാറുവിളാകത്ത് വീട്ടില്‍ ഹരികുമാര്‍(24) റിമാന്‍ഡില്‍ കഴിയുന്നത്.
ഹരികുമാറിന്റെ സഹോദരി ശ്രീതുവിന്റെ മകളെയാണ് കൊലപ്പെടുത്തിയത്. ശ്രീതുവിനോടുള്ള ഹരികുമാറിന്റെ ചില അസാധാരണ വാട്സാപ്പ് ചാറ്റുകള്‍ മാത്രമാണ് നിലവില്‍ പോലീസിന്റെ പക്കലുള്ള കാര്യമായ തെളിവ്.
ഹരികുമാറിന്റെ സ്വഭാവത്തില്‍ വൈകല്യങ്ങളുള്ളതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ശ്രീതുവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശ്രമങ്ങള്‍ വിജയിക്കാത്തതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ കലാശിച്ചതെന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത്. ഇതിനിടെ, ഹരികുമാര്‍ പരസ്പരവിരുദ്ധമായി മൊഴിമാറ്റുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. കൊലപാതകത്തില്‍ പങ്കുണ്ടോയെന്നുറപ്പിക്കാന്‍, പൂജപ്പുര മഹിളാമന്ദിരത്തില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ പോലീസ് ശനിയാഴ്ച വീണ്ടും ചോദ്യംചെയ്തിരുന്നു. ഇതിനുപുറമേ, സംഭവത്തില്‍ ബന്ധമുണ്ടെന്നു സംശയിച്ച ജ്യോത്സ്യനായ ശംഖുംമുഖം ദേവീദാസനെന്ന ആര്‍.പ്രദീപ് കുമാറിനെയും അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യംചെയ്തു.
ശാസ്ത്രീയ തെളിവുകളില്ല
കൊലപാതകത്തിലേക്കു നയിക്കുന്ന പല കഥകളും ഇതിനകം പോലീസ് പുറത്തുവിട്ടെങ്കിലും ഒന്നിനും പിന്‍ബലം നല്‍കുന്ന ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാത്തതാണ് പോലീസിനെ വലയ്ക്കുന്നത്. 29-ന് രാത്രിയില്‍ ഹരികുമാര്‍, വാട്സാപ്പ് സന്ദേശം വഴി ശ്രീതുവിനോട് മുറിയിലേക്കു വരാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ശ്രീതു മുറിയിലെത്തിയെങ്കിലും ഉറങ്ങിക്കിടന്ന ദേവേന്ദു കരഞ്ഞതിനാല്‍ തിരികെപ്പോയി.
ഇതിനെത്തുടര്‍ന്ന് സഹോദരിയോടും രണ്ടുവയസ്സുകാരി ദേവേന്ദുവിനോടും തോന്നിയ വൈരാഗ്യത്താല്‍ കുട്ടിയെ എടുത്തുകൊണ്ടുപോയി കിണറ്റിലെറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 30-ന് പുലര്‍ച്ചെ ശ്രീതു ശൗചാലയത്തില്‍ പോയ സമയത്താണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് പ്രതി അടുക്കളവാതിലിലൂടെ പുറത്തെത്തി കിണറ്റിലെറിഞ്ഞത്. ദേവേന്ദുവിന്റെ ജനനത്തോടെയാണ് വീട്ടില്‍ പ്രശ്‌നങ്ങള്‍ക്കു തുടക്കമായതെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി ശ്രീതു ശനിയാഴ്ചത്തെ ചോദ്യംചെയ്യലിലും ആവര്‍ത്തിച്ചു. കൂടാതെ, ജ്യോത്സ്യന്‍ പറഞ്ഞതുപ്രകാരമാണ് ദേവേന്ദുവും ശ്രീതുവും തല മുണ്ഡനംചെയ്തതെന്നും അവര്‍ പറഞ്ഞു.
ഉദയകുമാറിന്റെ മരണത്തിലും അന്വേഷണം
കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവുശേഖരിക്കുന്നതിനുമായി നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ഹരികുമാറിനെ തിങ്കളാഴ്ച അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി ശനിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയതായി ഡിവൈ.എസ്.പി. എസ്.ഷാജി വ്യക്തമാക്കി. കഴിഞ്ഞ മാസം മരിച്ച ശ്രീതുവിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണത്തെ സംബന്ധിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. ശ്രീതുവിന്റെ അമ്മ ശ്രീകല, ജ്യോത്സ്യന്‍ ആര്‍.പ്രദീപ് കുമാര്‍ എന്നിവരെയും ചോദ്യംചെയ്യും.സംഭവദിവസം വീട്ടിലുണ്ടായിരുന്ന ദേവേന്ദുവിന്റെ സഹോദരി പൂര്‍ണേന്ദു, അച്ഛന്‍ ശ്രീജിത്ത് എന്നിവരുടെ മൊഴി വീണ്ടും എടുക്കും.
കഥകള്‍ അവിശ്വസനീയമെന്ന് നാട്ടുകാര്‍...
തിരുവനന്തപുരം: 'കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം അവിശ്വസനീയമായി തോന്നുന്നു. ഹരികുമാറിന് മാനസികപ്രശ്‌നങ്ങളുള്ളതായി തോന്നിയിട്ടില്ല. ആള്‍ക്കാരുമായി സംസാരം കുറവായിരുന്നു' -രണ്ടുവയസ്സുകാരി ദേവേന്ദുവിന്റെ മരണത്തില്‍ പ്രതിയായ ഹരികുമാറിനെക്കുറിച്ച് നാട്ടുകാര്‍ പറയുന്നതിങ്ങനെ. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. പഠനവൈകല്യമുള്ളതായി വീട്ടുകാര്‍ പറഞ്ഞറിയാം.
ഹരികുമാറിന്റെ അമ്മയുടെ സങ്കടം കേട്ട് അയല്‍വീട്ടിലൊരാള്‍ ഹരികുമാറിനെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മാനസികപ്രശ്‌നങ്ങളുടെ പേരില്‍ പലതും മറച്ചുവെക്കാനുള്ള ശ്രമമാണ് ഹരികുമാറും ശ്രീതുവും നടത്തുന്നതെന്നാണ് നാട്ടുകാരുടെ വാദം. മകളെ കാണാതായതിന്റെ വിഷമമില്ലാതെയായിരുന്നു അന്ന് ശ്രീതുവിന്റെയും വീട്ടുകാരുടെയും പെരുമാറ്റം. ആളെക്കൂട്ടി തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴും നിസ്സംഗതയോടെയായിരുന്നു പെരുമാറ്റം.
ഹരികുമാറിന്റെയും ശ്രീതുവിന്റെയും അച്ഛന്‍ ഉദയകുമാര്‍ രണ്ടാഴ്ച മുന്‍പാണ് മരിച്ചത്. ഈ മരണത്തിലും നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. ഉദയകുമാറിന് അര്‍ബുദമാണെന്നു പറഞ്ഞ് ശ്രീതു പലരില്‍നിന്നും പണം കടം വാങ്ങിയിരുന്നു.
എന്നാല്‍, ഉദയകുമാറിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. ഉദയകുമാര്‍ മരിക്കുന്നതിനു തലേദിവസവും അദ്ദേഹത്തെ കണ്ടിരുന്നു. അസുഖബാധിതനായി മരിച്ചതായി തോന്നിയിട്ടില്ല. അതിനാല്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല. നാട്ടില്‍ത്തന്നെ പലരും ശ്രീതുവിന് ധാരാളം പണം നല്‍കി സഹായിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നു. പലരില്‍നിന്നും ലക്ഷങ്ങളുടെ പണമിടപാട് നടത്തിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ ശ്രീതുവിനു ജോലിയുണ്ടെന്നാണ് അമ്മ ശ്രീലത അയല്‍ക്കാരോടു പറഞ്ഞിരുന്നത്. ശ്രീതുവിന്റെ അച്ഛന്റെ മരണം, ശ്രീതുവിന്റെ ജോലി, മറ്റു സാമ്പത്തിക ഇടപാടുകള്‍ എന്നിവ അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭര്‍ത്താവ് ശ്രീജിത്തുമായി അകല്‍ച്ചയിലായിരുന്നു ശ്രീതു. ശ്രീജിത്തിനൊപ്പം പോകാന്‍ ശ്രീതുവിനെ പലരും ഉപദേശിച്ചെങ്കിലും അവര്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നു.
Content Highlights: Shreethu, mother of a murdered toddler, arrested in Thiruvananthapuram
Published: 02 Feb 2025, 06:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented