ഹരിപ്പാട്: കരുവാറ്റയിൽ എ.ടി.എമ്മിൽനിന്നു 10,000 രൂപ കവർന്ന കേസിൽ യു.പി. സ്വദേശികളായ രണ്ടുപേർ പിടിയിൽ. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി രാഹുൽ മൗര്യ (29), മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള ധർമേന്ദ്ര സാഹു (33) എന്നിവരാണ് പിടിയിലായത്.ആലപ്പുഴയിൽ വാടകയ്ക്കു താമസിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എ.ടി.എം. കവർച്ചയ്ക്കു പദ്ധതിയിട്ട പ്രതികൾ നാട്ടിലേക്കു മടങ്ങുന്നതിനു തൊട്ടുമുൻപാണ് കലവൂരിൽനിന്ന്‌ ഹരിപ്പാട് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന്‌ നാല്പതോളം എ.ടി.എം. കാർഡുകൾ കണ്ടെടുത്തിട്ടുണ്ട്.

To advertise here,

എ.ടി.എമ്മിൽനിന്നു പണം എടുക്കുമെങ്കിലും ബാങ്ക് സെർവറിൽ ഈ വിവരം രേഖപ്പെടുത്താത്തവിധത്തിലെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെടാത്തതിനാൽ തട്ടിപ്പ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടില്ല. എ.ടി.എം. പ്രവർത്തിപ്പിക്കുന്ന സ്വകാര്യകമ്പനികൾക്കാണ് നഷ്ടമുണ്ടാകുന്നത്. പലപ്പോഴും ഏറെവൈകിമാത്രമാണ് ഇക്കാര്യം തിരിച്ചറിയുന്നത്. സംസ്ഥാനത്ത് ഇതുവരെ പിടിക്കപ്പെടാത്ത വിധത്തിലെ ഹൈടെക് തട്ടിപ്പാണു നടന്നിരിക്കുന്നതെന്ന് പോലീസിന്റെ സൈബർ വിഭാഗം സ്ഥിരീകരിക്കുന്നുണ്ട്.

തുമ്പായത് സ്കൂട്ടറിന്റെ നമ്പർ, ഷൂസിന്റെ നിറം

കരുവാറ്റയിൽ കെ.എൽ. 04-ടി-5011 നമ്പർ സ്കൂട്ടറിലാണ് മോഷ്ടാക്കളെത്തിയത്. ഇത്‌ മറ്റൊരു വാഹനത്തിന്റെ നമ്പരായിരുന്നു. പോലീസ് സംഘം നമ്പരിലെ വിട്ടുപോയ അക്ഷരം കണ്ടെത്തി. നമ്പരിലെ എ.ടി. എന്നതിലെ എ ഒഴിവാക്കിയാണ് തട്ടിപ്പുകാർ യാത്രചെയ്തത്. ആലപ്പുഴ കലവൂരിൽനിന്നു വാടകയ്ക്കെടുത്ത സ്കൂട്ടറായിരുന്നു ഇതെന്ന് പോലീസ് കണ്ടെത്തി.

കായംകുളത്തെ ഒരു എ.ടി.എമ്മിൽ കഴിഞ്ഞദിവസം മോഷണശ്രമം നടന്നു. കരുവാറ്റയിലെ മോഷ്ടാക്കൾ ധരിച്ച വസ്ത്രങ്ങളായിരുന്നില്ല. എന്നാൽ, അവിടെയെത്തിയവർ ധരിച്ചിരുന്ന വെള്ള ഷൂസ് ഇവരുടെ കാലിലും കണ്ടു. ഇവർ ദേശീയപാതയിലൂടെ യാത്രചെയ്ത സി.സി.ടി.വി. ദൃശ്യങ്ങൾ പിന്തുടർന്ന് ആലപ്പുഴയിലെ താമസസ്ഥലം തിരിച്ചറിഞ്ഞു. പ്രതികൾ സ്കൂട്ടർ മടക്കിക്കൊടുക്കാനെത്തിയപ്പോഴാണ് പിടിയിലായതെന്നാണറിയുന്നത്.

തട്ടിപ്പിന്റെ സാങ്കേതികവശം ഇങ്ങനെ

എ.ടി.എമ്മിൽനിന്നു പണം പുറത്തേക്കു വരുന്നതോടെയാണ് ഇടപാട് പൂർണമാകുന്നത്. ഈ സമയത്ത് കീപാഡിൽ തുടർച്ചയായി അമർത്തുന്നതോടെ സിസ്റ്റം ഹാങ് ആകുമെങ്കിലും പണം പുറത്തേക്കു വരും. അപ്പോൾത്തന്നെ മുൻഭാഗത്തെ മൂടി അടർത്തിമാറ്റി അകത്തുള്ള റീ സ്റ്റാർട്ട് ബട്ടൺ അമർത്തും. ഇതോടെ ഇടപാട് ബാങ്ക് സെർവറിൽ രേഖപ്പെടുത്തുന്നത് ഒഴിവാകും. പകരം ഇടപാട് റദ്ദായതായി പരിഗണിക്കപ്പെടും.

ഇത്തരം തട്ടിപ്പിനു പ്രതികൾ വ്യാജവിലാസത്തിൽ തരപ്പെടുത്തുന്ന എ.ടി.എം. കാർഡുകളാണ് ഉപയോഗിക്കുന്നത്. ഈ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിരിക്കും. എ.ടി.എമ്മിലൂടെ എടുത്താലും അക്കൗണ്ടിൽ കുറവുകാണിക്കുകയില്ല.

കരുവാറ്റയിൽ സംഭവിച്ചത് ഡിസംബർ 19, ഉച്ചയ്ക്ക് 12.30

ദേശീയപാതയോരത്ത് ആശ്രമം ജങ്ഷനിലെ ടാറ്റ കമ്പനി എ.ടി.എം. ഹെൽമെറ്റ് ധരിച്ച രണ്ടുപേർ കൗണ്ടറിൽ കയറുന്നു. ഒരാൾ കാർഡിട്ട് എ.ടി.എം. യന്ത്രത്തിൽ വിവരങ്ങൾ നൽകുന്നു. പണം വരുന്നതിനു തൊട്ടുമുമ്പ് കീ പാഡിൽ തുടർച്ചയായി അമർത്തുന്നു. അലാറം മുഴങ്ങുന്നതിനിടെ പണം പുറത്തേക്ക് വരുന്നു. ആ നിമിഷം ഒപ്പമുണ്ടായിരുന്ന ആൾ യന്ത്രത്തിന്റെ മുൻഭാഗം വലിച്ചുതുറന്ന് അകത്തുള്ള റീസെറ്റ് ബട്ടൺ അമർത്തുന്നു. അലാറം നിലച്ചു. യന്ത്രത്തിന്റെ മൂടി വലിച്ചടയ്ക്കുന്നു. ഒരു നിമിഷത്തിനുശേഷം വീണ്ടും മൂടി തുറക്കാൻ ശ്രമം. ശബ്ദംകേട്ട് അടുത്തുള്ള കടയിലെ ജീവനക്കാരി എ.ടി.എം. കൗണ്ടറിന്റെ വാതിൽ തുറന്നു നോക്കുന്നു. തട്ടിപ്പുകാർ പുറത്തിറങ്ങി സ്കൂട്ടറിൽ കയറിപ്പോകുന്നു.