കടുത്തുരുത്തി: “എത്രകാലം കഴിഞ്ഞാലും സത്യം ജയിക്കുമെന്ന ആത്മവിശ്വാസമാണ് തന്നെ ജീവിതത്തിൽ പിടിച്ചുനിർത്തിയത്”- മധുരവേലി ചാന്തുരുത്തിൽ സി.ഡി. ജോമോ(48)ന്റെ വാക്കുകളാണിത്. വ്യാജ പീഡനപരാതിമൂലം ഏഴു വർഷത്തിലധികം വേട്ടയാടപ്പെട്ട ജോമോനിത് ഉയിർപ്പിന്റെ കാലം. താൻ നൽകിയത് വ്യാജപരാതിയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് ജോമോന് ആശ്വാസമായത്.
“സത്യം പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. എല്ലാവരും കുറ്റവാളിയെപ്പോലെ നോക്കുന്ന ദയനീയസ്ഥിതി. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. പകലിനെപ്പോലും ഭയന്നു. സ്വന്തം സ്ഥാപനം തകർന്നു. പെയിന്റിങ്ങിനും കൂലിപ്പണിക്കും പോയി. ഭാര്യയെയും മക്കളെയും നോക്കണമല്ലോ. കുടുംബം ഒപ്പം നിന്നത് മാത്രമായിരുന്നു ആശ്വാസം.” -ജോമോൻ പറയുന്നു.
സംഭവം ഇങ്ങനെ-ജോമോൻ കുറുപ്പന്തറയിൽ സ്വന്തമായി പാരാമെഡിക്കൽ സ്ഥാപനം നടത്തുകയായിരുന്നു. ഒട്ടേറെ കുട്ടികൾ പഠിക്കാൻ വന്നിരുന്നു. ഒരു വിദ്യാർഥിനി, സ്ഥാപനം ഉടമയും അധ്യാപകനുമായ ജോമോന് എതിരേ പീഡനപരാതി നൽകി. പരാതി നൽകുന്നതിനു മുമ്പേ പണം ആവശ്യപ്പെട്ട് പലരും ഇദ്ദേഹത്തെ വിളിച്ചിരുന്നു. പണം നൽകിയില്ല. ജോമോൻ അറസ്റ്റിലായി. ഒരുമാസം കോട്ടയം ജില്ലാ ജയിലിൽ. ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ വേണ്ടപ്പെട്ടവർപ്പോലും തള്ളിപ്പറയാൻ തുടങ്ങി. സ്ഥാപനം ഇല്ലാതായി. ജീവിതം സങ്കടക്കടലിലായി.
ഈ വിവരമെല്ലാം പരാതിക്കാരി സഹപാഠികളിൽനിന്നും മനസ്സിലാക്കി. ജനുവരിയിൽ കോട്ടയം സെഷൻസ് കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ, ജോമോൻ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞതോടെ ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടു. മൂന്നാഴ്ച മുമ്പ് മധുരവേലി പള്ളിയിലെ ധ്യാനത്തിൽ പങ്കെടുക്കാനായെത്തിയ പരാതിക്കാരിയും കുടുംബവും അന്നത്തേത് വ്യാജ പരാതിയായിരുന്നുവെന്ന് ഏറ്റുപറഞ്ഞു. പരസ്യമായി ക്ഷമയും ചോദിച്ചു. നിയമത്തിനും പൊതുസമൂഹത്തിനും മുന്നിൽ സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജോമോൻ പറഞ്ഞു.
Content Highlights: assault case fake complaint kottayam
Published: 18 Apr 2025, 08:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented