മണ്ണഞ്ചേരി: മണ്ണഞ്ചേരിയിലെ മോഷണക്കേസില്‍ എറണാകുളം കുണ്ടന്നൂരില്‍നിന്ന് സാഹസികമായി പിടികൂടിയ സന്തോഷ് ശെല്‍വം (25) കുറുവസംഘത്തിലെ മുഖ്യനെന്ന് ആലപ്പുഴ പോലീസ്. തമിഴ്‌നാട് കാമാച്ചിപുരം സ്വദേശിയായ ഇയാള്‍ ഉള്‍പ്പെടുന്ന 14 പേരുടെ തിരുട്ടുസംഘമാണ് സംസ്ഥാനത്ത് മോഷണത്തിന് എത്തിയിരിക്കുന്നത്. ഇയാള്‍ക്കൊപ്പം പിടിയിലായ സുഹൃത്ത് മണികണ്ഠന്‍ (30) കള്ളനല്ലെന്നു പോലീസ് പറഞ്ഞു. മോഷണങ്ങള്‍ക്കുപിന്നില്‍ താനാണെന്നു സമ്മതിച്ച സന്തോഷ്, ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചു പറഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലും കേരളത്തിലുമായി മുപ്പതോളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

To advertise here,

ശനിയാഴ്ച രാത്രിയില്‍ കുണ്ടന്നൂര്‍ പാലത്തിനു താഴെനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. മണ്ണഞ്ചേരിയില്‍, മോഷ്ടിച്ച സ്ഥലത്ത് ശനിയാഴ്ച രാത്രിയില്‍ത്തന്നെ ഇയാളെ എത്തിച്ചിരുന്നു. തുടര്‍ന്ന്, മോഷണസമയത്ത് ഉപയോഗിച്ച അതേവസ്ത്രം ധരിപ്പിച്ച് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. മോഷണത്തിനുശേഷം കിട്ടിയ സി.സി.ടി.വി. ദൃശ്യങ്ങളുമായി ഇവ ഒത്തുനോക്കി. ഇരു ദൃശ്യങ്ങളിലുമുള്ളത് ഒരാളു തന്നെയാണെന്നു വ്യക്തമായി. പ്രതിയുടെ നെഞ്ചില്‍ പച്ചകുത്തിയിട്ടുണ്ട്. ഇതും ചിത്രങ്ങളില്‍ വ്യക്തമായതോടെ സന്തോഷ് തന്നെയാണ് കള്ളനെന്നു സ്ഥിരീകരിക്കാനായി.

മുന്‍പ് മോഷണം നടത്തിയിരുന്നവരുടെ സംഘങ്ങളില്‍നിന്നാണ് പോലീസിനു സന്തോഷിന്റെ സംഘത്തെപ്പറ്റി സൂചന കിട്ടിയത്. എറണാകുളത്തു താമസിച്ച് സ്ഥിരമായി ആലപ്പുഴയിലേക്കു യാത്രചെയ്യുന്നവരുടെ പട്ടികയിലും സന്തോഷ് ഉണ്ടായിരുന്നു. മണ്ണഞ്ചേരിയില്‍നിന്നു മോഷ്ടിച്ച സാധനങ്ങള്‍ കണ്ടെടുത്തിട്ടില്ല. എന്നാല്‍, ചില ഉരുപ്പടികള്‍ ഇവര്‍ താമസിക്കുന്ന കുണ്ടന്നൂരിലെ കൂടാരത്തില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.

പകല്‍ കുട്ടവഞ്ചിയില്‍ മീന്‍ പിടിക്കുന്നവരായി കഴിയും. രാത്രിയായാല്‍ ട്രെയിനിലും ബസ്സിലും കയറി സ്ഥലങ്ങള്‍ കണ്ടെത്തി മോഷ്ടിക്കും. ലക്ഷ്യമിടുന്ന വീടുകളിലേക്കു നടന്നുപോകുന്നതാണു രീതി. ആസമയം മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറില്ലെന്നും തെളിവുകള്‍ അവശേഷിപ്പിക്കാറില്ലെന്നും ആലപ്പുഴ ഡിവൈ.എസ്.പി. മധുബാബു പറഞ്ഞു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുമെന്നും സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങിയശേഷം അന്വേഷണം ഊര്‍ജിതമാക്കുമെന്നും പോലീസ് വ്യക്തമാക്കി.

ഒക്ടോബര്‍ 29-ന് മണ്ണഞ്ചേരിക്കടുത്ത് നേതാജി ജങ്ഷനുസമീപം മണ്ണേഴത്ത് രേണുകയുടെ വീട്ടിലാണ് സന്തോഷും സംഘവും മോഷണത്തിനു ശ്രമിച്ചത്. ഈ വീടിനുസമീപത്തെ സി.സി.ടി.വി.യില്‍ പ്രതികളുടെ ചിത്രങ്ങള്‍ പതിഞ്ഞതാണ് വഴിത്തിരിവായത്. സംഘം പിന്നീട് റോഡുമുക്കിനു പടിഞ്ഞാറ് മാളിയേക്കല്‍ കുഞ്ഞുമോന്റെ വീട്ടിലെത്തി ഭാര്യ ഇന്ദുവിന്റെ മൂന്നരപ്പവന്റെ താലിമാല കവര്‍ന്നു. ശേഷം, കോമളപുരം പടിഞ്ഞാറ് നായ്ക്ക്യാംവെളിയില്‍ അജയകുമാറിന്റെ ഭാര്യയുടെ താലിമാലയും മോഷ്ടിച്ചു.

ആന്റി കുറുവ സ്‌ക്വാഡ്; മോഷണസംഘത്തിലേക്കെത്തിയത് ചടുല നീക്കത്തിലൂടെ

മണ്ണഞ്ചേരി: നാട്ടുകാരുടെ ഉറക്കംകെടുത്തിയ കുറുവ സംഘത്തിലെ കണ്ണിയിലേക്ക് എത്താന്‍ പോലീസെടുത്തത് ദിവസങ്ങള്‍ മാത്രം. കഴിഞ്ഞ 29-ന് കുറുവ സംഘത്തിലെ കണ്ണി എന്നു സംശയിക്കുന്ന സംഘം നേതാജി ജങ്ഷനുസമീപം മണ്ണേഴത്ത് രേണുകയുടെ വീട്ടില്‍ മോഷണശ്രമം നടത്തിയതോടെ പോലീസ് ഇവര്‍ക്കായുള്ള വല വിരിച്ചു. ആന്റി കുറുവ സ്‌ക്വാഡ് എന്നു പേരിട്ട് അന്വേഷണസംഘം രൂപവത്കരിച്ചു. കാട്ടൂരിലെ സുഭദ്ര കൊലക്കേസ് അന്വേഷിച്ച സംഘത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി പുതിയ സംഘത്തെ നിയമിക്കുകയായിരുന്നു. മോഷണസംഘത്തിലെ മറ്റുള്ളവരെപ്പറ്റി സൂചന ലഭിച്ചതായും അവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. സംസ്ഥാനത്ത് ഒട്ടേറെ മോഷണക്കേസുകളില്‍പ്പെട്ട സംഘത്തിലെ കണ്ണിയാണ് സന്തോഷ് ശെല്‍വം. ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട് എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. എം.ആര്‍. മധു ബാബു, മണ്ണഞ്ചേരി എസ്.എച്ച്.ഒ. ടോള്‍സന്‍ പി. ജോസഫ്, പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ആര്‍. ബിജു, എസ്.ഐ.മാരായ ടി.ഡി. നെവിന്‍, മോഹന്‍കുമാര്‍, സുധീര്‍, സജികുമാര്‍, യു. ഉല്ലാസ്, കെ.എസ്. ഷൈജു, വിപിന്‍ദാസ്, ആര്‍. ശ്യാം, ആര്‍. ശ്യാംകുമാര്‍, മനു പ്രതാപ്, സിദ്ദിഖ് തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്.