തിരുവനന്തപുരം: ആർഎസ്എസ് ക്യാമ്പിൽ ലൈംഗിക പീഡനത്തിനിരയായെന്ന് ആരോപിച്ചശേഷം കോട്ടയം വഞ്ചിമല സ്വദേശി അനന്തു അജി(24) ജീവനൊടുക്കിയ സംഭവത്തിൽ കേസെടുക്കാനാകാതെ പോലീസ്. രണ്ടു പതിറ്റാണ്ടു മുൻപുനടന്ന പീഡനത്തിൽ മൊഴി ഉൾപ്പെടെയുള്ളവ വേണമെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.

To advertise here,

കഴിഞ്ഞ വ്യാഴാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടത്. കുട്ടിക്കാലത്ത് ആർഎസ്എസ് ശാഖയിൽവെച്ച് തന്നെ അയൽവാസി ലൈംഗികപീഡനത്തിന് ഇരയാക്കിയിരുന്നതായും അതു തന്നെ വിഷാദരോഗിയാക്കിയെന്നും ആരോപിച്ച് സാമൂഹികമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ.

അയൽവാസിയായ നിതീഷ് മുരളീധരന്റെ പേരെടുത്തുപറഞ്ഞായിരുന്നു വീഡിയോ. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു മാത്രമാണ് ഇപ്പോൾ തമ്പാനൂർ പോലീസ് കേസെടുത്തിട്ടുള്ളത്. അനന്തുവിന്റെ വീട്ടുകാരോ ബന്ധുക്കളോ ഇതുവരെ പരാതി നൽകിയിട്ടില്ല. ഡിവൈഎഫ്‌ഐയും യൂത്ത്‌ കോൺഗ്രസുമാണ് പരാതികൾ നൽകിയിട്ടുള്ളത്. ഇതിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്.

അതേസമയം, സാമൂഹിക മാധ്യമങ്ങളിൽ അനന്തു പോസ്റ്റ് ചെയ്ത വീഡിയോ തെളിവായെടുത്ത് കേസ് ചാർജ് ചെയ്യാമെന്ന് കഴിഞ്ഞദിവസം അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി പോലീസിനു നിയമോപദേശം നൽകിയിരുന്നു.

അതിനിടെ, അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് സിപിഐയുടെ രാജ്യസഭാ കക്ഷിനേതാവ് പി. സന്തോഷ്‌കുമാർ പരാതി നൽകി. എസ്‌ഐടി രൂപവത്കരിക്കുകയോ ഉചിതമായ ഏതെങ്കിലും ഏജൻസിക്ക് നിർദേശം നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ടു.