കൊച്ചി: മൂന്ന് ദിവസത്തോളം നീണ്ട യാത്ര, മൂവായിരം കിലോമീറ്റർ, ഇൻസ്റ്റഗ്രാം ചാറ്റ് നൽകിയ തുമ്പും ഫോൺ ലൊക്കേഷൻ മാത്രം നോക്കി നടത്തിയ അന്വേഷണവുമാണ് ആലുവയിൽ നിന്നും കാണാതായ പന്ത്രണ്ടുകാരിയെ പോലീസിന്റെ കൈകളിലെത്തിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങി വരാമെന്ന് പറഞ്ഞ് പോയ പന്ത്രണ്ടുകാരിയെ ആലുവ പോലീസ് കണ്ടെത്തിയത് പുണെയിൽ നിന്നുമാണ്.
പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൊല്ലം സ്വദേശി അഭിജിത്തി(26)നെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടിയുടെ അമ്മയുടെ കൈയിലുണ്ടായിരുന്ന ഫോണും കുട്ടി വീട്ടിൽ നിന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങളും മാത്രമായിരുന്നു പോലീസിന്റെ കൈയിൽ ആകെയുണ്ടായിരുന്ന വിവരങ്ങൾ. കാസർകോട് ആയിരുന്നു കുട്ടിയുടെ കൈയിലുണ്ടായിരുന്ന ഫോണിന്റെ അവസാനത്തെ ടവർ ലൊക്കേഷൻ കാണിച്ചത്.
പെൺകുട്ടി ഒറ്റക്കല്ല പോയതെന്ന് ആദ്യമേ മനസിലാക്കിയ അന്വേഷണ സംഘം മറ്റ് സാധ്യതകൾ കൂടി അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് കൂടെയുണ്ടായിരുന്ന അഭിജിത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഒടുവിൽ അഭിജിത്തിന്റെ ടവർലൊക്കേഷൻവെച്ച് മാത്രം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോലീസ് 3000 കിലോമീറ്ററിൽ അധികം ദൂരത്ത് നിന്നും പെൺകുട്ടിയെ കണ്ടെത്തിയത്.
ചെറായിയിൽ ഐസ്‌ക്രീം വിൽപ്പന നടത്തിയിരുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ അഭിജിത്താണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും തമ്മിലുള്ള ഇൻസ്റ്റഗ്രാം ചാറ്റ് മാസങ്ങൾക്ക് മുമ്പ് വീട്ടിൽ അറിഞ്ഞിരുന്നു. തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ഉപദേശിച്ചിരുന്നെങ്കിലും ഇരുവരും സൗഹൃദം തുടരുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങി വരാമെന്ന് പറഞ്ഞ് പോയ കുട്ടിയെ കാണാതായത്. എന്നാൽ ആദ്യ ഘട്ടത്തിൽ യാതൊരു തുമ്പും ഇല്ലാതിരുന്ന കേസിൽ വഴിത്തിരിവായത് ഇരുവരും തമ്മിൽ നടത്തിയ ഇൻസ്റ്റഗ്രാം ചാറ്റ് ആണ്. കുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി പരിശോധിച്ചതിൽ നിന്നുമാണ് കുട്ടി അഭിജിത്തിനൊപ്പമാണ് പോയത് എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
പിന്നെ കുട്ടിയെ കണ്ടെത്താനുള്ള ഏക മാർഗം അഭിജിത്തിന്റെ ഫോൺ ലൊക്കേഷൻ കണ്ടെത്തുക എന്നുള്ളതായിരുന്നു. യാത്രയിലുടനീളം ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. ചുരുങ്ങിയ സമയങ്ങളിൽ മാത്രം ഫോൺ ഓൺ ചെയ്തതിനെത്തുടർന്ന് അഭിജിത്തിന്റെ ലൊക്കേഷൻ മനസ്സിലാക്കി. ഇതോടെയാണ് ഇവർ നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ യാത്ര ചെയ്യുന്നതായി സൈബർ ഇൻവെസ്റ്റിഗേഷനിലൂടെ പോലീസ് കണ്ടെത്തിയത്.
പിന്നാലെ 3000 കിലോമീറ്റർ സഞ്ചരിച്ചെത്തിയ കേരള പോലീസും റെയിൽവേ പോലീസും ചേർന്ന് പുണെ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിസാമുദ്ദീൻ എക്‌സ്പ്രസ്സിലെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും.
'ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതിയാണ് കുട്ടിയെ കാണാതായത്. അന്ന് രാത്രി തന്നെ ഞങ്ങൾ യാത്ര തിരിക്കുകയായിരുന്നു. കുട്ടി ഒറ്റക്ക് ആയിരിക്കില്ല പോയിട്ടുള്ളതെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. പറവൂരിൽ നിന്നും ഓട്ടോയിലെത്തിയ അഭിജിത്ത് ആലുവയിൽ കാത്ത് നിന്ന പെൺകുട്ടിയേയും കൂട്ടി ആലുവ ബസ് സ്റ്റാന്റിലേക്ക് എത്തി.'
'അവിടെ നിന്നും ബസിൽ കോഴിക്കോട് പോയതിന് ശേഷം കോഴിക്കോട് നിന്നും ട്രെയിനിൽ ഡൽഹിയിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അഭിജിത്തിന്റെ ഫോണും ഓഫ് ചെയ്ത് വെച്ചിരുന്നെങ്കിലും ഇടക്കിടെ ഓൺ ചെയ്യുന്നുണ്ടായിരുന്നു. ആദ്യം മംഗലാപുരം, പിന്നീട് ധാരാവി, താനെ ഗോവ, ഒടുവിൽ പുണെയിൽ വെച്ചാണ് പിടിക്കാനായി സാധിച്ചത്. ഡൽഹിയിലേക്ക് പോകാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.'
'നിസാമുദ്ദീനിലുള്ള സുഹൃത്തിന്റെ അടുത്തേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ സുഹൃത്തിനെ ബന്ധപ്പെടാൻ സാധിക്കാതായതോടെ തിരികെ പോരുകയായിരുന്നു. ഇതിനിടെ സുഹൃത്തിനെ ഫോണിൽ കിട്ടിയതോടെ വീണ്ടും ഡൽഹിക്ക് തന്നെ യാത്ര തുടരുകയായിരുന്നു. ഒൻപത് പേരുള്ള രണ്ട് സംഘങ്ങളായാണ് കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിയത്.'
'ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്ഐ സതീഷും സിവിൽ പോലീസ് ഓഫീസർമാരായ ഷാരോൺ, അൻഷാദ്, ലിഞ്ജു എന്നിവരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്.' അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ എസ്‌ഐ സതീഷ് പറഞ്ഞു. പെൺകുട്ടിക്ക് 12 വയസ്സ് മാത്രമായതിനാൽ പ്രതിയായ അഭിജിത്തിനെതിരേ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്തും. കസ്റ്റഡിയിലെടുത്ത കുട്ടിയെയും യുവാവിനെയും ആലുവ വെസ്റ്റ് സ്റ്റേഷനിലേക്ക് എത്തിച്ചു. പോലീസ് അഭിജിത്തിനെ ചോദ്യം ചെയ്തുവരുകയാണ്. അതേസമയം പിടിയിലായ അഭിജിത്ത് മുമ്പ് കൊല്ലം ജില്ലയിൽ ലഹരി കേസിലെ പ്രതിയാണ്. ഈ സാഹചര്യത്തിലാണ് വിശദമായ ചോദ്യം ചെയ്യൽ.
Content Highlights: 12-year-old girl missing from Aluva was tracked over 3000km. Investigation utilized Instagram chat logs and phone tower locations. Accused Abhijit (26) was apprehended at Pune Railway Station. The suspect was traveling on the Nizamuddin Express. Police have registered a case under POCSO and kidnapping charges.
Published: 30 Jul 2026, 04:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented