ആലത്തൂർ: വീടിനു പുറത്ത് ഷൂവിനുള്ളിൽ വെച്ച താക്കോലെടുത്ത് വീടു തുറന്ന് 10 പവനും 90,000 രൂപയും മോഷ്ടിച്ചു. തരൂർ പഴമ്പാലക്കോട് പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

To advertise here,

ചുമർ അലമാരയിൽ പൂട്ടിവെച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. ജോയിയുടെ ഭാര്യ ജിജി ചേലക്കരയിലെ പള്ളിയിൽ പ്രാർഥനയ്ക്ക് പോയിരിക്കുകയായിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുവരാൻ ജോയി വീട് പൂട്ടി താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ വെച്ചിട്ട് പോകുകയായിരുന്നു. തിരികെ എത്തിയപ്പോൾ മുൻവാതിൽ ചാരിയിട്ടിരിക്കുന്നതായി കണ്ടു. താക്കോൽ ഷൂവിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. അലമാര പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി മനസ്സിലായത്.

മോഷണം നടത്തിയശേഷം താക്കോൽ തിരികെ വെച്ചതാകാമെന്നാണ് നിഗമനം. ജിജി എല്ലാ ചൊവ്വാഴ്ചയും ചേലക്കരയിലെ പള്ളിയിൽ പോകുന്നയാളാണ്.

ജോയി ഇവരെ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. വീട് പൂട്ടി പോകുമ്പോൾ താക്കോൽ സിറ്റൗട്ടിലെ ഷൂവിനുള്ളിൽ വെക്കും. ഇതു മനസ്സിലാക്കിയ ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു.

ജോയിയുടെ പരാതിയിൽ കേസെടുത്ത ആലത്തൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ബുധനാഴ്ച ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുമെത്തി പരിശോധിക്കും.