
ആലപ്പുഴ: തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തില്‍ കഴിഞ്ഞദിവസം പിടികൂടിയ ആള് നിരപരാധിയെന്ന് പോലീസ്. സ്ത്രീയെ കൊലപ്പെടുത്തിയ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശികളായ സൈനുല്‍ ആബിദ്, ഭാര്യ അനീഷ എന്നിവരെയാണ് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.
62-കാരി ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടതാണെന്നും മണ്ണഞ്ചേരി സ്വദേശിയായ അബൂബക്കര്‍(68) എന്നയാളാണ് കേസിലെ പ്രതിയെന്നുമാണ് കഴിഞ്ഞദിവസം പോലീസ് പറഞ്ഞിരുന്നത്. ഇയാള്‍ കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് അബൂബക്കറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുംചെയ്തു. എന്നാല്‍, അബൂബക്കര്‍ റിമാന്‍ഡിലായി 24 മണിക്കൂറിനുള്ളിലാണ് കേസില്‍ വീഴ്ച സംഭവിച്ചതായി പോലീസ് തന്നെ സമ്മതിച്ചിരിക്കുന്നത്. അബൂബക്കറിന്റെ പേരില്‍ ചുമത്തിയ കുറ്റം ഒഴിവാക്കുമെന്നും പോലീസ് പറഞ്ഞു.
അതേസമയം, നിരപരാധിയായ ഒരാളെയാണ് പോലീസ് 24 മണിക്കൂറോളം ബലാത്സംഗ, കൊലപാതകക്കേസിലെ പ്രതിയാക്കിയത്. ഇത് പോലീസ് അന്വേഷണത്തിലെ ഗുരുതരവീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നതും.
മരിച്ചനിലയില്‍ കണ്ടെത്തിയത് ഞായറാഴ്ച
ഞായറാഴ്ചയാണ് തോട്ടപ്പള്ളിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്നനിലയിലായിരുന്നു. മുറിക്കുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. വൈദ്യുതിക്കമ്പി മുറിച്ച് വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനു കേസെടുത്ത പോലീസ് അന്വേഷണത്തിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മുപ്പതംഗ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു.
അതേസമയം, മൃതദേഹത്തില്‍ ബാഹ്യമായോ ആന്തരികമായോ ഗുരുതരപരിക്കില്ലെന്നായിരുന്നു പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമികനിഗമനം. എങ്കിലും കേസന്വേഷണവുമായി പോലീസ് മുന്നോട്ടുപോയി. സംശയം തോന്നിയ അറുപതുപേരെ പലവട്ടം ചോദ്യംചെയ്തു. വിവിധ ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലും അന്വേഷണസംഘമെത്തി ചിലരെ ചോദ്യംചെയ്തു. ഇതിനിടെയാണ് തൊട്ടടുത്ത പള്ളിയിലെ ജീവനക്കാരനായ അബൂബക്കറിലേക്കും അന്വേഷണമെത്തിയത്.
മരണവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയത് മുതല്‍ അബൂബക്കറും ഇവിടെയുണ്ടായിരുന്നു. പോലീസിനോട് വിവരങ്ങള്‍ വിശദീകരിക്കാനും മുന്നിരയിലുണ്ടായി. ഇതിനിടെ സംശയം തോന്നിയ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍നിന്നാണ് അബൂബക്കറിന്റെ സംശായസ്പദമായ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ ഫോണിലേക്ക് അബൂബക്കര്‍ നിരവധിതവണ വിളിച്ചതിന്റെ വിവരങ്ങളും കിട്ടി. ഇതോടെ പ്രതി അബൂബക്കര്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. അബൂബക്കര്‍ കുറ്റംസമ്മതിച്ചെന്നും പോലീസ് പറഞ്ഞിരുന്നു. ബലാത്സംഗത്തിനിടെയാണ് 62-കാരി കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസിന്റെ ഭാഷ്യം.
ട്വിസ്റ്റായി ആ മൊബൈല്‍ഫോണ്‍
കൊല്ലപ്പെട്ട 62-കാരിയുടെ മൊബൈല്‍ഫോണ്‍ വീട്ടില്‍നിന്ന് നഷ്ടപ്പെട്ടിരുന്നെങ്കിലും ആദ്യദിവസങ്ങളില്‍ ഇത് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസം ഈ മൊബൈല്‍ഫോണ്‍ ഒരിടത്തുവെച്ച് സ്വിച്ച് ഓണ്‍ ആയതാണ് കേസില്‍ വഴിത്തിരിവായതും യഥാര്ഥപ്രതികളിലേക്കെത്തിയത്. ഫോണ്‍ ഓണായ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതികളായ സൈനുല്‍ ആബിദിലേക്കും ഇയാളുടെ ഭാര്യ അനീഷയിലേക്കും അന്വേഷണമെത്തിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ ദമ്പതിമാര്‍ കുറ്റംസമ്മതിക്കുകയുംചെയ്തു. മോഷണശ്രമത്തിനിടെയാണ് 62-കാരി കൊല്ലപ്പെട്ടതെന്നാണ് ദമ്പതിമാരുടെ മൊഴി. ഇവരുടെ വീട്ടില്‍നിന്ന് ആഭരണം മോഷ്ടിച്ചതായും ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
സംഭവിച്ചത് എന്ത്?
കഴിഞ്ഞദിവസം പോലീസ് പിടികൂടിയ അബൂബക്കറും കൊല്ലപ്പെട്ട 62-കാരിയും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നു. കൊല്ലപ്പെട്ട സ്ത്രീക്ക് ശ്വാസംമുട്ടലും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. സ്ത്രീ കൊല്ലപ്പെട്ടദിവസവും അബൂബക്കര്‍ ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇയാള്‍ മടങ്ങിയശേഷമാണ് യഥാര്ഥപ്രതികളായ ദമ്പതിമാര്‍ സ്ത്രീയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് മോഷണശ്രമത്തിനിടെ ദമ്പതിമാര്‍ സ്ത്രീയെ കൊലപ്പെടുത്തിയെന്നാണ് വിവരം. ഇതിനുശേഷം തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയശേഷം ദമ്പതിമാര്‍ കടന്നുകളയുകയായിരുന്നു. എന്നാല്‍, കേസില്‍ അന്വേഷണം നടത്തിയ പോലീസ് 62-കാരിയുമായി അടുപ്പമുണ്ടായിരുന്ന അബൂബക്കറിനെ കേസില്‍ പിടികൂടുകയായിരുന്നു.
Content Highlights: Police arrested a couple for the murder of a 62-year-old woman in Thotappally, Alappuzha
Published: 23 Aug 2025, 08:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented