കൊച്ചി:  നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം തള്ളി ഹൈക്കോടതി. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. മുമ്പ് താന്‍ തീരുമാനമെടുത്ത കേസില്‍നിന്ന് പിന്മാറാന്‍ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നടിയുടെ ആവശ്യം തള്ളിയത്. ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. 

To advertise here,

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ആക്രമിക്കപ്പെട്ട നടിയും ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ബുധനാഴ്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നടിയുടെ അഭിഭാഷക തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറണമെന്നായിരുന്നു ഇവര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതേ കേസില്‍ മുമ്പ് രണ്ടുതവണ സമയം നീട്ടിനല്‍കിയത് താനാണെന്നും താന്‍ നേരത്തെ തീരുമാനമെടുത്ത കേസായതിനാല്‍ പിന്മാറാന്‍ ബുദ്ധിമുട്ടാണെന്നും ജഡ്ജി വ്യക്തമാക്കുകയായിരുന്നു. 

നേരത്തെ അന്വേഷണം അട്ടിമറിക്കുന്നതായി ആരോപിച്ച് നടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു. നടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറിയത്. ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയിലും നടി വീണ്ടും ഇതേ ആവശ്യം ഉന്നയിക്കുകയായിരുന്നു. 

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡുകളിലെ ഹാഷ് വാല്യു മാറിയതെന്നാണ് നടിയുടെ ആരോപണം. ഈ സമയത്ത് എറണാകുളം സെഷന്‍സ് ജഡ്ജിയായിരുന്നു കൗസര്‍ എടപ്പഗത്ത്.