
കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളായ സുനില്‍ എന്‍.എസ്. (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍ (മുകളിൽ) വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലീം), പ്രദീപ് (താഴെ)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം കഠിനതടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്.
ഇന്ന് 11.30-ഓടെയാണ് കേസിൽ വാദം തുടങ്ങിയത്. കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസില്‍ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് ഇന്ന് നടന്നത്. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നീ ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് പരാമധി ശിക്ഷ നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. ഇരുപക്ഷത്തിന്റെയും വാദം കേട്ടശേഷം 3.30 ഓടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇവർക്കെതിരേ കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. എല്ലാ പ്രതികളിൽനിന്നും 50,000 രൂപ വീതം പിഴ ഈടാക്കും. കൂടാതെ 5 ലക്ഷം രൂപ ഇരയ്ക്ക് നൽകണമെന്നും കോടതി പറഞ്ഞു. കേസിലെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥൻ സൂക്ഷിക്കണം. ഇരയുടെ സ്വകാര്യതയെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തിൽ ഇവ സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. ദിലീപിനെതിരേയുള്ള ക്രിമിനൽ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിട്ടയക്കപ്പെട്ടെങ്കിലും ഒൻപതാം പ്രതി സനിൽകുമാർ പോക്സോ കേസിൽ പ്രതിയായതിനാൽ ജയിലിൽ തുടരും.
എന്താണ് പറയാനുള്ളതെന്നു ജഡ്ജി പ്രതികളോട് ചോദിച്ചപ്പോള്‍ ശിക്ഷാകാലയളവ് കുറക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. തനിക്ക് അമ്മ മാത്രമേയുള്ളൂവെന്നാണ് പള്‍സര്‍ സുനി പറഞ്ഞത്. തന്റെ മാതാപിതാക്കള്‍ വാര്‍ധക്യലെത്തിയെന്നും താനാണ് കുടുംബം നോക്കുന്നതെന്നും രണ്ടാംപ്രതി മാര്‍ട്ടിന്‍ പറഞ്ഞു.
കോടതിയില്‍ മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. തങ്ങള്‍ നിരപരാധിയാണെന്ന് മാര്‍ട്ടിനും മൂന്നാം പ്രതിയായ ബി മണികണ്ഠനും പറഞ്ഞു. തനിക്ക് ചെറിയ കുട്ടികളുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു. പ്രതികൾക്ക് ജീവപര്യന്തം നൽകണമെന്നും ഇളവുകൾ നൽകരുതെന്നും പ്രാസിക്യൂഷൻ ആവശ്യപ്പെട്ടു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചത്. മറ്റുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി.
ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി നടൻ ദിലീപ്, ഒൻപതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ഒന്നാംപ്രതി പൾസർ സുനി ഉൾപ്പെടെ പത്തു പ്രതികളാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേസിലുണ്ടായിരുന്നത്.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നകേസിൽ വിധിവരുന്നത് സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ്. 2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്.
Content Highlights: Pulsar Suni and Others Convicted in Actress Attack Case, Court Rules
Published: 12 Dec 2025, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented