ബെംഗളൂരു: കന്നഡ നടന് ദര്ശന് ഉള്‍പ്പെട്ട കൊലക്കേസിലെ പ്രധാനപ്രതികളിലൊരാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി സൂചന. കൊലയില്‍ നേരിട്ട് പങ്കാളിയല്ലാത്ത ഇയാള്‍ മാപ്പുസാക്ഷിയാകാന്‍ തയ്യാറായെന്നും പറയുന്നു. ഇതോടെ കേസില്‍ ദര്‍ശനെതിരേ കുരുക്കുമുറുകി.
കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡില്‍ കൊലയാളികള്‍ക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയതെന്നാണ് വിവരം. കൊലക്കുശേഷം ദര്‍ശന്റെ നിര്‍ദേശപ്രകാരം നാലുപ്രതികള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നല്‍കിയത് ഇയാളാണെന്നും പറയുന്നു. കേസില്‍നിന്ന് ദര്‍ശനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്. കൊലയാളികള്‍ക്കൊപ്പം ദര്‍ശനും ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട രേണുകാസ്വാമിയെ ദര്ശന് ക്രൂരമായി മര്‍ദിച്ചെന്നും ഇയാള്‍ മൊഴിനല്‍കിയതായും സൂചനയുണ്ട്. കേസിലെ 13-ാം പ്രതിയാണിയാള്‍.
Also Read
ഇതിനിടെ ചിത്രദുര്‍ഗയില്‍നിന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന കാര്‍ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. കുറുബരചെട്ടി സ്വദേശി രവിയാണ് കീഴടങ്ങിയത്. കേസിലെ എട്ടാംപ്രതിയായ ഇയാള്‍ ചിത്രദുര്‍ഗ ഡി.വൈ.എസ്.പി.ക്കുമുമ്പാകെയാണ് കീഴടങ്ങിയത്.
അന്വേഷണത്തിന്റെ പ്രധാനചുമതലയില്നിന്ന് ബെംഗളൂരു കാമാക്ഷിപാളയ എസ്.ഐ. ഗിരീഷ് നായക്കിനെ മാറ്റി. പകരം അസിസ്റ്റന്റ് കമ്മിഷണര്‍ ചന്ദന്‍ ഗൗഡയെ അന്വേഷണഉദ്യോഗസ്ഥനാക്കി. ബെംഗളൂരുവിലെ അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്റ്റേഷനിലാണ് ദര്‍ശനെയും മറ്റുപ്രതികളെയും ചോദ്യംചെയ്യുന്നത്. ഇവിടെ ദര്ശന് പോലീസ് പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ചില രാഷ്ട്രീയനേതാക്കള്‍ ദര്‍ശനുവേണ്ടി ഇടപെടുന്നതായും ആരോപണമുണ്ട്. സ്റ്റേഷന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുറത്തുനിന്നുകാണാനാകാത്തവിധംസ്റ്റേഷന് പന്തല്‍കെട്ടി മറച്ചിരുന്നു. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി.
Content Highlights: actor darshan pavithra gowda renukaswamy murder case
Published: 15 Jun 2024, 10:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented