
ബെംഗളൂരു: കന്നഡ സിനിമയിലെ 'ചലഞ്ചിങ് സ്റ്റാര്‍' ജീവിതത്തില്‍ വില്ലനായപ്പോള്‍ കൊന്നുതള്ളിയത് സ്വന്തം ആരാധകനെ. കന്നഡയിലെ മുന്‍നിര നായകനടനായ ദര്‍ശന്‍ തൂഗുദീപനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയുമാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമി(33) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം കൊലക്കേസില്‍ ഉള്‍പ്പെട്ട 11 പേരും പിടിയിലായിട്ടുണ്ട്. പ്രതികളെയെല്ലാം കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി ആറുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
പവിത്ര ഗൗഡക്കെതിരെ സാമൂഹികമാധ്യമത്തില്‍ നടത്തിയ അശ്ലീലപരാമര്‍ശമാണ് രേണുകസ്വാമിയെ കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം. നടന്‍ ദര്‍ശന്റെ കടുത്ത ആരാധകനായിരുന്നു ചിത്രദുര്‍ഗ വി.ആര്‍.എസ്. ലേഔട്ട് സ്വദേശിയായ രേണുകസ്വാമി. ചിത്രദുര്‍ഗയിലെ ഫാര്‍മസി ജീവനക്കാരനായ രേണുകസ്വാമി നടന്‍ ദര്‍ശനും നടി പവിത്രയും തമ്മിലുള്ള ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പവിത്രയുമായുള്ള ദര്‍ശന്റെ അടുപ്പത്തെക്കുറിച്ച് പുറത്തറിഞ്ഞതോടെ നടന്റെ ആരാധകരെല്ലാം രണ്ടുചേരിയിലായാണ് നിലകൊണ്ടിരുന്നത്. പവിത്രയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒരുവിഭാഗം ആരാധകര്‍ നടനെതിരായിരുന്നു. ഇവരെല്ലാം ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിക്ക് പിന്തുണ നല്‍കി. എന്നാല്‍, മറ്റുചില ആരാധകര്‍ പവിത്രയും ദര്‍ശനും തമ്മിലുള്ള ബന്ധത്തെ അനുകൂലിച്ചു. ഇതില്‍ പവിത്രയുമായുള്ള ബന്ധത്തെ എതിര്‍ത്തവരുടെ കൂട്ടത്തിലായിരുന്നു കൊല്ലപ്പെട്ട രേണുകാസ്വാമിയും. ഇതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് രേണുകാസ്വാമി സാമൂഹികമാധ്യമത്തില്‍ നടി പവിത്രക്കെതിരേ അപകീര്‍ത്തികരമായ കമന്റിട്ടത്.
പവിത്രക്കെതിരായ അശ്ലീലകമന്റില്‍ പ്രകോപിതനായാണ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ദര്‍ശനും സംഘവും യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ചിത്രദുര്‍ഗയില്‍നിന്ന് യുവാവിനെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയശേഷം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം ബെംഗളൂരു കാമാക്ഷിപാളയത്തെ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയുംചെയ്തു.
ഞെട്ടല്‍ മാറാതെ കുടുംബം, ഭാര്യ അഞ്ചുമാസം ഗര്‍ഭിണി...
ജൂണ്‍ 28-ന് ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമി അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് രേണുകാസ്വാമിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. എല്ലാദിവസവും ഉച്ചഭക്ഷണത്തിനായി വീട്ടിലെത്താറുള്ള രേണുകാസ്വാമി ശനിയാഴ്ച വീട്ടില്‍വന്നില്ലെന്നാണ് അമ്മ രത്‌നപ്രഭ മാധ്യമങ്ങളോട് പറഞ്ഞത്. ''ഉച്ചയ്ക്ക് മകനെ കാണാതിരുന്നതോടെ അവനെ ഞാന്‍ ഫോണില്‍ വിളിച്ചു. ഒരു സുഹൃത്തിനൊപ്പമാണെന്നാണ് മകന്‍ പറഞ്ഞത്. വൈകിട്ട് വീണ്ടും വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു''- അമ്മ പറഞ്ഞു.
രേണുകാസ്വാമി സുഹൃത്തുക്കള്‍ക്കൊപ്പം എവിടെയെങ്കിലും പോയതായിരിക്കുമെന്ന് കരുതി അന്നേദിവസം കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, തിങ്കളാഴ്ചയായിട്ടും യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെയാണ് കുടുംബം ചിത്രദുര്‍ഗ പോലീസില്‍ പരാതിപ്പെട്ടത്. ഇതിനുപിന്നാലെയാണ് ബെംഗളൂരു കാമാക്ഷിപാളയ പോലീസില്‍നിന്ന് ഇവരെ തേടി ഫോണ്‍വിളിയെത്തിയത്. ഉടന്‍ ബെംഗളൂരുവിലെത്തണമെന്നും അഴുക്കുചാലില്‍നിന്ന് കണ്ടെത്തിയ മൃതദേഹം മകന്റേതാണെന്ന് സംശയമുണ്ടെന്നുമായിരുന്നു പോലീസ് പറഞ്ഞത്. തുടര്‍ന്ന് കുടുംബം ബെംഗളൂരുവിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യ സഹാന അഞ്ചുമാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവ് കൊല്ലപ്പെട്ടവിവരമറിഞ്ഞ് പൊട്ടിക്കരയുന്ന സഹാനയുടെ മുഖം കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. 'എന്തിനാണ് അവര്‍ എന്റെ ഭര്‍ത്താവിനെ കൊന്നത്? അവര്‍ക്കൊന്നും കുടുംബമില്ലേ?', ആശ്വസിപ്പിക്കാനെത്തിയവരോട് സഹാനയുടെ ചോദ്യം ഇതായിരുന്നു.
രേണുകാസ്വാമി നടി പവിത്രക്കെതിരേ കമന്റിട്ടത് സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു രേണുകാസ്വാമിയെന്നും സാമൂഹികമാധ്യമങ്ങളിലെ കമന്റുകളെ സംബന്ധിച്ചോ ഇതിനെത്തുടര്‍ന്നുണ്ടായ ഭീഷണികളെ സംബന്ധിച്ചോ വെളിപ്പെടുത്തിയിരുന്നില്ലെന്നും സുഹൃത്തും പ്രതികരിച്ചു.
ചലഞ്ചിങ് സ്റ്റാര്‍ വില്ലനായപ്പോള്‍...
ജനപ്രിയ നായകനടന്‍ ദര്‍ശന്‍ തൂഗുദീപ കൊലക്കേസിലുള്‍പ്പെട്ട് അറസ്റ്റിലായതിന്റെ ഞെട്ടലില്‍ കന്നഡ സിനിമാലോകം. മുമ്പും പലതവണ വിവാദത്തിലും കേസുകളിലും അകപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ടെങ്കിലും കൊലപാതകത്തില്‍ പ്രതിയായത് എല്ലാവരെയും അമ്പരപ്പിക്കുന്നതായി. സുഹൃത്തും നടിയുമായ പവിത്രഗൗഡക്കെതിരേ അശ്ലീല സന്ദേശം പോസ്റ്റ് ചെയ്തതിനാണ് ചിത്രദുര്‍ഗ സ്വദേശിയായ യുവാവ് രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
മൈസൂരുവില്‍ പുതിയ സിനിമക്കുവേണ്ടിയുള്ള ഒരുക്കത്തിനിടെയാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ബെംഗളൂരു പോലീസെത്തി അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ജിമ്മില്‍നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്.
വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആവേശം പകരുന്ന ദര്‍ശനെ 'ചലഞ്ചിങ് സ്റ്റാര്‍' എന്നാണ് ആരാധകര്‍ വിളിച്ചുവന്നത്. 2001-ല്‍ ഇറങ്ങിയ മജസ്റ്റിക് എന്ന സിനിമയിലൂടെയാണ് ദര്‍ശന്‍ സാന്‍ഡല്‍വുഡില്‍ മുന്‍ നിര നടന്മാരുടെ നിരയിലേക്കുയര്‍ന്നത്. വലിയ വാണിജ്യം നേടുന്നവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. 'കരിയ', 'ക്രാന്തിവീര സംഗൊള്ളിരായണ്ണ', 'കലാസിപാളയ', 'ഗജ', 'നവഗ്രഹ;, 'സാരഥി', 'ബുള്‍ബുള്‍', യജമാന, 'റോബര്‍ട്ട്', 'കാടേര' തുടങ്ങിയവ ജനപ്രീതി നേടിയ ചിത്രങ്ങളാണ്.
സിനിമയില്‍ നായകനാണെങ്കിലും ദര്‍ശന്‍ ജീവിതത്തില്‍ 'വില്ലന്‍ 'റോള്‍ കൈകാര്യംചെയ്ത സംഭവങ്ങള്‍ ഒട്ടേറെയുണ്ടായി. 2011-ല്‍ ഭാര്യ വിജയലക്ഷ്മിയെ ആക്രമിച്ചതിന് ഒരു മാസം ജയിലില്‍ കിടക്കേണ്ടി വന്നു. പിന്നീട് ഭാര്യയുമായി ഒത്തുതീര്‍പ്പുണ്ടാക്കി കേസില്‍നിന്ന് ഒഴിവായതാണ്. 2021-ല്‍ മൈസൂരുവിലെ ഒരു റസ്റ്ററന്റില്‍ വെയ്റ്ററെ ആക്രമിച്ച സംഭവമുണ്ടായി. പലരും ഇതില്‍ നടനെ വിമര്‍ശിച്ചു രംഗത്തെത്തി. കഴിഞ്ഞവര്‍ഷം ഒരു ദേശാടനപ്പക്ഷിയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ദര്‍ശന്റെയും ദര്‍ശന്റെ ഫാം ഹൗസ് മാനേജരുടെയും പേരില്‍ വനംവകുപ്പ് കേസെടുത്തു. 2022-ല്‍ ദര്‍ശന്റെ ഒരു പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ചെരിപ്പുകൊണ്ടുള്ള ഏറ് കൊള്ളേണ്ടിവന്നു. ഹൊസപേട്ടില്‍ ദര്‍ശന്റെ ക്രാന്തി എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു ഇത്.
Content Highlights: actor darshan thoogudeepa pavithra gowda relationship and fans murder
Published: 12 Jun 2024, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented