കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നര വയസ്സുകാരി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന കണ്ടെത്തലിലേക്ക് പോലീസിനെ എത്തിച്ചതില് നിര്ണായകമായത് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. പോസ്റ്റ്മോര്ട്ടം ചെയ്ത ഡോക്ടറുടെ സംശയങ്ങള്ക്ക് പിന്നാലെ വിശദമായ ശാസ്ത്രീയ പരിശോധനകളും കൂടിയായപ്പോള് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന കാര്യം പോലീസ് ഉറപ്പിച്ചു. കുട്ടിയുടെ ശരീരത്തില് പലയിടങ്ങളില് മുറിവുകളുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോര്ട്ടത്തിനു പിന്നാലെ ലഭിച്ച സൂചനകള് പോലീസ് ആദ്യം പുറത്തുവിട്ടില്ല. വിശദമായ അന്വേഷണത്തിനുശേഷം സംഭവം നടന്നുവെന്ന് തെളിഞ്ഞാല് മാത്രം പോക്സോ കുറ്റം ചുമത്താനായിരുന്നു പോലീസിന്റെ തീരുമാനം.
ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് ലഭിച്ചതോടെ പോലീസ് കേസില് അന്വേഷണം തുടങ്ങിയിരുന്നു. പീഡനത്തിന്റെ സാധ്യത പരിശോധിച്ച പോലീസ് ആദ്യംതന്നെ വീട്ടുകാരിലേക്ക് അന്വേഷണം തിരിച്ചിരുന്നു. മൂന്ന് പുരുഷന്മാരാണ് പോലീസിന്റെ സംശയനിഴലിലുണ്ടായിരുന്നത്. ഇവരെ ആദ്യദിനംതന്നെ ചോദ്യം ചെയ്ത പോലീസ് പക്ഷേ മരണദിനമായതിനാല് ഇവരെ കൂടുതല് ചോദ്യംചെയ്യാതെ വിട്ടയക്കുകയായിരുന്നു.
സാഹചര്യങ്ങള് വിലയിരുത്തി പിന്നീട് അടുത്ത ബന്ധുക്കളായ രണ്ടുപേരിലേക്ക് പോലീസ് അന്വേഷണം കേന്ദ്രീകരിച്ചു. ഇതില് ഒരാള് പറഞ്ഞ കാര്യങ്ങളും വിശ്വസനീയമായി തോന്നിയ പോലീസ് അയാളും കുറ്റക്കാരനല്ലെന്നു കണ്ടെത്തി. ഇതോടെ അവശേഷിച്ച മൂന്നാമനിലേക്ക് അന്വേഷണം നീണ്ടു. ഇയാളുടെ മൊഴിയില് സംശയം തോന്നിയ പോലീസ് തെളിവുകള് നിരത്തി ചോദ്യംചെയ്യല് തുടര്ന്നതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്, ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് മൊഴി മാറ്റിപ്പറയുന്നതായി പോലീസ് പറയുന്നു.
വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ കുട്ടിയുടെയും പ്രതിയുടെയും വീടുകളിലെത്തിയ ഫൊറന്സിക് സംഘം പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള് ശേഖരിച്ച് ഒന്നരയോടെ മടങ്ങി. പ്രതി കുട്ടിയുമായി കൂടുതല് അടുപ്പത്തിലായിരുന്നുവെന്നും അമ്മയെ കുട്ടിയില്നിന്ന് മാറ്റിനിര്ത്താന് ശ്രമിച്ചിരുന്നുവെന്നും മാതാവിന്റെ മൊഴിയുള്ളതായും സൂചനയുണ്ട്. കുട്ടിയെ ഇയാളാണ് പലപ്പോഴും അങ്കണവാടിയില്നിന്ന് വിളിച്ചുകൊണ്ടുപോയിരുന്നതെന്നും പോലീസ് അന്വേഷണത്തില് കണ്ടെത്തി.
എറണാകുളം റൂറല് ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തില് പുത്തന്കുരിശ് ഡിവൈഎസ്പി വി.ടി. ഷാജന്, ആലുവ ഡിവൈഎസ്പി പി.ആര്. രാജേഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: Postmortem report reveals a 3-year-old girl, found dead in a river, was sexually assaulted
Published: 23 May 2025, 06:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented