കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുടെ (ഐഎസ്) ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത കേസില്‍ കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍ കുറ്റക്കാരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതി. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ഉക്കടം അന്‍പു നഗര്‍ സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍, ഉക്കടം സ്വദേശി ഷെയ്ഖ് ഹിദായത്തുള്ള എന്ന ഫിറോസ് ഖാന്‍ എന്നിവരെയാണ് കൊച്ചിയിലെ എന്‍ഐഎ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
120 ബി (ഗൂഢാലോചന), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ 38, 39 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഇരുവരും ചെയ്തതായി ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ കണ്ടെത്തി. ഹിദായത്തുള്ളയെ രണ്ട് ദിവസത്തേക്ക് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. ശിക്ഷ വിധിക്കുന്നതിനായി സെപ്റ്റംബര്‍ 29-ന് രണ്ട് പ്രതികളെയും നേരിട്ട് ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. ശിക്ഷാവിധിയിന്മേലുള്ള വാദം കേള്‍ക്കുന്നതിനിടെ, തങ്ങളുടെ കുടുംബ പശ്ചാത്തലം കണക്കിലെടുത്ത് ലഘുവായ ശിക്ഷ നല്‍കണമെന്ന് പ്രതികള്‍ ഇരുവരും കോടതിയോട് അഭ്യര്‍ത്ഥിച്ചു.
വിചാരണയുടെ ഭാഗമായി 40 സാക്ഷികളെ കോടതി വിസ്തരിച്ചു. കോയമ്പത്തൂരിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും അസ്ഹറുദ്ദീന്‍ പ്രതിയാണ്. എഫ്ഐആറില്‍ ആറ് പേരെ പ്രതികളായി ചേര്‍ത്തിരുന്നെങ്കിലും, 2019-ല്‍ രണ്ട് പ്രതികള്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.
ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താനായി യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ, നിരോധിത ഭീകര സംഘടനയായ ഐഎസിന്റെ ആശയം അസ്ഹറുദ്ദീനും കൂട്ടാളികളും പ്രചരിപ്പിക്കുന്നുവെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് 2018-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘടനയായ വഹദത്തെ ഇസ്ലാമിയുമായി അസ്ഹറുദ്ദീന് ബന്ധമുണ്ടായിരുന്നുവെന്നും സംഘടനയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നും എന്‍ഐഎ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-ല്‍ കോയമ്പത്തൂരിലെ വഹദത്തെ ഇസ്ലാമിയുടെ ജില്ലാ നേതാവായ ഇയാൾ 2013 മുതല്‍ റയാന്‍ മസ്ജിദിലടക്കം സംഘടനയുടെ പരിപാടികളില്‍ പ്രഭാഷണങ്ങള്‍ നടത്തിത്തുടങ്ങി.
അന്‍വര്‍ അല്‍-അവ്‌ലാക്കി, അബു ബാര, മൂസ സെറന്റോണിയോ, ശ്രീലങ്കയിലെ സഹ്രാന്‍ ഹാഷിം തുടങ്ങിയ തീവ്രവാദ പ്രഭാഷകരുടെ പ്രസംഗങ്ങള്‍ പ്രതികള്‍ കാണാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലങ്കന്‍ ഐഎസ് നേതാവ് സഹ്രാന്‍ ഹാഷിമിന്റേതെന്ന് കരുതുന്ന പ്രസംഗങ്ങളും മറ്റ് വിവരങ്ങളും പ്രതികളുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 മുതല്‍ 2019 മാര്‍ച്ച് വരെ അവര്‍ ദക്ഷിണേന്ത്യയില്‍ ഐഎസ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി.
2017 മുതല്‍ പ്രതികള്‍ കേരളത്തിലെ പല സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തുകയും വിവിധയിടങ്ങളില്‍ വെച്ച് കൂട്ടാളികളെ കാണുകയും ഐഎസിന് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Court finds two Islamic State operatives guilty of promoting ISIS ideology and recruiting for the terror group in the 2018 Coimbatore terror case. Sentencing scheduled for Sept 29.
Published: 27 Sept 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented