ലണ്ടന്‍: വിഖ്യാതചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ഛായാചിത്രത്തില്‍ സൂപ്പ് ഒഴിച്ചവര്‍ക്ക് തടവുശിക്ഷ വിധിച്ച് യു.കെയിലെ കോടതി. ഫോബി പ്ലമ്മര്‍(23), അന്ന ഹോളണ്ട്(22) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്ലമ്മര്‍ക്ക് രണ്ട് വര്‍ഷവും ഹോളണ്ടിന് 20 മാസവുമാണ് തടവ് ശിക്ഷ. 2022-ല്‍ ലണ്ടനിലെ നാഷണല്‍ ഗാലറിയിലുണ്ടായിരുന്ന വാന്‍ഗോഗിന്റെ സണ്‍ഫ്‌ളവേഴ്‌സ് എന്ന ഛായാചിത്രത്തിനുനേരെയാണ് ഇവര്‍ സൂപ്പൊഴിച്ചത്. 

To advertise here,

പരിസ്ഥിതിവാദികളായ ഇവര്‍ പ്രതിഷേധത്തിന്റെ ഭാഗമായാണ് സൂപ്പൊഴിച്ചത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദനത്തിനെതിരേയായിരുന്നു പ്രതിഷേധം. ഛായാചിത്രത്തില്‍ സൂപ്പൊഴിച്ച ശേഷം ഇവര്‍ കൈകള്‍ ഭിത്തിയില്‍ പതിപ്പിക്കുകയും ചെയ്തു. ജസ്റ്റ് സ്‌റ്റോപ് ഓയില്‍ സംഘടനയിലെ അംഗങ്ങളാണിവര്‍.

ഛായാചിത്രം നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും പ്രതിഷേധക്കാര്‍ക്ക് ഇത് ചെയ്യാനുള്ള അധികാരമില്ലെന്നും നിരീക്ഷിച്ചാണ് ജഡ്ജി ശിക്ഷ വിധിച്ചത്. 'നിങ്ങള്‍ കരുതുന്നത് നിങ്ങളുടെ വിശ്വാസങ്ങള്‍ കുറ്റംചെയ്യാനുള്ള അവകാശം നല്‍കുന്നുണ്ടെന്നാണ്' പ്രതികളിലൊരാളായ പ്ലമ്മറിനോട് ജഡ്ജി പറഞ്ഞു. ഛായാചിത്രത്തിന് മുകളില്‍ ഗ്ലാസ് കവറിങ് ഉണ്ടായിരുന്നതിലാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കാതിരുന്നത്.