മംഗളൂരു: ഉഡുപ്പിയിലെ പ്രവാസി ഹോട്ടൽ വ്യവസായിയായ ഭാസ്കർ ഷെട്ടി വധക്കേസിൽ ഭാര്യയും മകനും അടക്കമുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ്. ഭാര്യ രാജേശ്വരി ഷെട്ടി, മകൻ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാർക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജൻ ഭട്ട് എന്നിവരെയാണ് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

തെളിവുനശിപ്പിച്ച കേസിൽ പ്രതിചേർത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെവിട്ടു. ഇതേ കുറ്റംചുമത്തി പ്രതിചേർത്ത നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഭട്ട് വിചാരണക്കാലയളവിൽ മരണപ്പെട്ടിരുന്നു. പ്രതികളിൽ രാജേശ്വരിയും രാഘവേന്ദ്രയും ജാമ്യത്തിലിറങ്ങി. നവനീതും നിരഞ്ജനും ബെംഗളൂരു ജയിലിലാണുള്ളത്.

2016 ജൂലൈ 28-ന് ആണ് ഭാസ്കർ ഷെട്ടി കൊല്ലപ്പെട്ടത്. ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയശേഷം നിരഞ്ജൻ ഭട്ടിന്റെ വീട്ടിലെത്തിച്ച് ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചാരം നശിപ്പിക്കുകയുംചെയ്തെന്നാണു കേസ്. ഭാസ്കർ ഷെട്ടിയെ കാണാനില്ലെന്ന് മാതാവ് മണിപ്പാൽ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നതും പ്രതികൾ അറസ്റ്റിലാവുന്നതും.

Content Highlights:uduppi bhasker shetty murder case verdict