ലഖ്നൗ: ഉത്തർപ്രദേശിലെ ബുദ്വാനിൽ നവവധുവിനെ ഭർത്താവും ഭർതൃസഹോദരങ്ങളും കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സ്ത്രീധനത്തിന്റെ പേരിലാണ് സഹസ്വാൻ സ്വദേശിയായ 20 വയസ്സുകാരി ക്രൂരതയ്ക്കിരയായത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 22-നാണ് യുവതിയും ഉസ്മാൻപുർ സ്വദേശിയായ യുവാവും വിവാഹിതരായത്. എന്നാൽ വിവാഹശേഷം ഭർതൃവീട്ടിലെത്തിയ തന്നെ ഭർത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ പരാതി. സ്ത്രീധനത്തിന്റെ പേരിലായിരുന്നു ഉപദ്രവം. ഭർത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളും സംഘം ചേർന്ന് മർദിച്ചതായും ആരോപണമുണ്ട്. ഇതിനിടെയാണ് ഭർത്താവും സഹോദരങ്ങളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വടി കൊണ്ട് മർദിച്ചശേഷം ഇവർ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഇതിനുപുറമേ ശീതളപാനീയത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

ക്രൂരമായ പീഡനങ്ങൾ നേരിട്ട യുവതി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് യുവതിയുടെ പിതാവ് പോലീസ് സംഘത്തോടൊപ്പം ഭർതൃവീട്ടിലെത്തുകയും ഗുരുതരമായി പരിക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

സംഭവത്തിൽ ഏഴ് പേർക്കെതിരേ കേസെടുത്തതായി ശരീഫ്നഗർ പോലീസ് അറിയിച്ചു. യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യപരിശോധന റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ബുദ്വാൻ എസ്.എസ്.പി. സങ്കൽപ് ശർമയും പറഞ്ഞു.

Content Highlights:newly wed woman gang raped in uttar pradesh by husband and brother in laws