തിരുവനന്തപുരം: കാട്ടാക്കടയിലെ ആക്രിക്കടയില്‍നിന്ന് ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരം കണ്ടെത്തി. 306 ആധാര്‍ കാര്‍ഡുകളും അനുബന്ധ രേഖകളും തപാല്‍ ഉരുപ്പടികളുമാണ് ആക്രിക്കടയില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞദിവസം ഒരു ഓട്ടോ ഡ്രൈവര്‍ കൊണ്ടുവന്ന ആക്രിസാധനങ്ങളുടെ കൂടെയാണ് ആധാര്‍ കാര്‍ഡുകളും തപാല്‍ ഉരുപ്പടികളും കിട്ടിയത്. ഇതോടെ കടയുടമ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

കരകുളം മേഖലയില്‍നിന്നുള്ളവരുടെ ആധാര്‍ കാര്‍ഡുകളാണ് കണ്ടെടുത്തവയില്‍ ഭൂരിഭാഗവും. ഇവയെല്ലാം കരകുളം പോസ്റ്റ് ഓഫീസില്‍നിന്ന് വിതരണം ചെയ്യാത്ത ആധാര്‍ കാര്‍ഡുകളാണെന്നാണ് പോലീസിന്റെ നിഗമനം. 2015-ല്‍ നല്‍കിയ ആധാര്‍ കാര്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്. ചില തപാല്‍ ഉരുപ്പടികളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ വീഴ്ച വരുത്തിയോ എന്നത് പോലീസ് പരിശോധിച്ചുവരികയാണ്. 

Content Highlights: huge number of aadhaar cards seized from kattakkada