മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ 'ടെലിഫോണ്‍ ഓപ്പറേറ്റര്‍' ആയിരുന്ന ഫഹീം മച്ച്മച്ച് എന്ന ഫഹീം അഹമ്മദ് ഷരീഫ്(51) പാകിസ്താനില്‍ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. സംസ്‌കാരം ശനിയാഴ്ച കറാച്ചിയില്‍ നടന്നു. ഫഹീമിന്റെ മരണവിവരം ഛോട്ടാ ഷക്കീല്‍ തന്നെ ഇന്ത്യയിലുള്ള ബന്ധുക്കളെ നേരിട്ട് വിളിച്ചറിയിച്ചെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫഹീം മരിച്ചെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മുംബൈയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. 

ഛോട്ടാ ഷക്കീലിന്റെ നിര്‍ദേശപ്രകാരം ഇരകളെ ഫോണില്‍വിളിച്ച് പണം ആവശ്യപ്പെടുന്ന ആളായിരുന്നു ഫഹീം മച്ച്മച്ച്. ഇതിനാലാണ് ഛോട്ടാ ഷക്കീലിന്റെ ടെലിഫോണ്‍ ഓപ്പറേറ്റര്‍ എന്ന് അറിയപ്പെട്ടിരുന്നത്. മുംബൈ, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലായി രണ്ട് ഡസനിലേറെ കേസുകളില്‍ പോലീസ് തിരയുന്ന പ്രതികൂടിയാണ് ഫഹീം.

ദാവൂദ് ഇബ്രാഹിം യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വിപുലമാക്കിയതിന് പിന്നാലെയാണ് ഫഹീം ഡി-കമ്പനിയില്‍ എത്തുന്നത്. ഡി-കമ്പനിയിലെ മുതിര്‍ന്ന അംഗമായ ഛോട്ടാ ഷക്കീലാണ് മുംബൈയിലെ ഓപ്പറേഷനുകള്‍ കൈകാര്യം ചെയ്യാനായി ഫഹീമിനെ ഡി-കമ്പനിയില്‍ എത്തിച്ചത്. 

മുന്‍ മുംബൈ മേയര്‍ മിലിന്ദ് വൈദ്യക്കെതിരേ 1999-ല്‍ നടന്ന ആക്രമണത്തില്‍ ഫഹീമിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ഫഹീം രാജ്യംവിട്ടു. പിന്നീട് 2003-ല്‍ ഛോട്ടാ ഷക്കീലിന് വേണ്ടി ഒരു വ്യവസായിയെ ആക്രമിച്ചതോടെ ഫഹീം വീണ്ടും വാര്‍ത്തകളിലിടം നേടി. ഇതിനിടെ ഛോട്ടാ ഷക്കീലിന്റെ കൂട്ടാളികളായ നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഫഹീമിന്റെ പങ്കും വെളിപ്പെട്ടത്. 2001-ല്‍ ഫഹീമിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധനും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വൈദ്യ കേസില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ഫഹീം ഛോട്ടാ ഷക്കീലിനൊപ്പം ദുബായിലേക്കും അവിടെനിന്ന് കറാച്ചിയിലേക്കും കടക്കുകയായിരുന്നു. 

Content Highlights: gangster chotta shakeels telephone operator fahim machmach dies in pakistan