തിരുവനന്തപുരം: ലോഡ്ജില്‍ പരിശോധനയ്‌ക്കെത്തിയ പോലീസിന് നേരേ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം. പോലീസിന് നേരേ ലഹരിമരുന്ന് സംഘം പടക്കമെറിഞ്ഞു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുറിയിലുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു.  

കിള്ളിപ്പാലത്തെ കിള്ളി ടവേഴ്‌സ് ലോഡ്ജില്‍ ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു സംഭവം. ലോഡ്ജിലെ 104-ാം നമ്പര്‍ മുറിയില്‍ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസും സിറ്റി നാര്‍കോട്ടിക്‌സ് സെല്ലും ഇവിടെ പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ പോലീസിനെ കണ്ടതോടെ മുറിയിലുണ്ടായിരുന്ന യുവാക്കള്‍ പോലീസുകാര്‍ക്ക് നേരേ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബഹളത്തിനിടെ രണ്ടുപേര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. മുറിയിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പടക്കമേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

തിരുവനന്തപുരം കടയ്ക്കല്‍ നെടുങ്കാട് സ്വദേശി രജീഷ്(22) വെള്ളായണി സ്വദേശിയായ 17-കാരന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് അഞ്ച് കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എ.യും രണ്ട് പെല്ലറ്റ് ഗണ്ണുകളും ഒരു ലൈറ്റര്‍ ഗണ്ണും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് മൊബൈല്‍ഫോണുകളും രണ്ട് വെട്ടുകത്തികളും കണ്ടെടുത്തു. 

ലോഡ്ജില്‍ തങ്ങിയിരുന്നവര്‍ നഗരത്തിലെ ലഹരിമരുന്ന് കച്ചവടക്കാരാണെന്നാണ് പോലീസ് നല്‍കുന്നവിവരം. കസ്റ്റഡിയിലെടുത്തവരെ കരമന പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. 

Content Highlights: drugs gang thrown crackers against police in thiruvananthapuram ganja and mdma seized