നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വ്യക്തികളായി ഓണ്‍ലൈന്‍ ബ്രോക്കറേജ് ഫേം സെറോദ സ്ഥാപകരായ നിതിന്‍ കാമത്തും സഹോദരന്‍ നിഖില്‍ കാമത്തും. ഇരുവര്‍ക്കും വാര്‍ഷിക ശമ്പളമായി 72 കോടി രൂപ വീതവും നിതിന്‍ കാമത്തിന്റെ ഭാര്യയും കമ്പനിയുടെ മുഴുവന്‍ സമയ ഡയറക്ടറുമായ സീമ പാട്ടീലിന് 36 കോടി രൂപയുമാണ് ശമ്പളം. മൂന്ന് പേര്‍ക്കുമായി ആകെ 195.4 കോടി രൂപയാണ് ഇതോടെ ശമ്പളമായി ലഭിച്ചത്. 15.4 കോടി രൂപയാണ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വേണു മാധവിന്റെ ശമ്പളം. 

To advertise here,

രാജ്യത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകളിലൊന്നാണ് സെറോദ. 12 കോടി രൂപ ശമ്പളവുമായി ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാളാണ് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന രണ്ടാമത്തെ വ്യക്തി 

2021-22 സാമ്പത്തിക വര്‍ഷത്തില്‍ നിതിനും സഹോദരന്‍ നിഖില്‍ കാമത്തും നിതിന്റെ ഭാര്യ സീമ പാട്ടീലും കമ്പനിയില്‍ നിന്ന് 100 കോടി രൂപ വീതം ശമ്പളം എടുക്കാനുള്ള തീരുമാനം സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് ചൂടന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ 100 കോടി രൂപ ശമ്പളം തങ്ങല്‍ കൈപറ്റുന്നില്ലെന്നായിരുന്നു നിതിന്‍ കാമത്ത് അറിയിച്ചത്. ബിസിനസ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് പണമാക്കിമാറ്റുകയെന്നത് നഷ്ടസാധ്യത കുറക്കാന്‍ അത്യാവശ്യമാണ്. പണലഭ്യത ആവശ്യമായി വന്നാല്‍ മാത്രം ചെയ്യാനുദ്ദേശിച്ചാണ് തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് യോഗം കൈക്കൊണ്ടതെന്നായിരുന്നു നിതിന്റെ വിശദീകരണം.

എന്‍ട്രാക്കര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി നടപ്പ് സാമ്പത്തിക വര്‍ഷം 623 കോടി രൂപയാണ് സെറോദ ചെലവിട്ടത്. ഇതില്‍ 380 കോടി രൂപ ശമ്പള ഇനത്തില്‍ മാത്രം ചെലവിട്ട തുകയാണ്.