ആലപ്പുഴ: സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഓരോവര്‍ഷവും താത്കാലിക ഒഴിവുകൾ ധാരാളമുണ്ടാകാറുണ്ടെങ്കിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുവഴി നിയമനം നാമമാത്രം. 30,000-ൽ കൂടുതൽ ഒഴിവുണ്ടാകുമെങ്കിലും പകുതിപോലും എംപ്ലോയ്‌മെന്റിലൂടെ നടക്കുന്നില്ല.
തൊഴിൽവകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ കണക്കുപ്രകാരം 2021 ജൂൺ മുതൽ 2024 മാർച്ച് വരെ എംപ്ലോയ്‌മെന്റ് വഴി 37,390 നിയമനമാണു നടത്തിയത്. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം.) നടപ്പാക്കുന്നതിന് ഓരോവർഷവും 10,938 തസ്തികയിൽ നിയമനം നടത്തണം. ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള നിയമനങ്ങളിൽ ബഹുഭൂരിപക്ഷവും എംപ്ലോയ്‌മെന്റ് വഴി നടത്താറില്ല.
ഓരോ വർഷവും വിദ്യാഭ്യാസമേഖലയിൽ പതിനോരായിരത്തോളം ഒഴിവാണു റിപ്പോർട്ടു ചെയ്യുന്നത്. ഇവിടെയും ഭൂരിഭാഗം നിയമനവും എംപ്ലോയ്‌മെന്റ് വഴിയല്ല. പ്രഥമാധ്യാപകരും പി.ടി.എ. പ്രതിനിധിയും ഉൾപ്പെട്ട സമിതിയാണു നിയമനം നടത്തുന്നത്.
മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലുൾപ്പെടെ വരുന്ന നൂറുകണക്കിനൊഴിവുകളിൽ ഭൂരിഭാഗവും എംപ്ലോയ്‌മെന്റുവഴി നടത്തുന്നില്ല. ആശുപത്രി വികസനസമിതിയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണു നിയമനം. പൊതുമരാമത്ത് ഗസ്റ്റ് ഹൗസുകളിലുൾപ്പെടെ വരുന്ന സ്വീപ്പർ തസ്തികയിലും നിയമനം കുടുംബശ്രീ വഴിയാണ്. ടൂറിസം വകുപ്പിലും ഇതാണവസ്ഥ.
എംപ്ലോയ്‌മെന്റ് നിയമനത്തിൽ സംവരണക്രമം പാലിക്കാറുണ്ട്. അല്ലാത്തതിൽ ഇതില്ല. ഇതിനെതിരേ ദളിത് സംഘടനകളുൾപ്പെടെ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവുപ്രകാരം ഒഴിവ് അറിയിക്കണമെന്നാവശ്യപ്പെട്ട് എംപ്ലോയ്‌മെന്റ് ഡയറക്ടർ എല്ലാവകുപ്പ് മേധാവികൾക്കും കത്തയച്ചിരുന്നു. പക്ഷേ, പ്രയോജനമുണ്ടായില്ല.
എതിർവാദം
എംപ്ലോയ്‌മെൻറ് എക്സ്‌ചേഞ്ചിൽ ഒഴിവു റിപ്പോർട്ടുചെയ്താൽ നിയമനത്തിനു ഏറെ സമയമെടുക്കും. പലരും ജോലിക്കെത്തുകയുമില്ല. സ്കൂളുകളിലാണെങ്കിൽ സ്റ്റാഫ് ഫിക്‌സേഷനുശേഷം മാത്രമേ ഒഴിവു നിശ്ചയിക്കാനാകൂ. അത് ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിലാണ് പൂർത്തിയാവുക. ഇതാണ് എംപ്ലോയ്‌മെന്റ് വഴിയുള്ള നിയമനത്തിനു തടസ്സമായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചത്. എന്നാൽ, എംപ്ലോയ്‌മെന്റ് സംവിധാനം ഇപ്പോൾ ഓൺലൈനിലായിട്ടുണ്ട്. വിവരമറിയിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ഉദ്യോഗാർഥികളുടെ പട്ടിക നൽകാനാവുമെന്നാണ് അധികൃതർ പറയുന്നത്.
Content Highlights: vaccancy not filled with employment exchange
Published: 18 Aug 2024, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented