ഇന്ത്യന്‍ ടെക്കി ഒന്നിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ ഒരേസമയം ജോലി ചെയ്തതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. യുഎസ് ആസ്ഥാനമായുള്ള ഒരു സംരംഭകന്‍ അടുത്തിടെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോഹം പരേഖിനെ ഒന്നിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ മൂണ്‍ലൈറ്റിംഗ് ചെയ്തുവെന്നും ഇത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും അത് തുടര്‍ന്നുവെന്നും ആരോപിച്ചു.

To advertise here,

ടെക് വ്യവസായത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.

മിക്‌സ്പാനല്‍ സ്ഥാപകന്‍ സുഹൈല്‍ ദോഷി, എക്‌സില്‍ സഹ സംരംഭകര്‍ക്ക് സോഹം പരേഖിനെക്കുറിച്ചുള്ള പരസ്യ മുന്നറിയിപ്പ് നല്‍കിയതോടെയാണ് വിവാദം ആരംഭിച്ചത്. പരേഖ് മിക്‌സ്പാനലില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നെന്നും പിന്നീട് പുറത്താക്കപ്പെട്ടെന്നും പോസ്റ്റില്‍ പറയുന്നു.

പരേഖ് കമ്പനികളെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ദോഷി ആരോപിച്ചു. പരേഖിന്റെ സിവിയിലെ 90% അവകാശവാദങ്ങളും വ്യാജമാണെന്നും പറഞ്ഞു. മറ്റ് നിരവധി സിലിക്കണ്‍ വാലി സ്ഥാപകരും, എന്‍ജിനീയര്‍മാരും, ഹയറിംഗ് മാനേജര്‍മാരും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി തൊഴിലവസരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് പരേഖിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത സിലിക്കണ്‍ വാലിയിലും ഇന്ത്യയിലെ ടെക് സമൂഹത്തിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സമീപകാലത്ത് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ധിക്കാരപരമായ തൊഴില്‍ തട്ടിപ്പുകളില്‍ ഒന്നാണിതെന്നാണ് പലരുടെയും അഭിപ്രായം.

സിലിക്കണ്‍ വാലി ഹസില്‍ കള്‍ച്ചറിലെ അപ്രതീക്ഷിതനായ ഒരു ആന്റി-ഹീറോയായി പരേഖ് മാറിയിരിക്കുകയാണ്. ലിങ്ക്ഡ്ഇന്‍ സിഇഒ ആയ റീഡ് ഹോഫ്മാന്‍ പോലും ഈ ചര്‍ച്ചയില്‍ പങ്കുചേര്‍ന്നു.

ആരാണ് സോഹം പരേഖ്?

സോഹം പരേഖ് ഒരു ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്‌. അദ്ദേഹം  ഒരേസമയം നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്തു. ഇത് മൂണ്‍ലൈറ്റിംഗ് എന്നറിയപ്പെടുന്ന ഒരു പ്രവൃത്തിയാണ്. അഭിമുഖങ്ങളില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ളവനായും ആകര്‍ഷകനായും വിശേഷിപ്പിക്കപ്പെടുന്ന പരേഖ്, ഒന്നിലധികം റോളുകള്‍ കൈകാര്യം ചെയ്ത് തൊഴിലുടമകളെ വഞ്ചിച്ചുവെന്നാണ് ആരോപണം.