ഡെന്നി തോമസ് വട്ടക്കുന്നേൽ. വിദേശവിദ്യാഭ്യാസത്തിന്റെ അനന്തമായ സാധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തിയ സാന്റാമോണിക്ക ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറും. കാസർകോട് ജില്ലയിൽ ഈസ്റ്റ് എളേരിയിലെ മണ്ഡപം എന്ന ദേശത്ത് തോമസ് വട്ടക്കുന്നേലിന്റെയും റോസമ്മയുടെയും അഞ്ചുമക്കളിൽ രണ്ടാമനായി 1973ൽ ജനനം. തോമാപുരം സെയ്ന്റ് തോമസ് സ്‌കൂൾ, ഇ.കെ. നായനാർ മെമ്മോറിയൽ ഗവൺമെന്റ് കോളേജ്, കോഴിക്കോട് സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആഗോളതലത്തിൽ സമകാലിക-പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള നാല് പുസ്തകങ്ങളുടെ രചയിതാവ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗവും   കൊച്ചി സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോയുമായ ഡോ. റെനി സെബാസ്റ്റ്യനാണ് ഭാര്യ, മക്കൾ: റോസ്വിൻ, മെർവിൻ. എറണാകുളം പാലാരിവട്ടത്താണ് താമസം.

ഇളകിയൊഴുകുന്ന തേജസ്വിനി ഈറനുടുപ്പിക്കുന്ന ചെറുപുഴയാണ് അടുത്തുള്ള ടൗൺ. അവിടെ നിന്ന് ഏഴര കിലോമീറ്റർ നടപ്പുണ്ട് മണ്ഡപത്തിലേക്ക്...രാത്രിയിലെ അവസാന ബസ്സിറങ്ങിയ വട്ടക്കുന്നേൽ ഡെന്നി തോമസ്, റാന്തലണയ്ക്കാൻ തുടങ്ങിയ കടയിൽനിന്ന് ഒരു കൂട് മെഴുകുതിരി വാങ്ങി. മുണ്ടും മാടിക്കുത്തി, ഷർട്ടിന്റെ കൈകൾ തെറുത്തു കയറ്റി, തിരികളിലൊന്ന് തെളിയിച്ച് നടപ്പ് തുടങ്ങി...കൈത്തോടുകളും വയലുകളും കുന്നും പിന്നിട്ട് വേണം വീട്ടിലെത്താൻ. ശീലമായി മാറിയ ആ നടപ്പിനിടയിൽ അയാളുടെ ഉള്ളിൽ വലിയ സ്വപ്നങ്ങളുടെ കുടിയേറ്റമായിരുന്നു... മെഴുതിരിനാളമായിരുന്നു ആ സ്വപ്നങ്ങളുടെ ആദ്യ വെളിച്ചം. ആ സ്വപ്നങ്ങൾക്ക് മെല്ലെ മെല്ലെ ചിറക് മുളച്ചു. കാസർകോടിന്റെ കുടിയേറ്റ ഭൂമിയായ മണ്ഡപത്തിലേക്കുള്ള അന്നത്തെ ആ നടപ്പിൽ അയാളുടെ ഉള്ളിൽ തളിർത്ത ആ സ്വപ്നച്ചിറകേറി ഇന്ന് ആയിരക്കണക്കിന് കുട്ടികൾ അവരുടെ സ്വപ്നജീവിതത്തിലേക്ക് കുടിയേറുകയാണ്. സാന്റാമോണിക്കയുടെ കൊച്ചിയിലെ ഓഫീസിലിരുന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ സ്വതവേയുള്ള ചെറുചിരിയോടെ ജീവിതകഥയുടെ താളുകൾ തുറക്കുകയാണ്. ആ ഓഫീസിന്റെ ചില്ലുകൂടിനപ്പുറം വിദേശപഠനമെന്ന സ്വപ്നവുമായി എത്തിക്കൊണ്ടിരിക്കുന്ന വിദ്യാർഥികളും അവരുടെ അച്ഛനമ്മമാരും. സാന്റാമോണിക്ക സ്റ്റഡിഎബ്രോഡിലെ ജീവനക്കാരോരുത്തരും വരുന്നവരോട് സംസാരിക്കുന്ന തിരക്കുകളിലും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ടുമുമ്പാണ് കോട്ടയം, ഇടുക്കി ഭാഗങ്ങളിൽ നിന്നും കാസർകോട്ടേയ്ക്കുള്ള ക്രിസ്ത്യൻ കുടിയേറ്റം തുടങ്ങുന്നത്. ചിറ്റാരിക്കൽ, മണ്ഡപം, പാലാവയൽ തുടങ്ങിയ മലയോരമേഖലയിലേക്കാണ് പാലായിൽ നിന്നുള്ള ക്രിസ്ത്യാനികളേറെയും എത്തിയത്. അക്കാലത്ത് അവിടങ്ങളിൽ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗത്തുള്ള ജന്മികുടുംബങ്ങളുടെ നെൽവയലുകളായിരുന്നു. മലയോരത്ത് നെൽകൃഷി അറിയപ്പെടുന്നത് പൊനംകൃഷിയെന്നാണ്. അക്കാലത്ത് കുടിയേറിയ ക്രിസ്ത്യാനികളും പൊനംകൃഷി തന്നെയാണ് ചെയ്തത്. രണ്ടുമൂന്ന് വർഷം കഴിഞ്ഞതോടെ കുരുമുളക് കൃഷി തുടങ്ങി. പിന്നെ റബ്ബറും തെങ്ങും കവുങ്ങുമൊക്കെ കുടിയേറ്റത്തിന്റെ മുദ്രകളായെത്തി. പാലായിൽ നിന്നെത്തിയവർ കൃഷിചെയ്തിരുന്നയിടമാണ് പിന്നീട് പാലാവയലായി മാറിയത്. ചിറ്റാരിക്കലിനടുത്തുള്ള മണ്ഡപം എന്ന ദേശത്തേക്കാണ് 1957-ൽ ഡെന്നി തോമസിന്റെ മുത്തച്ഛനായ വട്ടക്കുന്നേൽ ദേവസ്യ പാലായിൽ നിന്നും കുടിയേറിയത്. ഡെന്നിയുടെ പിതാവ് തോമസന്ന് സ്‌കൂൾ പഠനകാലം പിന്നിട്ടേയുള്ളൂ. ഇന്ന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ മണ്ഡപത്തിന്റെ യഥാർഥപേര് പണ്ട് മണ്ഡോം എന്നായിരുന്നത്രേ! തോടുകളേറെയുണ്ടായിരുന്നതിനാൽ പ്രദേശത്ത് നിറയെ തവളകൾ അഥവ മണ്ഡൂകങ്ങളായിരുന്നു. അതാണ് ആ ദേശത്തെ മണ്ഡോം എന്ന് വിളിച്ചുപോന്നതത്രേ. അതല്ല പൊനംകൃഷിക്കായി വയലിനോട് ചേർന്നുണ്ടായിരുന്ന ചെറിയ കുടിലുകൾക്കും മണ്ഡപം എന്നായിരുന്നു വിളിപ്പേര്. അതിൽ നിന്നാണ് ദേശത്തിന് ആ പേര് വന്നതെന്നും വാമൊഴിയുണ്ട്.കാസർകോട് ജില്ലയിലാണെങ്കിലും കണ്ണൂരിലെ ചെറുപുഴ ടൗണായിരുന്നു മണ്ഡപത്തുകാർക്ക് എന്തിനും ഏതിനും ആശ്രയം. പാലായിലെ സ്ഥലം വിറ്റു കിട്ടിയ പണം കൊണ്ട് ദേവസ്യ അവിടെ കൃഷിഭൂമി വാങ്ങിക്കൂട്ടിയിരുന്നു. മകൻ തോമസിനും കൃഷി തന്നെയായിരുന്നു പ്രധാനം. പക്ഷേ തോമസിന്റെയും റോസമ്മയുടെയും രണ്ടാമത്തെ മകനായ ഡെന്നി തോമസിന്റെ ചിന്തകൾ പഠനകാലത്ത് തന്നെ കൃഷിയിടങ്ങൾ വിട്ട് പറക്കാൻ തുടങ്ങിയിരുന്നു.
 
നമ്മളെ ആർക്കും വേണ്ടേ...?

തൊണ്ണൂറുകളുടെ അവസാനം... കൃഷിയിൽ നിന്നുള്ള വരുമാനം കുറഞ്ഞു വന്നു. പല കുടുംബങ്ങളും കടത്തിലായി. അന്നത്തെ പുതുതലമുറയ്ക്ക് മാറി ചിന്തിച്ചേ മതിയാകുമായിരുന്നുള്ളു. അക്കാലത്താണ് ഓസ്‌ട്രേലിയ, യു.കെ., ന്യൂസീലാൻഡ് എന്നിവിടങ്ങളിലേക്കെല്ലാം കേരളത്തിൽ നിന്നും നഴ്സുമാരുടെ കുടിയേറ്റം കൂടുന്നത്. ആ കുടുംബങ്ങൾ കടത്തിൽ നിന്നും രക്ഷപ്പെടാൻ തുടങ്ങി. വരണ്ട ജീവിതങ്ങൾ 'പച്ചപിടിക്കുന്നത്' നാട്ടിൽ വാമൊഴി കഥകളായി. അക്കാലത്ത് എൻജിനിയറിങ് കഴിഞ്ഞവരും ബിരുദം കഴിഞ്ഞവരുമൊക്കെ നാട്ടിൽ ഒരുപാടുണ്ടായിരുന്നു. അവർ പരസ്പരം ചോദിച്ചു തുടങ്ങി, 'നമ്മളെ ഒന്നും ആർക്കും വേണ്ടേ...? നഴ്‌സുമാർക്ക് വിദേശത്ത് പോകാമെങ്കിൽ നമുക്കും പോയ്ക്കൂടേ...? 'ആ ചോദ്യങ്ങളിൽ നിന്നാണ് ഡെന്നി തോമസ് വിദേശത്ത് ജോലി കിട്ടണമെങ്കിൽ എന്തുചെയ്യണമെന്നതിന് ഉത്തരം തേടാൻ തുടങ്ങിയത്. ആ 'പരീക്ഷയ്ക്ക്' ഉത്തരം കണ്ടെത്താൻ കാസർകോടിനും കണ്ണൂരിനുമപ്പുറത്തേക്ക് ഡെന്നി നിരന്തരം യാത്രകൾ ചെയ്തു. തിരികെ ചെറുപുഴ ടൗണിൽ ബസ്സിറങ്ങി, മെഴുകുതിരിയും കത്തിച്ച് മണ്ഡപത്തിലെത്തുമ്പോൾ പുതിയ എന്തെങ്കിലുമൊരു അറിവിന്റെ വിത്ത് മുളപൊട്ടിയിട്ടുണ്ടാകും.

To advertise here,

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കാണ് വിദേശത്ത് കൂടുതൽ അവസരങ്ങളെന്നും അല്ലാത്തവർ നേരിട്ട് പോയാൽ ജോലി കിട്ടാൻ സാധ്യത കുറവാണെന്നും ആ യാത്രകളിൽ മനസ്സിലാക്കി. ആ രാജ്യങ്ങളിൽ പോയി അവിടുത്തെ കോഴ്സും സംവിധാനങ്ങളും പഠിച്ചാൽ ജോലി ഉറപ്പാണെന്ന സത്യവും മനസ്സിലാക്കി. അക്കാലത്ത് വിദേശ വിദ്യാഭ്യാസം എന്നൊരു വാക്ക് മലയാളിക്ക് അത്ര പരിചിതമായിരുന്നില്ല. മുൻ മാതൃകകളൊന്നുമില്ലാതിരുന്ന ആ മേഖലയെക്കുറിച്ച് ഡെന്നി ആഴത്തിൽ പഠിക്കാൻ തുടങ്ങി.അക്കാലത്ത് ഇന്റർനെറ്റ് 'സ്ലോ മോഷൻ' ആയിരുന്നു. വിദേശ സർവകലാശാലകളുടെ വെബ്സൈറ്റൊക്കെ തുറന്നു വരാൻ വലിയ പെട്ടി കമ്പ്യൂട്ടറിന് മുന്നിൽ ഏറെ നേരം കാത്തിരിക്കണം. രാത്രികാലങ്ങളിലാണ് അൽപം സ്പീഡ് കിട്ടുക. അതുകൊണ്ട് തന്നെ ഡെന്നി തന്റെ വെബ് ലോകത്തെ ഗവേഷണം രാത്രികളിലാക്കി. വിദേശരാജ്യങ്ങളിലെ പഠനസമ്പ്രദായങ്ങളും അവിടുത്തെ സർവകലാശാലകളെയും കുറിച്ചെല്ലാം വിവരങ്ങൾ സമ്പാദിച്ചു തുടങ്ങി. ചിലവിവരങ്ങൾ തേടാൻ സർവകലാശാലകൾക്ക് ഇമെയിലുകൾ അയക്കും. ഒട്ടുമിക്കതിനും മറുപടി കിട്ടില്ല. ഐ.എസ്.ഡി. ഫോൺകോളുകൾ ഡെന്നിയുടെ പോക്കറ്റ് കാലിയാക്കാൻ തുടങ്ങി. വെളുപ്പിന് മൂന്നുമണിവരെയുള്ള ആ ഇരുപ്പ് ഡെന്നിക്ക് സമ്മാനിച്ചത് മൈഗ്രേയിൻ അഥവ ചെന്നികുത്തായിരുന്നു.ആ സമയത്ത് അതുവരെയുള്ള ശ്രമങ്ങളെല്ലാം ഉപേക്ഷിക്കാനുള്ള ഒരായിരം കാരണങ്ങൾ ആയുധമേന്തിയ ഭടൻമാരെ പോലെ ഡെന്നി തോമസിന് മുന്നിൽ നിരന്നു നിന്നു! പക്ഷേ അയാളുടെ മനസ്സിന്റെ ഉറപ്പിലേക്ക് തുളഞ്ഞു കയറാനുള്ള പഴുതൊന്നും ആ 'ഭടൻ'മാർക്ക് കിട്ടിയില്ല. ഒരടി പോലും പിന്നോട്ട് വെയ്ക്കാതെ ഡെന്നി ഗവേഷണം തുടർന്നു.

ആദ്യ കാൽവെപ്പുകൾ...
വിദേശവിദ്യാഭ്യാസത്തെക്കുറിച്ചുള്ള അറിവുകൾ ഉപയോഗപ്പെടുത്താൻ ഡെന്നി തോമസ് തീരുമാനിച്ചു. കണ്ണൂർ തെക്കിൽബസാറിൽ 2002ൽ ആദ്യമായൊരു ഓഫീസ് തുറന്നു, വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് മാർഗനിർദ്ദേശം നൽകുന്ന ഓഫീസായിരുന്നു അത്. വലിയ മെച്ചമൊന്നുമില്ലെന്ന് വൈകാതെ തിരിച്ചറിഞ്ഞു. അങ്ങനെയാണ് 2003-04 കാലഘട്ടത്തിൽ കൊച്ചിയിലേക്ക് എത്തുന്നത്. എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തിനടുത്തുള്ള ലായം റോഡിൽ ഒരു ഓഫീസ് തുടങ്ങി. നഴ്സ് ജോലിക്കായി വിദേശത്ത് പോകുന്നവർക്കുള്ള ഐ.ഇ.എൽ.ടി.എസ്., ടോഫൽ പോലുള്ള കോഴ്സുകൾ നടത്തുന്ന സ്ഥാപനമായിരുന്നു അത്. അതിൽ നിന്നാണ് വിദേശപഠന സഹായ സ്ഥാപനം തുടങ്ങാനുള്ള ആദ്യ നിക്ഷേപം സ്വരുക്കൂട്ടിയത്.
 
മോണിക്ക എന്ന  വിശുദ്ധയിലേക്ക്
വിദേശ വിദ്യാഭ്യാസ സ്ഥാപനം എന്ന സ്വപ്നത്തിന്റെ വാതിൽ തുറക്കുമ്പോൾ യുവജനങ്ങൾക്ക് മാറ്റത്തിന്റെ വഴികാട്ടിയായ വിശുദ്ധ മോണിക്കയുടെ പേരല്ലാതെ മറ്റൊന്നും ഡെന്നിയുടെ മനസ്സിലുണ്ടായില്ല. സെയിന്റ് മോണിക്കയെന്നതിന്റെ സ്പാനിഷ് പരിഭാഷയാണ് സാന്റാമോണിക്ക. 'വിദേശ വിദ്യാഭ്യാസം' അപ്പോഴും മനസ്സിന്റെ വേലിക്കപ്പുറത്തായിരുന്നു. എന്താണ് വിദേശവിദ്യാഭ്യാസമെന്നും സാധ്യകളെന്തെല്ലാമെന്നും ആളുകളെ ബോധവത്കരിക്കേണ്ടത് ആവശ്യമായിരുന്നു. അതിനും ഡെന്നി തോമസ് വഴി കണ്ടു. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സ്‌കൂളുകളിലും ക്ലബ്ബുകളിലും പള്ളികളോട് ചേർന്ന ഹാളുകളിലും അങ്ങനെ എവിടെയൊക്കെ ഇടം കിട്ടുന്നോ അവിടെയൊക്കെ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു. അക്കാലത്ത് വിദേശസർവകലാശാലകളിൽ നിന്നും ബിരുദത്തിന് വിദ്യാർഥികളെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഡെന്നി ക്ലാസുകളിൽ അച്ഛനമ്മമാരോട് ഇക്കാര്യം പറഞ്ഞപ്പോൾ അവർ ക്ഷുഭിതരായി, 'എട്ടുംപൊട്ടും തിരിയാത്ത പിള്ളേരെ അന്യനാട്ടിലേക്ക് അയക്കണമെന്നാണോ നിങ്ങൾ പറയുന്നത്...' അവർ ചോദിച്ചു. ആ കാലം അതിവേഗം ഓടിപ്പോയിരിക്കുന്നു. ഇപ്പോൾ പ്ലസ്ടു കഴിഞ്ഞവരാണധികവും വിദേശ വിദ്യാഭ്യാസത്തിന് പോകുന്നത്.

വസന്തം വിടർന്നു കൊണ്ടേയിരിക്കും
കേരളത്തിൽ നിന്നുള്ള വിദേശ കുടിയേറ്റം ആദ്യകാലത്ത് സിലോണിലേക്കും (ശ്രീലങ്ക) മലേഷ്യയിലേക്കും ഇന്നത്തെ സിങ്കപ്പൂരിലേക്കുമായിരുന്നു. അതിനു ശേഷം 1970കളിലാണ് ഗൾഫ് നാടുകളിലേക്കുള്ള മലയാളികളുടെ വലിയ കുടിയേറ്റം തുടങ്ങുന്നത്. തൊണ്ണൂറുകളുടെ പകുതി കഴിഞ്ഞപ്പോഴേക്കും ഗൾഫിലെ കുടിയേറ്റം കുറയാൻ തുടങ്ങി. അവിടെ ലഭിച്ചിരുന്ന ജോലിയും ശമ്പളവുമൊന്നും ആകർഷകമല്ലാതായി. ആളുകൾ തിരിച്ചുവരാൻ തുടങ്ങി. അതിനിടെയായിരുന്നു 2008-ലെ സാമ്പത്തികമാന്ദ്യം ലോകത്തെയാകെ ഉലയ്ക്കുന്നത്. ഗൾഫ് വസന്തത്തിന്റെ അവസാന ഇതളുകളും കൊഴിഞ്ഞു തുടങ്ങി. അതോടെ ലോകത്ത് ഇനി അവസരങ്ങളില്ലെന്ന ചിന്തയിലേക്ക് മലയാളി വീണു പോയിരുന്നു.അവിടെയും ഡെന്നി തോമസെന്ന ദീർഘദർശി മാറി ചിന്തിച്ചു. ഒരു വസന്തമവസാനിക്കുമ്പോൾ മറ്റൊരു വസന്തം തളിരിടുന്നുണ്ടാകുമെന്ന് ഉറച്ച് വിശ്വസിച്ചു. ഇതിനിടയിൽ സാന്റാമോണിക്കയുടെ രണ്ടാമത്തെ ഓഫീസ് കോട്ടയത്ത് തുടങ്ങിയിരുന്നു. ഇന്നത് ഒറ്റനിലയിൽ 20,000 ചതുരശ്ര അടിയിലുള്ള ഏറ്റവും വലിയ ഓഫീസായി മാറി. സാമ്പത്തികമാന്ദ്യത്തിനിടയിലും സാന്റാമോണിക്ക പുതിയ മേച്ചിൽപ്പുറങ്ങൾ തേടി.

ആദ്യമായി ഓസ്ട്രേലിയയിലെ സർവകലാശാലകളുമായാണ് ബന്ധപ്പെടുന്നത്. അതും ഇടനിലക്കാർ വഴിയേ സാധിച്ചിരുന്നുള്ളു. അതുപോരെന്ന് ഡെന്നി തോമസ് ഉറപ്പിച്ചു. സർവകലാശാലകളുമായി സാന്റാമോണിക്കയ്ക്ക് നേരിട്ട് ബന്ധമുണ്ടാവണം. വിദ്യാർഥികൾ പറ്റിക്കപ്പെടാൻ ഇടയാകരുത്. രാജ്യാന്തരസർവകലാശാലകളിൽ പലതരത്തിലുള്ള കോഴ്‌സുകൾ ഉണ്ട്. ഇതിൽ കേരളത്തിലെ കുട്ടികൾക്ക് പഠിക്കാൻ സാമ്പത്തികം അനുവദിക്കുന്ന കോഴ്‌സുകൾ കണ്ടെത്തുകയായിരുന്നു പ്രധാനം. അതിനുപുറമേ ജോലി സാധ്യത കൂടുതലുള്ളവയേതെന്നും അറിയണമായിരുന്നു.ഡെന്നിയുടെ ആദ്യ യാത്ര യു.കെ.യിലേക്കായിരുന്നു. പന്ത്രണ്ട് സർവകലാശാലകളുമായാണ് ആ യാത്രയിൽ ധാരണയായത്. അതയാളെ ആത്മവിശ്വാസത്തിന്റെ എവറസ്റ്റിലെത്തിച്ചു. പിന്നെ വിശ്രമമില്ലാതെ നിരന്തരം യാത്രകളായി. ഓരോ രാജ്യങ്ങളിലെയും വിദ്യാഭ്യാസത്തിന്റെ ട്രെൻഡുകൾ മനസ്സിലാക്കി. ആ രാജ്യങ്ങളിൽ പോയി അവിടുത്തെ സാധ്യതകൾ പഠിച്ച്, സർവകലാശാലകളുമായി ധാരണയിലെത്തി. കേരളത്തിൽ എൻജിനീയറിങ് കഴിയുന്നവരുടെ എണ്ണം കൂടിവരുന്ന കാലമായിരുന്നു. ഐ.ടി. വിപ്ലവത്തിൽ ഒരുപാട് പേർ അമേരിക്കയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോയെങ്കിലും എൻജിനീയറിങിന്റെ എല്ലാ ശാഖകളിലും അതായിരുന്നില്ല അവസ്ഥ. അവരിൽ പലർക്കും ജോലി കിട്ടാത്ത സാഹചര്യങ്ങൾ വന്നു.എൻജിനിയറിങ് കഴിഞ്ഞാൽ വൈറ്റ് കോളർ ജോലി എന്ന മാനസിക സ്ഥിതിയായിരുന്നു കുട്ടികൾക്കും മാതാപിതാക്കൾക്കും. വിദേശത്ത് പോയി ഉപരിപഠനം നടത്തി, അവിടെ ജോലി കിട്ടുമ്പോൾ ഫീൽഡിലേക്ക് ഇറങ്ങി പണിയെടുക്കണം എന്ന് ബോധ്യപ്പെടുത്താൻ ഡെന്നി കുറേ ബുദ്ധിമുട്ടി. ഇവിടുത്തെ എൻജിനിയറിങ് കോഴ്‌സുകളുടെ പോരായ്മ പ്രാക്ടിക്കൽ സെഷൻസ് കുറവും തീയറി കൂടുതലുമാണെന്നതാണ്. വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് യു.കെ. പോലുള്ള രാജ്യങ്ങളിൽ 'സാൻഡ്വിച്ച്' പ്രോഗ്രാമുകളാണ്. ആദ്യ രണ്ടുവർഷം പഠനമാണെങ്കിൽ മൂന്നാം വർഷം മുഴുവൻ ഇന്റേൺഷിപ്പാണ്. നാലാം വർഷം ആ വിദ്യാർഥി വീണ്ടും ക്ലാസിൽ വന്ന് പഠിക്കണം. ഓസ്‌ട്രേലിയയിൽ പഠനസമയത്ത് തന്നെ പ്രാക്ടിക്കൽ ചെയ്യണമെന്നത് നിർബന്ധമാണ്. ആദ്യമൊക്കെ കുട്ടികൾക്ക് മടിയായിരുന്നു. നാട്ടിൽ ജോലി കിട്ടാതായപ്പോൾ വിദേശത്തേക്ക് പോയി തുടങ്ങി. ഇവിടെ ബിരുദം പഠിച്ചിട്ട് വിദേശത്ത് പോയി ഒരുവർഷത്തെ ഡിപ്ലോമ പഠിച്ച ശേഷം ജോലി കിട്ടിയ ഒരുപാട് പേരുണ്ട്.

ബാങ്കിന്റെ വിശ്വാസമെന്ന വെല്ലുവിളി
വിദേശ വിദ്യാഭ്യാസത്തെക്കുറിച്ച് നാട്ടുകാർ കേട്ടിട്ടില്ലാത്തത് പോലെ അത്തരമൊന്നിന് വായ്പ നാൽകാൻ ബാങ്കുകൾക്കും മടിയായിരുന്നു. എൻജിനിയറിങ് വിദ്യാഭ്യാസത്തിനായി വായ്പയെടുത്തിരുന്നവർ തിരിച്ചടയ്ക്കാതായതിന്റെ പേടിയിലായിരുന്നു ബാങ്കുകൾ. വിദ്യാർഥികളേയും കുറ്റപ്പെടുത്താൻ പറ്റാത്ത സ്ഥിതിയായിരുന്നു. പഠിച്ചിറങ്ങുന്നവർക്ക് ജോലി കിട്ടാത്ത സാഹചര്യം. അപ്പോൾ വിദ്യാഭ്യാസ വായ്പയെന്നത് കിട്ടാക്കടമായി ബാങ്കുകൾ കാണാൻ തുടങ്ങി. ഓരോ ബാങ്കുകളിലും ഡെന്നി കയറി ഇറങ്ങി. ബാങ്ക് അധികൃതരെ വിദേശ വിദ്യാഭ്യാസത്തിന്റെ സാധ്യതകളും വായ്പ തിരിച്ചടവ് മുടങ്ങില്ലെന്നതും ബോധ്യപ്പെടുത്തി. വിദേശത്ത് പോകുന്ന വിദ്യാർഥികൾ വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുവെന്ന് സാന്റാമോണിക്ക തന്നെ ഉറപ്പുവരുത്തി.

 കാനഡയും യു.കെ.യും  കുട്ടികളും
വിദേശവിദ്യാഭ്യാസമെന്നതിനൊപ്പം മലയാളി മനസ്സിൽ കുറിച്ചിടുന്ന പേരായി 'സാന്റാമോണിക്ക' അപ്പോഴേക്കും മാറിക്കഴിഞ്ഞിരുന്നു. മലയാളിക്കുട്ടികൾ കാനഡയിലേക്കും യു.കെ.യിലേക്കും ഉപരിപഠനത്തിന്റെയും ജോലിയുടേയും സാധ്യതകൾ തേടി സാന്റാമോണിക്കയിലൂടെ പറന്നു. ഹെൽത്ത് കെയർ, എൻജിനീയറിങ്, ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ് മേഖലകളിലേക്കായിരുന്നു ഒഴുക്കത്രയും. ഇന്നും ഇതേ ട്രെൻഡ് തുടരുന്നു. കാനഡയും യു.കെ.യും കഴിഞ്ഞാൽ ഏറ്റവുമധികം വിദ്യാർഥികൾ പോകുന്നത് ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, അയർലൻഡ്, ജർമനി എന്നിവിടങ്ങളിലേക്കാണ്. എറണാകുളം, കോട്ടയം, തൃശ്ശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ് അന്നും ഇന്നും വിദേശപഠനത്തിനായി ഏറ്റവും കൂടുതൽ കുട്ടികൾ കേരളത്തിൽ നിന്നും പോകുന്നത്.

 ടൂറിസവും വിസയും ഫോറെക്സും

സാന്റാമോണിക്ക വഴി വിദേശത്തേയ്ക്ക് പോകുന്ന കുട്ടികളുടെ എണ്ണം കൂടാൻ തുടങ്ങിയതോടെയാണ് അതിന് അനുബന്ധമായ മറ്റൊന്ന് ഡെന്നി തോമസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ട്രാവൽ ഏജൻസികൾ യഥാർഥ നിരക്കിന്റെ പത്തിരട്ടി വരെ കുട്ടികളിൽ നിന്നും വിമാനടിക്കറ്റിന് ഈടാക്കുന്നു. ചില വിദേശ സർവകലാശാലകളിലൊക്കെ പ്രവേശനം തുടങ്ങുന്നത് ഒരേ സമയത്തായിരിക്കും. ഈ സമയത്ത് വിമാന ടിക്കറ്റ് നിരക്കുകളും ഉയരുന്നു. ഇത് പരിഹരിക്കുന്നതിനാണ് സാന്റാമോണിക്ക 2014ൽ സ്വന്തമായി ടൂർസ് ആൻഡ് ട്രാവൽസ് കൂടി തുടങ്ങുന്നത്. ഒരുവർഷം മുൻപേ തന്നെ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്തു വെയ്ക്കും. ഇതിന്റെ മെച്ചം വിദ്യാർഥികൾക്ക് ലഭിക്കും.

കുട്ടികളുടെ ബിരുദദാന ചടങ്ങിനൊക്കെ അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ വിദേശ സർവകലാശാലകളിലേക്ക് പോകുന്നുണ്ട്. ഇതാണ് ടൂറിസത്തിലേക്ക് കൂടി ശ്രദ്ധയൂന്നാനുള്ള കാരണങ്ങളിലൊന്ന്. ലോകമെമ്പാടുമുള്ള മനുഷ്യർ യാത്രകൾ ചെയ്യാൻ ഉത്സുഹകരായ കാലമാണിത്. കോവിഡിനുശേഷം പ്രത്യേകിച്ചും. ഓരോ കുടുംബത്തിന്റെയും ബഡ്ജറ്റിനനുസരിച്ച് സ്വദേശത്തും വിദേശത്തും ടൂറുകൾ സാധ്യമാക്കുക കൂടി ചെയ്യുന്ന സാന്റാമോണിക്ക ഇന്ന് 193 രാജ്യങ്ങളിലേക്ക് വിസ ചെയ്യുന്ന സ്ഥാപനമായി മാറി. യു.കെ. അടക്കമുള്ള രാജ്യങ്ങളുടെ വിസ അറ്റസ്റ്റേഷനും ബയോമെട്രിക്കും വരെ സാന്റാമോണിക്കയുടെ ഓഫീസിൽ ചെയ്യുന്നു. ഈ രാജ്യങ്ങളുൾപ്പെടെയുള്ളവയിലേക്ക് ടൂർ പാക്കേജുകളും തുടങ്ങി.

സൗദി, ശ്രീലങ്ക, ദക്ഷിണ കൊറിയ ടൂറിസം ബോർഡുകളുടെ ഔദ്യോഗിക പ്രതിനിധിയാണിപ്പോൾ സാന്റാമോണിക്ക. പുതിയ വിദേശ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുകയും പഠനം നടത്തി ആ രാജ്യത്തെ ടൂറിസം വകുപ്പുമായി ധാരണയിലെത്താനും സാന്റാമോണിക്ക ജീവനക്കാരെ അയക്കുന്നു. വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികൾ ഫീസ് അടയ്ക്കേണ്ടത് ഏതാണ്ട് ഒരേ സമയത്താണ്. അപ്പോൾ കറൻസി നിരക്കുകൾ ഉയരും. കരിഞ്ചന്ത വ്യാപകമാണ്. വിദ്യാർഥികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഫോറെക്സ് സേവനങ്ങളും തുടങ്ങി.

 ലോകം  നിശ്ചലമായപ്പോൾ
കുടക് മലനിരകളിൽ നിന്നുറവ കൊണ്ട് കണ്ണൂരിലൂടെ കാസർകോട്ടേയ്ക്കാഴുകുന്ന തേജസ്വിനി പുഴപോലെ കേരളത്തിൽ നിന്നും വിദേശപഠനത്തിനായി വിദ്യാർഥികൾ വിദേശത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. ആ സമയത്താണ് ലോകത്തെ നിശ്ചലമാക്കി കോവിഡിന്റെ വരവ്. സാന്റാമോണിക്കയിൽ നിന്നും വിദേശപഠനത്തിനായി പോകാൻ വിദ്യാർഥികൾ തയ്യാറെടുത്ത് നിന്ന സമയത്താണ് വിമാന സർവീസുകൾ നിലച്ചത്. പ്രതിസന്ധികൾ സാധ്യതകളുടെ വാതിൽ തുറക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഡെന്നി തോമസ് അവിടെയും തളർന്നില്ല. കേരളത്തിൽ നിന്നും കാനഡയിലേക്ക് സാന്റാമോണിക്കയുടെ 12 ചാർട്ടേഡ് വിമാനങ്ങളാണ് കുട്ടികളേയും കൊണ്ട് പറന്നത്. അതിനായി നിരവധി അനുമതികൾ ആവശ്യമായിരുന്നു. അതെല്ലാം വാങ്ങിയപ്പോൾ അടുത്ത പ്രതിസന്ധി ഡെന്നിക്ക് മുന്നിൽ നീണ്ടു നിവർന്നുനിന്നു, ഇന്ത്യയുടെ ആർ.ടി.പി.സി.ആർ. കാനഡ അംഗീകരിക്കില്ല. അതിനും വഴികണ്ടു. ചാർട്ടേഡ് വിമാനങ്ങൾ എത്യോപ്യയിലേക്കും ഈജിപ്തിലേക്കും, മസ്‌ക്കറ്റിലേക്കും പറന്നു. അവിടെ വിദ്യാർഥികളെ ഇറക്കി. ആർ.ടി.പി.സി.ആർ. എടുത്ത് അതേ വിമാനത്തിൽ കാനഡയിലേക്ക് എത്തിച്ചു. മറ്റൊരു പ്രതിസന്ധി ടൂറിസത്തിലായിരുന്നു. ആ സമയത്ത് ടൂർപാക്കേജുകൾക്കായി ബുക്ക് ചെയ്തിരുന്നവർക്കായി എയർലൈൻ കമ്പനികൾക്ക് സാന്റാമോണിക്ക പണം നൽകി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. യാത്രകൾ സാധ്യമാകാതെ വന്നപ്പോൾ എയർലൈൻ കമ്പനികൾ പണം തിരികെ നൽകിയില്ല പിന്നീടുള്ള യാത്രയ്ക്ക് ടിക്കറ്റ് നൽകാമെന്ന ഉറപ്പ് മാത്രമാണ് നൽകിയത്.  പക്ഷേ ബുക്ക് ചെയ്തിരുന്നവർക്കൊക്കെ പണം തിരികെ നൽകണം എന്ന നിലപാടിലായിരുന്നു ഡെന്നി തോമസ്. എല്ലാവർക്കും റീഫണ്ട് നൽകി. കോവിഡ് കാലത്ത് ഒരു ജീവനക്കാരനെ പോലും പിരിച്ചുവിട്ടില്ലെന്ന് മാത്രമല്ല മുൻ വർഷത്തെ ഇൻസെന്റീവുകളും കൃത്യമായി നൽകി സാന്റാമോണിക്ക. ഇതേ കോവിഡ് കാലത്താണ് കൊച്ചി രവിപുരത്ത് സാന്റാമോണിക്ക രണ്ടുനിലകളിലായി 20,000 ചതുരശ്ര അടിയിലുള്ള പുതിയ ഓഫീസ് തുടങ്ങുന്നതും.

ഏഷ്യൻ റെക്കോഡിലേക്ക്
കോവിഡ് കഴിഞ്ഞതോടെ കാനഡയിലേക്കുള്ള മലയാളികളുടെ ഒഴുക്ക് കൂടി. ഇതോടെ 2023 ൽ  ഏറ്റവും കൂടുതൽ വിദ്യാർഥികളെ ഒറ്റത്തവണ ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് അയച്ചുകൊണ്ട് ചരിത്രമുഹൂർത്തം സൃഷ്ടിച്ചു സാന്റാമോണിക്ക. 7,236 വിദ്യാർഥികൾ  ഒരുമിച്ച് കാനഡയിലേക്ക് പറന്നു. കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായി മുഴുവൻ വിദ്യാർഥികളും രക്ഷിതാക്കളും കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഗമിച്ചു. വിദേശ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത ഈ സംഭവം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം പിടിച്ചു. ഐക്യ രാഷ്ട്ര സംഘടനയുടെ കീഴീലുള്ള ഇന്റർനാഷണൽ യൂണിയന്റെ ഗ്ലോബൽ എക്‌സലൻസ് അവാർഡും ഡെന്നി തോമസിന് ലഭിച്ചു.

തട്ടിപ്പുകൾ പലവിധം
വിദേശ വിദ്യാഭ്യാസത്തിലേക്ക് ഒരുപാട് സ്ഥാപനങ്ങളാണിപ്പോൾ കടന്നുവരുന്നത്.   എന്നാൽ ആധികാരികതയുള്ള സ്ഥാപനങ്ങൾ കുറവാണ്.  പലർക്കും വിദേശ സർവകലാശാലകളുമായി നേരിട്ട് ബന്ധങ്ങളില്ല. സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ആധികാരികതയും അനുഭവ സമ്പത്തും ഈ മേഖലയിൽ പ്രധാനമാണ്.

പിള്ളേരും പറ്റിക്കും
കേരളത്തെ ഒരു മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരാളുടെ മകൻ വർഷങ്ങൾക്ക് മുമ്പ് സാന്റാമോണിക്ക വഴി കാനഡയിലേക്ക് പോയിരുന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ ആ അച്ഛനും അമ്മയും ഒരു പരാതിയുമായി സാന്റാമോണിക്കയുടെ ഓഫീസിലെത്തി. 'മകന് അവിടെ പാർട് ടൈം ജോലി കിട്ടിയിട്ടില്ല. ഞങ്ങൾ മാസം 400 ഡോളർ വീതം അയച്ചു കൊണ്ടിരിക്കുകയാണ്. വലിയ സാമ്പത്തിക പ്രശ്നത്തിലാണിപ്പോൾ....' വിഷയം ഡെന്നി തോമസിന് മുന്നിലെത്തി. 'നിങ്ങളെന്തിനാണ് പണമയക്കുന്നത്. ഇവിടെ നിന്നു പോകുമ്പോൾ തന്നെ അവന്റെ അക്കൗണ്ടിൽ ആവശ്യത്തിനുള്ള പണം ഇട്ടു കൊടുത്തിട്ടുണ്ടല്ലോ. ഒരു മാസം 600 ഡോളർ വീതം പിൻവലിക്കാമല്ലോ...400-500 ഡോളറുണ്ടെങ്കിൽ അവിടെ സുഖമായി ജീവിക്കാമല്ലോ..?' അദ്ദേഹം ചോദിച്ചു. എന്തോ കള്ളത്തരം നടക്കുന്നുണ്ടെന്ന് സംശയം തോന്നിയതോടെ കാനഡയിലുള്ള സാന്റാമോണിക്കയുടെ ജീവനക്കാരനോട് പയ്യന്റെ താമസസ്ഥലത്ത് ചെന്ന് അന്വേഷിക്കാൻ ഡെന്നി തോമസ് ആവശ്യപ്പെട്ടു. അയാൾ അവിടെ ചെന്നപ്പോഴും കുട്ടി പറഞ്ഞത് പാർട് ടൈം ജോലി കിട്ടിയില്ലെന്നായിരുന്നു. നാലിടങ്ങളിൽ അഭിമുഖം ശരിയാക്കിയപ്പോൾ കുട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു...'എനിക്ക് ജോലിക്കൊന്നും പോകാൻ താത്പര്യമില്ല' കുട്ടി വീട്ടുകാരെ പറ്റിക്കുകയായിരുന്നു ഇത്രയും കാലം.  ബുദ്ധിമുട്ടുകൾ സഹിച്ച് മകനെ വിദേശത്തേക്കയച്ച ആ അച്ഛനും അമ്മയും അക്ഷരാർത്ഥത്തിൽ സങ്കടത്തിലായി.

അക്കൗണ്ടിലെ പറ്റിക്കൽ
കോഴ്സിന് ഫീസടയ്ക്കേണ്ട സമയമാകുമ്പോൾ ചില ഏജന്റുമാർ കുട്ടികളെ സമീപിക്കും. അഞ്ചുലക്ഷം രൂപ ഫീസാണെങ്കിൽ നാലരലക്ഷം രൂപ കേരളത്തിൽ അവർ പറയുന്ന അക്കൗണ്ടിലിട്ടാൽ മതി ഫീസ് അവർ അടയ്ക്കാമെന്ന് ഉറപ്പ് കൊടുക്കും. എന്നിട്ട് അഞ്ചു ലക്ഷം രൂപ ഫീസ് സർവകലാശാലയിൽ അടച്ചതിന്റെ രസീത് കാണിക്കും. അപ്പോഴവൻ അച്ഛനമ്മമാരെ വിളിച്ചു പറയും അവൻ പറയുന്ന അക്കൗണ്ടിൽ പണമിടാൻ. മക്കളെ വിശ്വസിച്ച് അച്ഛനമ്മമാർ പണം അവർ പറയുന്ന അക്കൗണ്ടിലിടും. വിദേശ സർവകലാശാലകളിൽ പലതിലും നമ്മൾ ഫീസ് അടച്ച് 24 മണിക്കൂർ കഴിഞ്ഞാലും അത് തിരികെ വാങ്ങാം എന്ന സംവിധാനമുണ്ട്. ഏജന്റുമാർ ഇത് ഉപയോഗപ്പെടുത്തും.  സർവകലാശാലയിൽ അടച്ച ഫീസ് അവർ തിരികെ വാങ്ങും.  പറ്റിക്കപ്പെട്ടെന്ന് ബോധ്യമാകുന്നത് ഏറെ കഴിഞ്ഞാകും.
 
ക്ലാസിൽ കയറാത്തവർ
വിദേശ സർവകലാശാലകളിലേക്ക് പഠിപ്പിക്കാൻ അയച്ചിട്ട് ക്ലാസിൽ കയറാത്ത കുട്ടികളുണ്ട്. അതിലൊരാൾ മാതാപിതാക്കളോട് പറഞ്ഞത് ക്ലാസിൽ ഭയങ്കര വർണവിവേചനമാണ് അതാണ് പോകാത്തതെന്നാണ്. ഇത് പരാതിയായി എത്തിയപ്പോൾ സാന്റാമോണിക്ക ജീവനക്കാർ സർവകലാശാലയിലെത്തി പരിശോധിച്ചു. അപ്പോഴാണറിയുന്നത് ആ സെമസ്റ്ററിൽ അവൻ ആകെ മൂന്ന് ദിവസമാണ് ക്ലാസിൽ പോയത്. ക്ലാസിൽ പോകാനുള്ള മടിയ്ക്ക് കാരണം കണ്ടെത്തിയതാണ് 'വർണവിവേചനം'!

വനിതകളുടെ ഓഫീസ്
സ്ത്രീശാക്തീകരണമെന്നത് പ്രവൃത്തിപഥത്തിലെത്തിച്ച സ്ഥാപനമാണ് സാന്റാമോണിക്ക. രണ്ടായിരത്തിലേറെ ജീവനക്കാരുള്ളതിൽ 99 ശതമാനവും വനിതാ ജീവനക്കാരാണ്. അതിന് പിന്നിലൊരു മനഃശാസ്ത്രവുമുണ്ട്. വിദേശ വിദ്യാഭ്യാസത്തിന്റെ അന്വേഷണവുമായെത്തുന്ന മാതാപിതാക്കളേയും കുട്ടികളേയുമൊക്കെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെങ്കിൽ കൗൺസലിങ് ആവശ്യമാണ്. അതിന് നല്ല ക്ഷമവേണം. പ്രശ്നങ്ങൾ പറയാനും കേൾക്കാനും നല്ലത് വനിതകളാണെന്ന തിരിച്ചറിവിൽ നിന്നാണ് സാന്റാമോണിക്ക 'പിങ്ക്' ഓഫീസായി മാറിയത്. സാന്റാമോണിക്കയെ സംബന്ധിച്ചിടത്തോളം ഏറെക്കാലം ജോലിചെയ്ത് പരിചയമുള്ളവരാണ് ജീവനക്കാരിൽ ഭൂരിഭാഗവും. എക്സ്പീരിയൻസ് ആണ് ഏറ്റവും വലിയ ഘടകമെന്ന് ഡെന്നി തോമസ് തന്നെ അടിവരയിടുന്നു.

സാന്റാ സ്റ്റൈൽ
വിദേശപഠനത്തിനായി വിദ്യാർഥികളെ കൈകാര്യം ചെയ്യുന്നതിന് സാന്റാമോണിക്കയ്ക്ക് സ്വന്തമായൊരു ശൈലി തന്നെയുണ്ട്. വിദ്യാർഥികളോട് ഏത് കോഴ്‌സാണ് പഠിക്കാൻ ആഗ്രഹം എന്ന് ആദ്യം ചോദിച്ചറിയും. പിന്നീട് അവരുടെ അക്കാദമിക്ക് നിലവാരവും അഭിരുചിയും പരിശോധിക്കും. ഇതിന് ശേഷമാണ് അവർക്ക് പറ്റുന്ന കോഴ്‌സുകളെക്കുറിച്ചും പോകാവുന്ന രാജ്യങ്ങളേയും സർവകലാശാലകളേയും കുറിച്ച് പറഞ്ഞുകൊടുക്കുക.
 
ബാങ്കുകളുമായി ടൈ അപ്പ്
വിദേശ വിദ്യാഭ്യാസത്തിന് വിദ്യാർഥികൾക്ക് വായ്പ ലഭ്യമാക്കാൻ സാന്റാമോണിക്ക 14 ബാങ്കുകളുമായി ധാരണപത്രം ഒപ്പിട്ടുണ്ട്. ഇവിടെ വരുന്ന കുട്ടികൾ ബാങ്കുകൾ കയറിയിറങ്ങേണ്ട. ബാങ്കിന് ആവശ്യമുള്ള രേഖകളെല്ലാം വിദ്യാർഥികളിൽനിന്നും വാങ്ങി നൽകുന്നത് സാന്റാമോണിക്കയാണ്. അത് പരിശോധിച്ച് ബാങ്ക് പ്രാഥമിക അംഗീകാരം നൽകിയശേഷം വിദ്യാർഥികളേയും രക്ഷിതാക്കളേയും ബാങ്കിലേക്ക് വിളിപ്പിച്ചാണ് ബാക്കി നടപടിക്രമങ്ങൾ.
 
എഴുത്തിന്റെയും യാത്രയുടെയും വഴികളിൽ
വിദ്യാർഥികളെ ഭാവിയിലേക്ക് കൈപിടിച്ച് നടത്തുന്ന ഡെന്നി തോമസ് ഗൗരവമേറിയ ലോകകാര്യങ്ങളുടെ എഴുത്തുകാരൻ കൂടിയാണ്. 'അശാന്തിയുടെ പൂമരം', 'ഞങ്ങൾ അഭയാർഥികൾ', 'കോവിഡ് എന്ത് എന്തുകൊണ്ട്', 'ക്ഷോഭമടങ്ങാത്ത ലങ്ക' എന്നീ നാല് പുസ്തകങ്ങളുടെ രചയിതാവാണ്. ഇതിനൊപ്പം ചരിത്രം, സമകാലിക ലോകവിഷയങ്ങൾ, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ ബ്ലോഗുകളും എഴുതുന്നു.
ജനീവയിൽ ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി കൗൺസിലിൽ പോയതിന്റെ കൂടിയാകാം ആഗോളതലത്തിൽ മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചെഴുതാനാണ് താതപര്യം. നൂറിലേറെ രാജ്യങ്ങളിൽ നിരന്തരം യാത്ര ചെയ്യുന്ന ഡെന്നിയുടെ എഴുത്തിനുള്ള ആശയങ്ങളൊക്കെ അത്തരം യാത്രകളിലാണ് മുളപൊട്ടുന്നത്.

സാന്റാ സാമ്രാജ്യം
മലയാളിയെ വിദേശപഠനത്തിലേക്ക് കൈപിടിച്ച് നടത്തിയ സാന്റാമോണിക്കയും കാലത്തിനൊപ്പം വളർന്നു കൊണ്ടിരിക്കുന്നു. ആദ്യകാലത്ത് ഓസ്ട്രേലിയയിലേക്കും യു.കെ.യിലേക്കും മാത്രം വിദ്യാർഥികളെ ഉപരിപഠനത്തിനയച്ചിരുന്ന സാന്റയിന്ന് 40 രാജ്യങ്ങളിലേക്കാണ് കുട്ടികളെ അയക്കുന്നത്. 800ലധികം വിദേശ സർകലാശാലകളുമായി നേരിട്ട് എഗ്രിമെന്റുള്ള തെക്കേ ഇന്ത്യയിലെ ഏക സ്ഥാപനമായ സാന്റാ മോണിക്കയെന്ന നദി 54 ശാഖകളുള്ള വലിയ നദിയായി മാറിക്കഴിഞ്ഞു. കേരളത്തിന് പുറമേ തെലങ്കാന, കർണാടക, തമിഴ്‌നാട്, അബുദാബി, യു.കെ., കാനഡ എന്നിവിടങ്ങളിലും സെന്ററുകൾ തുടങ്ങി. ഓരോ വർഷവും 20,000 മുതൽ 25,000 വരെ വിദ്യാർഥികൾക്ക് അവരുടെ സ്വപ്നത്തിലേക്കുള്ള മാർഗദീപമായി മാറിക്കഴിഞ്ഞു. അപ്പോഴും വിദ്യാർഥികൾക്കായി പുതിയ ആകാശവും പുതിയ ഭൂമിയും തേടുകയാണ് ഡെന്നി തോമസ് വട്ടക്കുന്നേൽ.....

വിദേശവിദ്യാഭ്യാസത്തിന് ഇത്രയേറെ പ്രാധാന്യം കേരളത്തിൽ വന്നത് എങ്ങനെയാണ്..?
എന്റെ പിതാവും മുത്തച്ഛനുമൊക്കെ കുടിയേറിയ കാലത്ത് ഉണ്ടായിരുന്ന ധാരണ ഒരുപാട് സ്ഥലം കൈവശമുണ്ടെങ്കിൽ മക്കൾ രക്ഷപ്പെട്ടു എന്നായിരുന്നു. അത് ഒരുകാലത്ത് സത്യവുമായിരുന്നു. ഇന്ന് കൃഷി സ്ഥലം ബാധ്യതയായി മാറി, വരുമാനം കുറഞ്ഞു. പിന്നെ കടകളോ ചെറുകിട ബിസിനസ്സുകളോ തുടങ്ങിയാൽ വിജയിക്കുന്നതിന് സാധ്യത കുറഞ്ഞും വരുന്നു.രക്ഷിതാക്കൾ ഇപ്പോൾ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് വലിയ സ്വത്തായി കണക്കാക്കുന്നത്. തൊഴിലധിഷ്ഠിതമായി നല്ല വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ നാട്ടിലുണ്ടെങ്കിലെ അവർ ഇവിടെ തുടരു. ജോലി കിട്ടാനുള്ള സാധ്യതയ്ക്കാണ് കുട്ടികളും രക്ഷിതാക്കളും പ്രാധാന്യം നൽകുന്നത്.വിദേശ സർവകലാശാലകളിലെ വിദ്യാഭ്യാസം ഇതിനവരെ പ്രാപ്തരാക്കുന്നുവെന്ന തിരിച്ചറിവ് സമൂഹത്തിന് വന്നു കഴിഞ്ഞു. രാജ്യാന്തര സർവകലാശാലയിൽ പഠിച്ചാൽ നിങ്ങൾക്ക് മുന്നിലുള്ള ലോകം തന്നെ വലുതാവുകയാണ്. ഉള്ളിലേക്ക് പ്രവഹിക്കുന്ന വിദ്യയുടെ പ്രകാശത്തിനും തെളിച്ചം കൂടും. വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾക്കൊപ്പമാണ് പഠനം. അവരുടെ നെറ്റ് വർക്കും സാധ്യതകളും സ്വാഭാവികമായും വലുതാകും.

 വിദേശ സർവകലാശാലകളുമായുള്ള ബന്ധം സൂക്ഷിക്കുന്നത് എങ്ങനെയാണ്..?
കോഴ്‌സുകൾക്കായി വിദ്യാർഥികളെ അയച്ചിരിക്കുന്ന രാജ്യങ്ങളിലെല്ലാം സാന്റാമോണിക്കയുടെ പ്രതിനിധികളുണ്ടാകും. എപ്പോഴും മൂന്നോ നാലോ പേര് ഒരു ടീമായി അതാത് രാജങ്ങളിലുണ്ടാകും. ഈ ടീം സർവകലാശാലാ പ്രതിനിധികളുമായി ചർച്ചകൾ നടത്തുകയും കോഴ്‌സുകളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നു. പ്രദേശത്തേക്കുറിച്ചും പഠിക്കും, അവിടുത്തെ ജോലിസാധ്യതയെക്കുറിച്ചും പഠിക്കും. കേരളത്തിൽ നിന്നും പോകുന്ന വിദ്യാർഥികൾക്ക് താമസിക്കാൻ പറ്റിയ ഇടങ്ങൾ കണ്ടെത്തുന്നതും ഇവരാണ്.
 
വിദേശപഠനത്തിൽ ഏറ്റവും ജോലിസാധ്യതയുള്ളത് ഏത് കോഴ്സുകൾക്കാണ്..?
 ജോലിസാധ്യത കൂടുതൽ ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, എൻജിനീയറിങ് മേഖലയിലാണ്. ഹോസ്പിറ്റാലിറ്റിക്കൊരു പ്രത്യേകതയുണ്ട്, വിദേശരാജ്യങ്ങളിലുള്ളവർ തിങ്കൾ മുതൽ വെള്ളിവരെ ജോലി ചെയ്യും. വെള്ളിയാഴ്ച ഉച്ചകഴിയുമ്പോൾ തന്നെ അവർ അവധിയുടെ മൂഡിലേക്ക് കടക്കും. ശനിയും ഞായറും അവർ ജീവിതം ആസ്വദിക്കുകയാണ്. ആ രണ്ടുദിവസം അവർ ജോലിചെയ്യാൻ തയ്യാറാവില്ല. അതുപോലെ രാത്രിജോലിക്കും താത്പര്യമില്ല. പക്ഷേ നമ്മുടെ കുട്ടികൾ എപ്പോഴും ജോലി ചെയ്യാൻ തയ്യാറാണ്.നഴ്‌സിങ്, പാരാമെഡിക്കൽ സ്റ്റാഫ്, ഡോക്ടർ എന്നിവർക്കെല്ലാം രാത്രി ഡ്യൂട്ടി നിർബന്ധമാണ്. റസ്റ്ററന്റുകളെല്ലാം സജീവമാകുന്നത് വെള്ളിയാഴ്ച മുതൽ ഞായറാഴ്ച രാത്രി വരെയാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടിൽനിന്നും പോകുന്നവർക്ക് പബ്ബുകളിലും റസ്റ്ററന്റുകളിലുമെല്ലാം പാർട്ട് ടൈം ജോലി ലഭിക്കുന്നത്. കേരളത്തിൽ നിന്നും വിദേശപഠനത്തിന് പോകുന്നവരിൽ 95 ശതമാനം പേരും പാർട് ടൈം ജോലി ആഗ്രഹിച്ച് പോകുന്നവരാണ്. റസ്റ്ററന്റുകൾ, സൂപ്പർമാർക്കറ്റുകൾ, ലോജിസ്റ്റിക്‌സ് അങ്ങനെയുള്ളതാണ് കൂടുതൽ പാർട് ടൈം ജോലികളും.
 
കാനഡയിൽ തട്ടിക്കൂട്ട് സർവകലാശാലകളുണ്ടെന്ന് ആരോപണമുണ്ടല്ലോ?
കാനഡയെ സംബന്ധിച്ചിടത്തോളം ഈ ആരോപണം കുറച്ചൊക്കെ ശരിയാണ്. രാജ്യത്തിന്റെ നയത്തിൽ വന്ന ചെറിയ മാറ്റങ്ങളാണ് കാരണം. അതവർ തിരുത്തിയിട്ടുണ്ട്. കാനഡയിൽ പൊതു-സ്വകാര്യ പങ്കാളിത്തമെന്ന പേരിൽ ചില തട്ടിക്കൂട്ട് കോളേജുകൾ ഉയർന്നു. ഇത്തരം കോളേജുകളിലേക്ക് ഉത്തരേന്ത്യയിൽനിന്നും വിദ്യാർഥികളെ കുത്തിനിറയ്ക്കാൻ തുടങ്ങി. അവരിൽ പലരും അവിടെയെത്തി ജോലികൾ തേടി പോയി. ട്രക്ക് ഡ്രൈവർമാരായും മറ്റും ആളുകളെ എത്തിക്കാനുള്ള പരിപാടിയായിരുന്നു അത്. ഒരർഥത്തിൽ മനുഷ്യക്കടത്ത് തന്നെ. കാനഡയിലെ ടൊറന്റോയിൽ മാത്രമാണ് ഇതുണ്ടായത്. പക്ഷെ പുറംലോകത്തേക്ക് ഇത് കാനഡയിൽ ആകെയുള്ള പ്രശ്‌നമാണെന്ന രീതിയിൽ പ്രചരിച്ചു. പക്ഷേ പ്രശ്‌നം ഗുരുതരമായപ്പോൾ കനേഡിയൻ സർക്കാർ തന്നെ പിൻവലിഞ്ഞു. ഇത്തരം തട്ടിക്കൂട്ട് കോളേജുകളിലേക്ക് എത്തിയ പലരുടേയും സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ട് മുന്നൂറോളം പേരെ നാടുകടത്തുകയും ചെയ്തു. ആ സമയത്തും സാന്റാമോണിക്കയിലൂടെ സർക്കാർ സർവകലാശാലകളിലേക്കും മികച്ച സ്വകാര്യ സർകലാശാലകളിലേക്കും  മാത്രമേ വിദ്യാർഥികളെ അയച്ചുള്ളൂ.
 
കുടിയേറ്റം തുടർന്നാൽ യുവാക്കളില്ലാതെ കേരളം വൃദ്ധസദനമാകുമെന്ന പ്രചാരണമുണ്ടല്ലോ..?
കേരളത്തിൽ നിന്ന് ഏറ്റവും അധികം ആളുകൾ വിദേശത്ത് പോകുന്നു എന്നത് തെറ്റിദ്ധാരണയാണ്. ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പഠിക്കാൻ പോകുന്നവരിൽ മൂന്നു ശതമാനത്തിൽ താഴെ മാത്രം വിദ്യാർഥികളേകേരളത്തിൽ നിന്നുള്ളു. കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്നും 7.20 ലക്ഷം വിദ്യാർഥികൾ പോയ കണക്ക് പരിശോധിച്ചാലറിയാമത്. അന്ന് 32,000 പേർമാത്രമാണ് കേരളത്തിൽ നിന്നും പോയത്. പഞ്ചാബ്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും അധികം വിദ്യാർഥികൾ വിദേശപഠനത്തിന് പോകുന്നത്. കേരളത്തിൽ നിന്ന് 80,000 വിദ്യാർഥികളാണ് നഴ്സിങ് പഠനത്തിന് മാത്രമായി കർണാടകയിലേക്കും തമിഴനാട്ടിലേക്കുമെല്ലാം പോകുന്നത്. അവരിൽ പലരും അവിടെ തന്നെ പഠിച്ച് അവിടെ തന്നെ ജോലിയുമായി താമസിക്കുന്ന സ്ഥിതിയല്ലേ. വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിന്റെ എത്രയോ ഇരട്ടി മറ്റു സംസ്ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുന്നു.  നേരത്തേ നാലും അഞ്ചും മക്കളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒന്നോ രണ്ടോ പേരേയുള്ളു. അതാണ് വൃദ്ധസദനമാകുമെന്ന് പറയുന്നതിന് പിന്നിലുള്ള യഥാർഥ കാരണം. പക്ഷെ പോകുന്ന വിദ്യാർഥികളുടെ അച്ഛനമ്മമാർ ഇങ്ങനെയൊരു ആരോപണം പറയില്ല. മക്കൾക്ക് നല്ല ജോലി കിട്ടണമെന്നായിരിക്കുമല്ലോ അവർ ആഗ്രഹിക്കുന്നത്. വിദേശത്ത് പോയി പഠിച്ചവരെല്ലാം അവിടെ തന്നെ താമസമാക്കുന്നു എന്നതും തെറ്റിദ്ധാരണയാണ്. പലരും തിരിച്ചെത്തുന്നു. യു.കെ.യിൽ പോയി പഠിക്കുന്ന കുറേപ്പേരും തിരിച്ചുവരുന്നുണ്ട്. ഇന്ത്യയിൽ എവിടെയെങ്കിലും മികച്ച ജോലി കണ്ടെത്തുന്നു. ചിലർ വീണ്ടും മറ്റ് രാജ്യങ്ങളിലേക്ക് മികച്ച ശമ്പളത്തിൽ ജോലി കിട്ടുമ്പോൾ പോകുന്നു.
 
വിദേശപഠനമെന്ന ട്രെൻഡ് എത്രകാലം ഉണ്ടാകും..?
  കേരളത്തെ സംബന്ധിച്ചിടത്തോളം മനുഷ്യവിഭവശേഷിയുടെ ഖനിയാണ് അന്നും ഇന്നും. എത്ര കാലം കഴിഞ്ഞാലും വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും. കൾച്ചറൽ എക്സ്ചേഞ്ച് എന്നത് യൂറോപ്പിൽ വർഷങ്ങൾക്ക് മുമ്പേ നടപ്പാക്കി. ഒരു സെമസ്റ്ററെങ്കിലും മറ്റൊരു രാജ്യത്ത് പോയി പഠിക്കുക എന്ന നയം. നമ്മുടെ വിദ്യാർഥികളും ഇന്ന് അതാഗ്രഹിക്കുന്നുണ്ട്. ഒരുവർഷമോ സെമസ്റ്ററോ പുറത്തുപോയി പഠിക്കുന്ന കാലം വരും. നമ്മുടെ രാജ്യത്തെ നിയമങ്ങൾ ഒരുപക്ഷേ ആരീതിയിൽ മാറ്റിയെഴുതപ്പെട്ടേക്കാം. കുട്ടികൾക്ക് എക്സ്പോഷർ കൂടുതലായി കിട്ടും.
 
സാന്റാമോണിക്കയുടെ വളർച്ച ഇനിഎങ്ങനെയാണ്..?
 ബഹുരാഷ്ട്ര കമ്പനിയാക്കി സാന്റാമോണിക്കയെ വളർത്തുകയാണ് ലക്ഷ്യം. കേരളത്തിൽ വിജയിച്ച മാതൃകയാണിത്. അറിയപ്പെടുന്ന നല്ലൊരു ബ്രാൻഡ് ആയി മാറി. ദക്ഷിണേന്ത്യയിൽ എല്ലായിടത്തും ശാഖകളുണ്ട്. ഇന്ത്യയിൽ മുഴുവൻ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.. അബുദാബിയിലും കാനഡയിലും ശാഖ തുടങ്ങി. യു.കെ.യിൽ ഉടൻ തുടങ്ങും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്തിനൊപ്പം സാന്റാമോണിക്കയെ സാങ്കേതികമായി കൂടി വളർത്തണം.

ഏത് രാജ്യത്താണിപ്പോൾ തൊഴിലവസരങ്ങൾ കൂടുതൽ..?
 ലോകത്ത് ഏറ്റവും സുരക്ഷിതമായി പഠിക്കാൻ പോകാവുന്ന സ്ഥലം കാനഡയാണിപ്പോൾ. കാരണം ജോലി ഉറപ്പുള്ള കോഴ്‌സുകളിലേക്ക് മാത്രമേ വിദ്യാർഥികളെ എടുക്കാവു എന്ന് സർക്കാരിന്റെ നയം വന്നു. കാനഡയിലെ ഓരോ  പ്രൊവിൻസും അറ്റസ്റ്റേഷൻ നൽകിയാൽ മാത്രമേ വിദ്യാർഥികളെ അയക്കാനാകു. അതാത് പ്രൊവിൻസിന് ഏതൊക്കെ ജോലിയിലേക്ക് വരുംവർഷങ്ങളിൽ ആളെ ആവശ്യമുണ്ടോ അതിനനുസരിച്ചാണ് കോഴ്‌സുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്. കാനഡയെന്നത് ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള രാജ്യമാണ്. ആറ് ടൈം സോണുകളാണ് ആ രാജ്യത്ത്. എല്ലാത്തരം റിസോഴ്സുകളും അവിടെയുണ്ട്, വികസനത്തിന്റെ പാതയിൽ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന അവിടെ തൊഴിൽസാധ്യതകളും ഏറെയാണ്.  വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ സാധ്യതയും പെർമനന്റ് റെസിഡൻസി സാധ്യതകളുമുള്ള 1000 ത്തിലധികം കോഴ്സുകളുടെ പട്ടികയാണ് കനേഡിയൻ ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരിക്കുന്നത്.കാനഡ കഴിഞ്ഞാൽ യു.കെ.യിലേക്കാണ് അധികം വിദ്യാർഥികളും പോകുന്നത്. യു.കെ. എന്നത് ലോകത്ത് ഏറ്റവും അധികം ആളുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന രാജ്യമാണ്. 140ൽ ഏറെ സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സർവകലാശാലകളുണ്ടവിടെ. യു.കെ.യിലെ നഴ്‌സിങ്, എൻജിനീയറിങ് മേഖലകളിൽ ജോലിസാധ്യത വളരെ കൂടുതലാണ്. യു.കെ. സർവകശാലകളിൽ നിന്നും  എം.ബി.എ. എടുക്കുന്നവർക്കും ആഗോളതലത്തിൽ കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അയർലൻഡ്, ജർമനി എന്നിവിടങ്ങളിലേക്കും വിദ്യാർഥികൾ കൂടുതലായി പോകുന്നു.

വിദേശപഠനത്തിനൊരുങ്ങുന്നവർക്കും അവരുടെ രക്ഷിതാക്കൾക്കും എന്ത് സന്ദേശമാണ് നൽകാനുള്ളത്..?
രാജ്യത്തേക്കുറിച്ചും സർവകലാശാലകളെക്കുറിച്ചും പഠിച്ചശേഷം മാത്രമേ യാത്ര ചെയ്യാവൂ. ഇന്നത്തെ കാലത്ത് ഏജന്റ് പോലും വേണമെന്നില്ല നേരിട്ടായാലും പോകാം.ആശ്രയിക്കുന്നുണ്ടെങ്കിൽ അവർ ആധികാരികതയും പരിചയസമ്പത്തുള്ളവരുമായിരിക്കണം. ഇല്ലെങ്കിൽ അബദ്ധത്തിൽ പെടാൻ സാധ്യത കൂടുതലാണ്. അറിവും അനുഭവപരിചയവും ഇതിൽ ഏറെ പ്രാധാന്യമാണ്. എല്ലാദിവസവും അച്ഛനോ അമ്മയോ മക്കളെ വീഡിയോ കോളിൽ വിളിക്കണമെന്ന് ഞാനെപ്പോഴും രക്ഷിതാക്കളോട് പറയാറുണ്ട്. എന്താണ് ഭക്ഷണം കഴിച്ചത്, കൂടെ താമസിക്കുന്നത് ആരാണ് എന്നൊക്കെ രക്ഷിതാക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകും. എന്റെ സഹോദരിയുടെ കുട്ടികൾ വിദേശത്ത് പഠിക്കാൻ പോയപ്പോഴും ഞാൻ ഇതുതന്നെയാണ് അവർക്കും നൽകിയ ഉപദേശം.