ഫൗണ്ടിറ്റ് അപ്രൈസൽ ട്രെൻഡ്‌സ് റിപ്പോർട്ട് 2025 പ്രകാരം ശമ്പളവർധന ലഭിച്ച 86 ശതമാനം പേരും തൊഴിൽ വിടാനൊരുങ്ങുന്നു. വിവിധ വ്യവസായങ്ങളിലും തസ്തികകളിലുമുള്ള 5,108 പ്രൊഫഷണലുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്. 20 ശതമാനവും അതിൽ കൂടുതൽ ശമ്പളവർധന ലഭിച്ചിട്ടും ജോലി മാറാനായി ഒരുങ്ങുന്നവർ ഏറെയാണ്. ഇവർ തൊഴിലിൽ അസംതൃപ്തരാണെന്നാണ് റിപ്പോർട്ട്.
മിക്ക വർധനവുകളും 5-10 ശതമാനം പരിധിയിലായിരുന്നു. ഒരു ചെറിയ വിഭാഗത്തിന് മാത്രമേ 20 ശതമാനം കടക്കാൻ കഴിഞ്ഞുള്ളൂ. പരസ്യം, വിദ്യാഭ്യാസം, ഐടി തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതൽ പ്രൊഫഷണലുകൾക്ക് ശമ്പളവർധന ലഭിക്കാതിരുന്നത്. അതേസമയം ഊർജ്ജം, ബിഎഫ്എസ്‌ഐ തുടങ്ങിയ മേഖലകൾ താരതമ്യേന മികച്ച ശമ്പളവർധന നൽകി.
'ഇന്നത്തെ പ്രൊഫഷണലുകൾ ശമ്പളത്തിന് പുറമെ വളർച്ച, അംഗീകാരം, തൊഴിൽ-ജീവിത സന്തുലിതാവസ്ഥ എന്നിവയും ആഗ്രഹിക്കുന്നു.' ഫൗണ്ടിറ്റിന്റെ ചീഫ് റവന്യൂ ആൻഡ് ഗ്രോത്ത് ഓഫീസർ പ്രണയ് കാലെ പറഞ്ഞു.
മേഖല തിരിച്ചുള്ള വ്യത്യാസങ്ങൾ
ശമ്പളവർധന ലഭിക്കാത്തവരുടെ പട്ടികയിൽ പരസ്യ, മാധ്യമ മേഖലയാണ് മുന്നിൽ. ഇവിടുത്തെ 41 ശതമാനം ജീവനക്കാർക്ക് വർധന ലഭിച്ചില്ല. തൊട്ടുപിന്നാലെ വിദ്യാഭ്യാസം (33%), ബിപിഒ/ഐടിഇഎസ് (31%), ഐടി സേവനങ്ങൾ (32%) എന്നീ മേഖലകളുമുണ്ട്.
ഇതിന് വിപരീതമായി, ഊർജ്ജ, ബിഎഫ്എസ്‌ഐ മേഖലകൾ ഉയർന്ന ശമ്പളവർധന നൽകി വേറിട്ടുനിന്നു. ഊർജ്ജ മേഖലയിൽ, 26 ശതമാനം പ്രൊഫഷണലുകൾക്ക് 20 ശതമാനത്തിലധികം വർധന ലഭിച്ചു. എല്ലാ വ്യവസായങ്ങളിലുംവെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. ബിഎഫ്എസ്‌ഐ മേഖലയിൽ ഉയർന്നതും ഇടത്തരവുമായ വർധനവുകൾ സന്തുലിതമായി വിതരണം ചെയ്യപ്പെട്ടു.
ശമ്പളവർധന നേതൃത്വ തസ്തികകളേക്കാൾ കൂടുതൽ അനുകൂലമായത് നിർവഹണ ചുമതലയുള്ള (എക്‌സിക്യൂഷൻ) തസ്തികകൾക്കായിരുന്നു. 11 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള മൂന്നിലൊന്ന് പ്രൊഫഷണലുകൾക്ക് ശമ്പളവർധന ലഭിച്ചില്ല. എന്നാൽ, 7-10 വർഷം പ്രവൃത്തിപരിചയമുള്ളവരിൽ 17 ശതമാനം പേർക്ക് മാത്രമാണ് വർധന നിഷേധിക്കപ്പെട്ടത്.
പ്രവർത്തനപരമായ തസ്തികകളായ സെയിൽസ്, മാർക്കറ്റിങ്ങ് പ്രൊഫഷണലുകൾക്ക് മികച്ച ഫലങ്ങൾ ലഭിച്ചു. ഈ രണ്ട് വിഭാഗങ്ങളിലെയും 20 ശതമാനത്തിലധികം പേർക്ക് 20 ശതമാനത്തിന് മുകളിൽ വർധന ലഭിച്ചു. ഐടി, എച്ച്ആർ, ഫിനാൻസ് തസ്തികകളിൽ സ്ഥിതി അത്ര മികച്ചതായിരുന്നില്ല. 15 ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് ഉയർന്ന വർധന ലഭിച്ചത്.
ശമ്പളവർധന കൊണ്ടുമാത്രം കഴിവുള്ളവരെ നിലനിർത്താനാവില്ല
എല്ലാ ശമ്പളവർധന നിരക്കുകളിലും ജോലി മാറാനുള്ള താൽപര്യം ഉയർന്ന നിലയിലായിരുന്നു. 20 ശതമാനമോ അതിൽ കൂടുതലോ വർധന ലഭിച്ച ജീവനക്കാരിൽ പോലും 86ശതമാനം പേർ ജോലി ഉപേക്ഷിക്കാൻ പദ്ധതിയിടുന്നതായി പറഞ്ഞു. കുറഞ്ഞ വർധന ലഭിച്ചവരിൽ ഈ സംഖ്യ 82 ശതമാനം മുതൽ 87ശതമാനം വരെയായിരുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 32ശതമാനം പേർക്ക് മാത്രമാണ് തങ്ങളുടെ ശമ്പളവർധന പ്രതീക്ഷകൾക്ക് ഒത്തതായിരുന്നു എന്ന് തോന്നിയത്. വെറും 36ശതമാനം പേർക്ക് മാത്രമാണ് മൊത്തത്തിലുള്ള അപ്രൈസൽ പ്രക്രിയ ഫലപ്രദമായി അനുഭവപ്പെട്ടത്.
ശമ്പളവർധന, പ്രൊമോഷനുകൾ എന്നിവയിലെ സുതാര്യത, ജോലിയിലെ വഴക്കം, കരിയർ വളർച്ച എന്നിവയാണ് നിലവിലെ ജോലിയിൽ തുടരാൻ തീരുമാനിച്ചവരുടെ പ്രധാന മുൻഗണനകളായി ഉയർന്നുവന്നത്. 2025-ൽ, ശമ്പളവർധന ജോലിയിൽ തുടരാനുള്ള കാരണമല്ല. മറിച്ച്, പുനർവിചിന്തനം നടത്താനുള്ള പ്രേരണയാണ്. ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിന് ഇത് അവഗണിക്കാൻ കഴിയാത്ത മുന്നറിയിപ്പാണ്.
Content Highlights: 86% of Employees with Salary Hikes Plan to Quit
Published: 22 Jul 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented