ണ്ണീര്‍ വീഴാത്ത ഒരു പിഎസ്‌സി ബുക്ക് എനിക്കില്ല, അത്ര അധികം കഷ്ടപ്പെട്ടിട്ടുണ്ട്. എന്നെക്കൊണ്ട് പറ്റില്ലെന്നും ഞാന്‍ വെറും മണ്ടിയാണെന്നും പലരും എന്നെ കളിയാക്കിയിട്ടുണ്ട്. മാനസികമായി തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്. എനിക്ക് എന്നെ വിശ്വസിക്കാന്‍ മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളു.... വിങ്ങലടക്കി രേഖ പറഞ്ഞു. 17-ാം വയസില്‍ കുടുംബത്തിന് താങ്ങാവാനാണ് മെഡിക്കല്‍ ഷോപ്പിലെ ചെറിയ ജോലിക്ക് രേഖ ചേര്‍ന്നത്. ജീവിതത്തിന്റെ പെടാപാടിനൊടുവില്‍ 36-ാം വയസില്‍ അവസാന ചാന്‍സില്‍ സര്‍ക്കാര്‍ ജോലിയിൽ  പ്രവേശിച്ചിരിക്കുകയാണ് രേഖ. തന്റെ വിജയവഴിയെ കുറിച്ച് രേഖ മാതൃഭൂമി ഡോട്ട്കോമിനോട് മനസ് തുറക്കുന്നു.

To advertise here,

പതിനേഴിൽ ജോലി

കള്ളുചെത്തുകാരനായ അച്ഛനെ സഹായിക്കാനാണ് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് മെഡിക്കല്‍ ഷോപ്പില്‍ നില്‍ക്കാന്‍ പോയത്. ഭേദപ്പെട്ട രീതിയില്‍ പഠിക്കുന്ന കുട്ടിയായിരുന്നെങ്കിലും വീട് ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന് പിന്നെ പഠിക്കാം, ഇപ്പോള്‍ വീടിന് തണലാവാം എന്നാണ് അന്നെനിക്ക് തോന്നിയത്. അച്ഛനെ സഹായിക്കുക മാത്രമായിരുന്നു ലക്ഷ്യം. വീടിന് അടുത്തുള്ള ചെറിയ മെഡിക്കല്‍ ഷോപ്പിലായിരുന്നു ജോലി. തുടര്‍ന്ന് ജോലിയോടൊപ്പം ലാബ് ടെക്‌നിഷന്‍ കോഴ്‌സ് പഠിച്ചെടുത്തു. കൈയില്‍ കിട്ടിയ ചെറിയ ജോലികളൊക്കെ ചെയ്തു. കുടുംബം നോക്കണം എന്നല്ലാതെ മറ്റ് കാര്യങ്ങളൊന്നും മനസിലുണ്ടായിരുന്നില്ല

വിവാഹം

വിവാഹം നല്ല രീതിയില്‍ തന്നെ കഴിഞ്ഞു. സത്യം പറഞ്ഞാല്‍, പഠിക്കണം ജോലിക്ക് പോകണം എന്നൊന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല. അതിനുള്ള ബോധം വന്നില്ലെന്ന് വേണം പറയാന്‍. കുട്ടികളെയും നോക്കി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുകയായിരുന്നു.

വഴിത്തിരിവ്

വിവാഹശേഷം ഭര്‍ത്താവിന്റെ സഹോദരിയും ഭര്‍ത്താവുമാണ് സര്‍ക്കാര്‍ ജോലി നേടേണ്ടതിനെ കുറിച്ച് പറഞ്ഞു തരുന്നത്. നീ ഇങ്ങനെ സമയം പാഴാക്കരുത്, പഠിക്കണം, ജോലി വാങ്ങണം എന്നെല്ലാം അവര്‍ എനിക്ക് പറഞ്ഞു തരാന്‍ തുടങ്ങി. അങ്ങനെയാണ് എനിക്ക് പഠിക്കണം എന്ന തോന്നല്‍ ആരംഭിച്ചത്. ഞാന്‍ എന്ത് ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും പൂര്‍ണ പിന്തുണയുമായി എന്റെ ഭര്‍ത്താവ് ഒപ്പമുണ്ടാവും. അങ്ങനെ പിഎസ്‌സി പരീക്ഷയ്ക്ക് പഠിക്കാൻ തീരുമാനിച്ചു

തണല്‍

പഠിക്കാന്‍ തീരുമാനിച്ചെങ്കിലും എങ്ങനെ പഠിക്കണം, എവിടെ പഠിക്കണം എന്ന കാര്യത്തിൽ എനിക്ക് വ്യക്തതയില്ലായിരുന്നു. ഈ മേഖലയെ കുറിച്ച് യാതൊന്നും എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ  ഒരു ബസ് യാത്രയ്ക്കിടെയാണ് ഞാന്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോര്‍ഡ് കാണുന്നത്. സൗജന്യ ക്ലാസാണെന്ന് മനസിലാക്കുകയും ചെയ്തു. രണ്ടും കല്‍പ്പിച്ച് തണലില്‍ പോയി ചേര്‍ന്നു. ആദ്യമൊക്കെ ക്ലാസില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. പതിയെ ഞാന്‍ ട്രാക്കിലേക്ക് വന്നപ്പോഴാണ് രണ്ടാമതും ഗര്‍ഭിണിയാവുന്നത്. അതോടെ പഠനം നിര്‍ത്തേണ്ടി വന്നു. പിന്നെ മോന് ഒന്നര വയസായപ്പോഴാണ് പഠനം പുനഃരാരംഭിച്ചത്. വീടിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ഞായറാഴ്ച്ച ക്ലാസിനും പോവാന്‍ തുടങ്ങി.

പോരാട്ടക്കാലം

ഒന്നര വയസുള്ള മോനും സ്‌കൂളില്‍ പോകുന്ന മോളും പിന്നെ പഠിത്തവും, ഇതായിരുന്നു ആ കാലം. പ്രായം പോയിക്കൊണ്ടിരിക്കുകയാണല്ലോ, അതുകൊണ്ട് പഠനം നിര്‍ത്തിയാല്‍ എന്റെ കൈയില്‍ നിന്ന് സകലതും പോവുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് ഞാൻ രണ്ടും കല്‍പ്പിച്ച്  പഠിക്കാൻ തുടങ്ങി. കിട്ടിയ സമയമൊക്കെയും ഇരുന്ന് പഠിച്ചു. രാത്രികളായിരുന്നു എനിക്ക് പഠിക്കാന്‍ ഒഴിവ് കിട്ടിയിരുന്നത്. മോനെ കാലില്‍ കിടത്തിയാണ് പഠിക്കാനിരിക്കുക. ബെഡില്‍ എന്നെ ചേര്‍ന്ന് മാത്രം കിടക്കുന്ന അവനെ ഉറക്കാന്‍ എനിക്ക് ഈ മാര്‍ഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എത്ര പഠിച്ചാലും പിന്നില്‍

വര്‍ഷങ്ങള്‍ക്കുശേഷം പഠിക്കാന്‍ തുടങ്ങിയതിന്റെ എല്ലാ ബുദ്ധിമുട്ടും ഞാന്‍ നേരിട്ടിരുന്നു. എത്ര പഠിച്ചാലും കൂടെയുള്ളവരുടെ ഒപ്പം എത്താന്‍ എനിക്ക് സാധിച്ചിരുന്നില്ല. എന്റെ കൈയിലുള്ള നോട്‌സ് മാത്രമാണ് ഞാന്‍ പഠിച്ചിരുന്നത്. ആഴത്തിലുള്ള പഠനമാണ് വേണ്ടതെന്ന് പിന്നീട് എനിക്ക് മനസിലായി. പതിയെ മറ്റ് ബുക്കുകളില്‍ നിന്നും പഠിക്കാന്‍ ആരംഭിച്ചു. ആര്‍ത്തി പിടിച്ച പഠനമായിരുന്നു. എത്ര പഠിച്ചാലും മതിയാവാത്ത അവസ്ഥ. ഞാന്‍ വിചാരിച്ച അത്രയും പഠിക്കാതെ കണ്ണടയ്ക്കാന്‍ പോലും മടിയായിരുന്നു. ലോക തോല്‍വിയെന്ന് വിളിച്ചവര്‍ക്ക് മുന്നില്‍ ഒരുവട്ടമെങ്കിലും എനിക്ക് ജയിക്കണമായിരുന്നു. അത് മാത്രമായിരുന്നു മനസില്‍.

പഠനരീതി

ക്ലാസില്‍ നടത്തുന്ന പരീക്ഷകളെ വളരെ ഗൗരവമായിട്ടാണ് കണ്ടിരുന്നത്. ആദ്യമെല്ലാം ഈ പരീക്ഷകളില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. 12 മാര്‍ക്കായിരുന്നു എനിക്ക് ആദ്യം കിട്ടിയത്. ഞായാറാഴ്ച്ചകളിലായിരുന്നു ക്ലാസുണ്ടായിരുന്നത്. ക്ലാസില്‍ നമുക്ക് ഒരാഴ്ച്ച പഠിക്കേണ്ട വിഷയങ്ങള്‍ തരുമായിരുന്നു. രാവിലെ വീട്ടിലെ പണികളെല്ലാം തീര്‍ത്ത് ഞാന്‍ പഠിക്കാന്‍ ഇരിക്കും. അതേ പോലെ രാത്രിയും ഇരിക്കുമായിരുന്നു. വളരെ ബുദ്ധിമുട്ടി പഠിച്ച സമയമായിരുന്നു അത്. ഒരു കൊച്ച് വീടാണ് ഞങ്ങള്‍ക്ക് ഉള്ളത്. മര്യാദയ്ക്കുള്ള ഒരു വഴി പോലുമില്ല. ബുക്ക് വെയ്ക്കാനൊന്നും സൗകര്യമുണ്ടായിരുന്നില്ല. നിവൃത്തിയില്ലാതെ വിറകുപുരയുടെ, മഴ കൊള്ളാത്ത, മൂലയ്ക്ക് എന്റെ പുസ്തകങ്ങൾ വെയ്‌ക്കേണ്ടി വന്നിട്ടുണ്ട്. എന്റെ ബുദ്ധിമുട്ട് കണ്ട് അവസാനം ഭര്‍ത്താവ് ചുമരില്‍ ചെറിയൊരു അലമാര വെച്ച് തരികയായിരുന്നു.

പിന്നീട് ഒരോ പരീക്ഷകളായി ജയിച്ചുതുടങ്ങി. പതുക്കെ ഞാന്‍ ഈ പഠനത്തിന്റെ ട്രാക്ക് പിടിക്കാന്‍ തുടങ്ങി. പതിയെ ക്ലാസില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചുതുടങ്ങി.

2017ലാണ് എല്‍ജിഎസ് മെയിന്‍ ലിസ്റ്റില്‍ 661-ാം റാങ്ക് നേടുന്നത്. അതിന് മുന്‍പുള്ള കൊല്ലം ആയിരത്തിന് മുകളില്‍ റാങ്കുള്ളവരെ ജോലിക്കെടുത്തിരുന്നു. അതുകൊണ്ട് ജോലി കിട്ടും എന്നു തന്നെയായിരുന്നു വിശ്വസിച്ചിരുന്നത്. നിർഭാഗ്യവശാൽ അപ്പോൾ പ്രളയവും തൊട്ടുപിറകെ കോവിഡും വന്നു. അതോടെ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു. ഒരു കൊല്ലത്തോളം ആ ലിസ്റ്റിന് യാതൊരു അനക്കവും ഉണ്ടായിരുന്നില്ല. എന്റെ തൊട്ടു മുന്‍പില്‍ ഏകദേശം 20 പേരെ ബാക്കി നിര്‍ത്തി ആ ലിസ്റ്റ് റദ്ദാക്കി. അതോടെ ആ പ്രതീക്ഷയും അടഞ്ഞു.

അടുത്ത ഘട്ടം

വിഷമിച്ച് ഇരുന്നാല്‍ കാര്യം ശരിയാവില്ലെന്ന ബോധ്യമുണ്ടായിരുന്നു. അത് കൊണ്ട് അടുത്ത പരീക്ഷയ്ക്ക് വേണ്ടി കഠിനമായി പഠിക്കാന്‍ തുടങ്ങി. പ്രായപരിധി കഴിയാറുമായിരുന്നു.  ഓട്ടമത്സരത്തിന്റെ അവസാന ലാപ്പില്‍ സര്‍വശക്തിയുമെടുത്ത് ആഞ്ഞൊരു ഓട്ടമില്ലേ.. അതായിരുന്നു ആ കാലം. ടിവി, ഫോണ്‍ അങ്ങനെ ഒന്നുമില്ല. മുഴുവന്‍ സമയവും ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം. അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ മനസില്‍ ഈ ചോദ്യങ്ങളും ഉത്തരങ്ങളും ആലോചിക്കും. അന്ന് ക്ഷീണമൊന്നും തോന്നിയിരുന്നില്ല.

പരിശ്രമങ്ങളുടെ ഫലമായി അവസാന ചാന്‍സില്‍ ഞാന്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി. എല്‍ജിഎസില്‍ 363-ാം റാങ്കാണ് നേടിയത്. പരീക്ഷയെഴുതുമ്പോള്‍ തന്നെ കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അപ്പോയിന്‍മെന്റ് ലെറ്റര്‍ കിട്ടിയ ദിവസം ആകെ കരച്ചിലായിരുന്നു. എന്തിനാണ് ഇവള്‍ പഠിക്കാന്‍ പോവുന്നത്. വെറുതെ സമയം കളയാന്‍ കാണിക്കുന്നതാണ്.. അങ്ങനെ ഞാൻ പണ്ടു കേട്ട കുത്തുവാക്കുകളോരോന്നും അന്ന് കാതില്‍ മുഴങ്ങിക്കേട്ടുകൊണ്ടേയിരുന്നു. ഒരുപാട് മാനസിക സംഘര്‍ഷത്തിലൂടെയായിരുന്നു ആ യാത്ര. ഇപ്പോള്‍ ഞാന്‍ വളരെയധികം സന്തുഷ്ടയാണ്. വൈകിയാണെങ്കിലും വിജയത്തിന്റെ മധുരം എനിക്ക് നുകരാൻ കഴിഞ്ഞു.

പുതിയ സന്തോഷങ്ങള്‍

പുതിയൊരു വീട് വാങ്ങിയിട്ടുണ്ട്. ഞാനും കൂടി കഷ്ടപ്പെട്ട് വാങ്ങിയ വീട്. ഈ ഒറ്റമുറി വീട്ടില്‍ നിന്ന് സൗകര്യമുള്ള ഒരു വീട്ടിലേക്ക് ഞാനും പോവുകയാണ്. 

ഇതിനിടിയില്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി നേടിയെടുത്തു. അങ്ങനെ ഞാനും ഡിഗ്രിക്കാരിയായി.... ചിരിച്ചുകൊണ്ട് രേഖ പറഞ്ഞു. ഇനി പി.ജിയും ചെയ്യണം, അല്ല ചെയ്യും... രേഖ ആത്മവിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.