ഒഡീഷയിലെ മുന്‍ ബിജെഡി സര്‍ക്കാരിന്റെ കാലത്ത് നയരൂപീകരണത്തിലും ഉന്നത വിദ്യാഭ്യാസത്തിലും കായികരംഗത്തും ചെലുത്തിയ സ്വാധീനത്തിനും ഇടപെടലുകള്‍ക്കും പേരുകേട്ട ഉദ്യോഗസ്ഥയാണ് സുജാത കാര്‍ത്തികേയന്‍. ഒഡീഷ സര്‍ക്കാരില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥ സ്വയം വിരമിക്കലിലൂടെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് പിന്‍വാങ്ങുകയാണ്. രണ്ടാഴ്ച മുമ്പ് സുജാത കാര്‍ത്തികേയന്‍ സമര്‍പ്പിച്ച സ്വയം വിരമിക്കല്‍ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച അംഗീകരിച്ചു.
ഒഡീഷ മുന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വലംകൈയായിരുന്ന വി.കെ. പാണ്ഡ്യന്റെ ഭാര്യയാണ് സുജാത. 2000 ബാച്ച് ഒഡീഷ കേഡര്‍ ഐഎഎസ് ഓഫീസറാണിവര്‍. ഒഡീഷ ധനകാര്യ വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സുജാത.
ഭര്‍ത്താവ് വി.കെ. പാണ്ഡ്യനും സിവില്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ചതാണ്. 2023-ല്‍ അദ്ദേഹം പട്‌നായികിന്റെ പാര്‍ട്ടിയായ ബിജു ജനതാദളില്‍ ചേരുകയും പാര്‍ട്ടിയില്‍ അധിപനായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
പട്‌നായിക് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പ്രധാന വികസന പരിപാടികളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് സുജാത. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പണം നല്‍കുന്ന സംരംഭമായ മമത യോജന, ചെറുകിട വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് പലിശ രഹിത വായ്പകള്‍ നല്‍കുന്നതിനായി ലക്ഷ്യമിട്ടുള്ള മിഷന്‍ ശക്തി എന്നിവയിലെല്ലാം സുജാതയുടെ പങ്ക് നിര്‍ണായകമാണ്.
2006-ല്‍ സുന്ദര്‍ഗഡ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഉച്ചഭക്ഷണത്തില്‍ മുട്ടയും ഉള്‍പ്പെടുത്തി. പിന്നീട് ഈ സംരംഭം ഒഡീഷയിലുടനീളം വ്യാപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഈ നീക്കം കുട്ടികളുടെ പ്രവേശനത്തില്‍ വര്‍ദ്ധനവിന് കാരണമായെന്നാണ് ഒഡീഷയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2005 മുതല്‍ 2007 വരെ നക്‌സല്‍ ബാധിത പ്രദേശമായ സുന്ദര്‍ഗഡിന്റെ ജില്ലാ കളക്ടറായിരിക്കെ ബാങ്ക് സ്‌പോണ്‍സര്‍ഷിപ്പ് വഴി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൈക്കിള്‍ പദ്ധതി ആരംഭിച്ചതിന് അവര്‍ പ്രശംസിക്കപ്പെട്ടിരുന്നു. എട്ടാം ക്ലാസ് കഴിഞ്ഞ ആദിവാസി പെണ്‍കുട്ടികള്‍ക്കിടയില്‍ ഗണ്യമായ കൊഴിഞ്ഞുപോക്ക് അനുഭവപ്പെട്ടപ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് സൈക്കിളുകള്‍ നല്‍കി പ്രോത്സാഹിപ്പിച്ചത്. ഈ ഇടപെടല്‍ പെണ്‍കുട്ടികള്‍ക്ക് പഠനം തുടരാനും അവരെ ശാക്തീകരിക്കാനും സഹായിച്ചു. ഇത് പിന്നീട് ഒഡീഷ സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം നടപ്പിലാക്കുകയും ചെയ്തു.
മയക്കുമരുന്നില്‍ നിന്നും നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍നിന്നും യുവജനങ്ങളെ വിട്ടുനിര്‍ത്തുന്നതിനായി കായിക ഉപകരണങ്ങള്‍ നല്‍കി പ്രോത്സാപ്പിച്ചിരുന്ന സുജാത ഫുട്‌ബോള്‍ കളക്ടര്‍ എന്ന പേരും സമ്പാദിച്ചിരുന്നു. ഇതിനുപുറമെ, സുന്ദര്‍ഗഡില്‍ വനിതാ താരങ്ങള്‍ക്കായി ഹോസ്റ്റലുകളും മൈതാനങ്ങളും അവര്‍ സ്ഥാപിച്ചു. അത് സംസ്ഥാനത്തിന്റെ കായിക മേഖലയില്‍ വലിയ കുതിപ്പിനിടയാക്കുകയും ചെയ്തു.
ഇതിനിടെ ചില ആരോപണങ്ങളും അവര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ഓഫീസ് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്ന് 2024-ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുജാത കാര്‍ത്തികേയനെ പൊതുജനങ്ങളുമായി ഇടപെടാത്ത ഒരു വകുപ്പിലേക്ക് സ്ഥലം മാറ്റാന്‍ ഉത്തരവിട്ടു.
2024-ലെ ബിജെഡിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സുജാത കാര്‍ത്തികേയന്‍ ആറ് മാസത്തെ അവധി എടുത്തു. 2024 നവംബറില്‍ ഈ അവധി അനുവദിച്ചെങ്കിലും, കാലാവധി നീട്ടാനുള്ള അപേക്ഷ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നിരസിച്ചു. ഇതിന് പിന്നാലെയാണ് അവര്‍ സ്വയം വിരമിക്കലിലേക്ക് കടന്നത്.
Content Highlights: Once a powerful Odisha bureaucrat-Sujata Karthikeyan takes voluntary retirement
Published: 30 Mar 2025, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented