നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ (എന്‍ഡിഎ) 17 വനിതാ കേഡറ്റുകള്‍ പാസിംഗ് ഔട്ട് പരേഡില്‍ 300-ല്‍ അധികം പുരുഷ കേഡറ്റുകള്‍ക്കൊപ്പം മാര്‍ച്ച് ചെയ്ത് ചരിത്രം സൃഷ്ടിച്ചു. സുപ്രീം കോടതി ഇടക്കാല ഉത്തരവ് അനുവദിച്ചതിനെത്തര്‍ന്നാണ് 2022-ല്‍ വനിതാ കേഡറ്റുകള്‍ എന്‍ഡിഎയില്‍ ചേര്‍ന്നത്. ഡിവിഷന്‍ കേഡറ്റ് ക്യാപ്റ്റന്‍ ശ്രിതി ദാക്ഷ് ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് സ്ട്രീമില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടി. കേഡറ്റ് ലക്കി കുമാര്‍ സയന്‍സ് സ്ട്രീമിലും, ബറ്റാലിയന്‍ കേഡറ്റ് ക്യാപ്റ്റന്‍ പ്രിന്‍സ് കുമാര്‍ സിംഗ് കുശ്വാഹ കമ്പ്യൂട്ടര്‍ സയന്‍സ് സ്ട്രീമിലും, കേഡറ്റ് ക്യാപ്റ്റന്‍ ഉദയ്വീര്‍ സിംഗ് നേഗി ബി.ടെക് സ്ട്രീമിലും ഒന്നാം സ്ഥാനത്തെത്തി.
'ഇവിടെയുള്ള മൂന്ന് വര്‍ഷത്തെ പരിശീലനം സമ്മിശ്ര വികാരങ്ങള്‍ നിറഞ്ഞതായിരുന്നു. ഇവിടെ ഇഴുകിച്ചേരാന്‍ കുറച്ച് സമയമെടുത്തു. എന്നാല്‍ ക്രമേണ പരിശീലകരുടെയും സ്റ്റാഫിന്റെയും സഹായത്തോടെ ഞാന്‍ അക്കാദമിയില്‍ ലയിച്ചു ചേര്‍ന്നു. എന്റെ പിതാവും മുന്‍ എന്‍ഡിഎക്കാരനാണ്. ഞാന്‍ എന്റെ കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുകയാണ്' - ശ്രിതി ദാക്ഷ് പിടിഐയോട് പറഞ്ഞു.
അക്കാദമിയില്‍ വെച്ച് നീന്തല്‍,കുതിരസവാരി,ഹോക്കി തുടങ്ങി പല കാര്യങ്ങളും പഠിച്ചതായി ലക്കി കുമാര്‍ പിടിഐയോട് പറഞ്ഞു. 'ഇവിടെ വരുന്നതിന് മുമ്പ് എനിക്ക് ഹോക്കി കളിക്കാന്‍ അറിയില്ലായിരുന്നു, എന്നാല്‍ അവസാന ടേമില്‍ ഞാന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു, ഞങ്ങള്‍ ഒരു ട്രോഫി നേടി,' ലക്കി കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി ആസ്ഥാനമായുള്ള ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെഎന്‍യു) നിന്ന് ബുധനാഴ്ച കേഡറ്റുകള്‍ക്ക് ബിരുദങ്ങള്‍ സമ്മാനിച്ചു. ഇതില്‍, 84 കേഡറ്റുകള്‍ക്ക് ബിഎസ്സി ബിരുദങ്ങളും, 85 പേര്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദങ്ങളും, 59 പേര്‍ക്ക് ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് (ബിഎ) ബിരുദങ്ങളും, 111 പേര്‍ക്ക് ബി.ടെക് ബിരുദങ്ങളും ലഭിച്ചു.
148-ാം കോഴ്സിന്റെ പാസിംഗ് ഔട്ട് പരേഡ് വെള്ളിയാഴ്ച പൂനെയിലെ ഖഡക്വാസ്ലയിലുള്ള എന്‍ഡിഎ കാമ്പസില്‍ വെച്ചാണ് നടന്നത്. പരേഡിന്റെ റിവ്യൂവിംഗ് ഓഫീസര്‍ മിസോറാം ഗവര്‍ണറും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ ഡോ. വിജയ് കുമാര്‍ സിംഗ് ആയിരുന്നു. എന്‍ഡിഎയില്‍ നിന്ന് പാസ്സ് ഔട്ട് ആയ ശേഷം കേഡറ്റുകള്‍ അവരുടെ അതത് പ്രീ- കമ്മീഷനിംഗ് അക്കാദമികളിലേക്ക് പോകും.
2022 മുതല്‍ ആറ് ബാച്ചുകളിലായി (148 മുതല്‍ 153 വരെ) 126 വനിതാ കേഡറ്റുകള്‍ എന്‍ഡിഎയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതുവരെ അഞ്ച് പേര്‍ രാജിവെച്ചതായി റിപ്പോര്‍ട്ടുണ്ട്. പരിശീലനം ലിംഗഭേദമില്ലാത്തതാണെന്ന് എന്‍ഡിഎ വ്യക്തമാക്കുന്നുണ്ടെങ്കിലും, ശാരീരിക വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് ചില അഭ്യാസങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
Content Highlights: First Women Cadets Pass Out of NDA
Published: 30 May 2025, 11:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented