എടപ്പാൾ: എഴുന്നേൽക്കാനും ഇരിക്കാനുമൊന്നും കഴിയാതെ കിടന്നുപോയപ്പോൾ അത് ജീവിതത്തിന്റെ അവസാനമാണെന്നൊന്നും നവാസ് കരുതിയില്ല. കിടന്ന് പൊരുതി അദ്ദേഹം നേടിയെടുത്തത് തന്റെ ജീവിതം തന്നെയായിരുന്നു. സി.എ. പാസായ നവാസ് ഇന്ന് പൊന്നാനിയിൽ ജിഎസ്ടി ഓഫീസറാണ്.
എടപ്പാൾ വെങ്ങിനിക്കര മുണ്ടേങ്കാട്ടിൽ നവാസിന് ആറാം ക്ലാസിൽവെച്ചാണ് തളർച്ച വന്നുതുടങ്ങിയത്. ജുവനൈൽ റുമറ്റോയ്ഡ് ആർത്രൈറ്റിസായിരുന്നു രോഗം. വൈകാതെ ശരീരം മൊത്തം തളർന്ന് പൂർണമായും കിടപ്പിലായി. പല ചികിത്സകൾ നടത്തി. സഹപാഠികളെല്ലാം എസ്എസ്എൽസി. കഴിഞ്ഞു കോളേജിലെത്തിയെന്നറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത നൊമ്പരം, ഒപ്പം വാശിയും. എങ്ങനെയെങ്കിലും എസ്എസ്എൽസി കടക്കണം.
പതിനെട്ടു കഴിഞ്ഞാൽ ഓപ്പൺ സ്‌കീമിൽ പത്താം തരം എഴുതാമെന്നറിഞ്ഞതോടെ അതിനായി പരിശ്രമം. അയൽക്കാരനായ ഗഫൂർ ആത്മവിശ്വാസവും അറിവും പകർന്ന് കൂടെനിന്നു. കൈയിൽ പേന കുത്തിത്തിരുകിവെച്ച് എഴുതിപ്പഠിച്ചു. പക്ഷേ, പരീക്ഷയടുത്തപ്പോഴേക്കും ആശുപത്രിയിലായി. പുറത്തു വന്നപ്പോഴേക്കും പരീക്ഷ അതിന്റെ വഴിക്കുപോയിരുന്നു.
നിരാശ വാശിക്കുവഴിമാറി. അടുത്ത വർഷം വാഹനത്തിൽ പോയി മടിയിൽ കടലാസ് വെച്ച് പരീക്ഷയെഴുതി രണ്ടാംക്ലാസോടെ എസ്എസ്എൽസി പാസായി. ഇതൊരു തുടക്കമായിരുന്നു.
എടപ്പാൾ ദാറുൽഹിദായ സ്‌കൂളിൽ പ്ലസ് വണിന് പ്രവേശനം നേടിയെങ്കിലും ക്ലാസിനുപോകാൻ അധികമൊന്നും സാധിച്ചില്ല. പോയാലും ക്ലാസിലിരിക്കാനാവാത്ത വേദനയോടെ മടങ്ങിപ്പോരും. വീട്ടിലിരുന്ന് കഠിനമായി അധ്വാനിച്ചു. ഫലം വന്നപ്പോൾ നവാസിന് ഫസ്റ്റ് ക്ലാസ്.
ദാറുൽഹിദായയിൽത്തന്നെ ബിരുദപഠനം തുടങ്ങി. ഒപ്പം സി.എ. പരീക്ഷയ്ക്കുള്ള പരിശീലനവും. രോഗം പിന്നെയും പലവട്ടം ആക്രമിച്ചെങ്കിലും പിന്തിരിയാൻ നവാസ് ഒരുക്കമായിരുന്നില്ല. ഇതിനിടയിൽ കൊമേഴ്സ്യൽ ടാക്‌സ് ഓഫീസറുടെ പിഎസ്‌സി പരീക്ഷയെഴുതി. മൂന്നാംറാങ്കോടെ പട്ടികയിൽ!
2018-ൽ വിവാഹം നിശ്ചയിച്ചു. വിവാഹത്തലേന്ന് ജിഎസ്ടി ഓഫീസറായി നിയമിച്ച ഉത്തരവു വന്നതോടെ നവാസിന് ഒരുകാര്യം മനസ്സിലായി, താൻ തോൽക്കാൻ ജനിച്ചവനല്ലെന്ന്. ജോലിക്കൊപ്പം സി.എ. പരീക്ഷയെഴുതി. അങ്ങനെ നവാസ് സി.എ.ക്കാരനുമായി.
ഇതിനിടെ തൃശ്ശൂർ ജൂബിലി ആശുപത്രിയിൽ ഡോ. ജോർജ് വർഗീസിന്റെ നേതൃത്വത്തിൽ രണ്ട് ഇടുപ്പെല്ലുകളും രണ്ട് കാൽമുട്ടുകളും മാറ്റിവെച്ചു. അതോടെ നവാസിന് അത്യാവശ്യം ഇരിക്കാനും എണീറ്റ് നടക്കാനുമായി. ഇപ്പോൾ കെ.എ.എസിന്റെ റാങ്ക് പട്ടികയിലും ഇടംനേടിയിട്ടുണ്ട്.
Content Highlights: Overcoming juvenile rheumatoid arthritis and paralysis, Navas achieved his dreams of becoming a GST Officer and CA, inspiring many.
Published: 07 Feb 2026, 10:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented