സൂപ്പര്‍ ഇന്റലിജന്‍സ് ലാബിലെ ആയിരക്കണക്കിന് തസ്തികകളില്‍ നിന്ന് 600 ഓളം തസ്തികകള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നായിരുന്നു വിശദീകരണം. പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ട എൻജിനീയർമാർക്ക് അവസരവുമായി  എത്തിയിരിക്കുകയാണ്  സ്മോളസ്റ്റ് എഐ സ്ഥാപകനും ഐഐടി പൂർവ വിദ്യാർത്ഥിയുമായ സുദർശൻ കാമത്ത്.

To advertise here,

Also read; നിയമനങ്ങള്‍ക്ക് പിന്നാലെ കൂട്ടപ്പിരിച്ചുവിടലും, സൂപ്പര്‍ ഇന്റലിജന്‍സ് ലാബില്‍ 600 തസ്തികകള്‍ ഒഴിവാക്കാന്‍ മെറ്റ  

ഫെയ്‌സ്ബുക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് (FAIR) യൂണിറ്റിനേയും പ്രൊഡക്ട് അനുബന്ധ എഐ, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരേയുമാണ് പുതിയ തീരുമാനം ബാധിക്കുകയെന്ന് മെറ്റ അറിയിച്ചിരുന്നു. തൻ്റെ വോയിസ് എഐ പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ക്ഷണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് കാമത്ത് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘സാൻ ഫ്രാൻസിസ്കോയിലെ ഞങ്ങളുടെ സ്പീച്ച് ടെക്നോളജി ടീമിലേക്ക് ഞങ്ങൾ ആളുകളെ തേടുന്നു. മെറ്റയിൽനിന്ന് പിരിച്ചുവിടപ്പെട്ടവരാണെങ്കിൽ, സ്മോളസ്റ്റ് എഐയിൽ ചേരുന്നത് പരിഗണിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു’- എന്നായിരുന്നു കുറിപ്പ്. 

ആകർഷകമായ ശമ്പളം

ഈ തസ്തികകളിലെ അടിസ്ഥാന ശമ്പളം 200,000 ഡോളറിനും 600,000 ( ഏകദേശം 5.26 കോടി രൂപ) ഡോളറിനും ഇടയിലായിരിക്കുമെന്നും ഇതിന് പുറമെ ഇക്വിറ്റി ഇൻസെന്റീവുകളും ലഭിക്കുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

യോഗ്യത

സ്പീച്ച് ഇവാലുവേഷൻ, സ്പീച്ച് ജനറേഷൻ, ഫുൾ ഡ്യൂപ്ലക്സ് സ്പീച്ച്-ടു-സ്പീച്ച് സിസ്റ്റങ്ങൾ എന്നിവയിൽ വൈദഗ്ധ്യമുള്ള, അസാധാരണമാംവിധം കഴിവുള്ളവരും ലക്ഷ്യബോധമുള്ളവരുമായ വ്യക്തികളെയാണ് തങ്ങൾക്ക് ആവശ്യമെന്നും പോസ്റ്റിൽ പറയുന്നു.

മെറ്റായിൽനിന്ന് പുറത്താക്കപ്പെട്ട എഐ ജീവനക്കാരെ തേടുന്ന സ്റ്റാർട്ടപ്പ് സംരംഭകരിൽ ഒരാൾ മാത്രമാണ് സുദർശൻ കാമത്ത്.

സ്‌പെക് (Spec) സ്ഥാപകനായ ബെൻ ടെയ്ലർ, ആർസി എഐ (Arcee AI) സിടിഒ (ചീഫ് ടെക്നോളജി ഓഫീസർ) ലൂക്കാസ് അറ്റ്കിൻസ് (Lucas Atkins),എഐ സ്റ്റാർട്ട് അപ്പായ ആക്സിയോം മാത്ത് സ്ഥാപക കരീന ഹോംഗ് (Carina Hong) എന്നിവരും മെറ്റ പിരിച്ചുവിടലിന് വിധേയരായ എൻജിനീയർമാരെ തേടുന്ന ടെക് സ്ഥാപകരിൽപ്പെടുന്നു.