
കോഴിക്കോട്: വർഷങ്ങൾക്കുമുൻപ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ വടകര ബ്രാഞ്ച് മാനേജരായിരുന്ന ലാവണ്യ മുണ്ടയൂർ ഇന്ന് രാജ്യം മുഴുവൻ പടർന്നിരിക്കുന്ന കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറും. കഴിഞ്ഞ ദിവസമാണ് കന്പനി സി.എം.ഡി.യായി ഇവർ നിയമിതയായത്. കോഴിക്കോടുമായി വലിയ ആത്മബന്ധമുള്ള ലാവണ്യ, രാജ്യത്തെത്തന്നെ ഏറ്റവും വലിയ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ തലപ്പത്തേക്കാണ് എത്തുന്നത്.
കലയെ സ്നേഹിക്കുന്ന, കോഴിക്കോട്ട് വലിയ സുഹൃദ്‌വലയം കാത്തുസൂക്ഷിക്കുന്ന ലാവണ്യ തന്റെ കരിയറിന് തുടക്കമിട്ടത് കോഴിക്കോട്ടുനിന്നാണ്. പഠനശേഷം 1991-ൽ ആദ്യമായി ജോലിയിൽ പ്രവേശിച്ചത് കോഴിക്കോട് ഓഫീസിലാണ്. കല്യാണശേഷം 1993-ൽ മുംബൈയിലേക്ക് മാറി. 2003-ൽ കോഴിക്കോട് ഡിവിഷണൽ ഓഫീസിലേക്ക് സ്ഥലം മാറിയെത്തി. പിന്നീട് വടകര ബ്രാഞ്ച് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. പൊറ്റമ്മലിൽ സ്വന്തമായി വീടുണ്ട്.
തൃശ്ശൂരിൽ തറവാടുവേരുകളുള്ള ലാവണ്യ ഇപ്പോൾ ന്യൂഡൽഹിയിൽ സ്ഥിരതാമസമാണ്. നിലവിൽ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി സി.എം.ഡി.യാണ്. സ്ഥാനമേറ്റെടുക്കുന്നതോടെ മുംബൈയിലേക്ക് മാറും.
രാജ്യമൊട്ടാകെ 1600 ഓഫീസുകളിലായി 10000 ജീവനക്കാരുള്ള ന്യൂ ഇന്ത്യ അഷ്വറൻസിനെ നയിക്കാൻ ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയും ലാവണ്യയാണ്. 108 കൊല്ലം പഴക്കമുള്ള കമ്പനിയുടെ ആദ്യത്തെ മലയാളി സി.എം.ഡി. ആയതിൽ സന്തോഷമുണ്ടെന്ന് ലാവണ്യ ‘മാതൃഭൂമി’യോട് പറഞ്ഞു.
ജോലികൾക്കിടയിലും കഥകളി, മോഹിനിയാട്ടം എന്നിവയ്ക്ക് സമയംകണ്ടെത്തുന്ന കലാകാരിയുമാണ്. കോഴിക്കോട് മ്യൂസിക് ക്ലബ്ബിലും നവരസം കഥകളി കൂട്ടായ്മയിലുമൊക്കെ നിറഞ്ഞുനിന്ന പരേതനായ എ.ഡി. മാധവന്റെയും രാധയുടെയും മകളാണ്. ചെറുവണ്ണൂരിലെ സ്റ്റീൽ കോംപ്ലക്‌സ് ലിമിറ്റഡ് എം.ഡി.യായിരുന്നു മാധവൻ. ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽനിന്ന് വിരമിച്ച രഞ്ജിത്താണ് ഭർത്താവ്. ഡോ. രാധിക (മദ്രാസ് മെഡിക്കൽ കോളേജ്), നീലിമ (സ്കോട്ട്‌ലൻഡ്) എന്നിവരാണ് മക്കൾ.
Content Highlights: Lavanya Mundayur, who began her career in Kozhikode and served as the Vadakara branch manager, has created history by becoming the first Malayali to be appointed as the Chairman and Managing Director (CMD) of New India Assurance.
Published: 31 May 2026, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented