ആലപ്പുഴ: തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ ആനുകൂല്യങ്ങൾക്കും പെൻഷനുമായി രജിസ്റ്റർചെയ്യുന്നവർ കുറയുന്നു. ക്ഷേമനിധി ബോർഡുകളുടെ എണ്ണം 16-ൽനിന്ന് 11 ആയി കുറഞ്ഞെങ്കിലും തൊഴിലാളികൾ കുറയുന്നത് ഇവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതിയാണ്.
അംശദായമായി ലഭിക്കുന്ന വരുമാനമാണ് ബോർഡ് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിനു സഹായകമാകുന്നത്. തൊഴിലാളികളുടെ കുറവ് ഇതിനെയും ബാധിച്ചു.
കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2022-ൽ 14,762 തൊഴിലാളികളുണ്ടായിരുന്നത് 2023-ൽ 26,236 ആയി കൂടി. എന്നാൽ, അടുത്ത വർഷം ഇത് 9,077 ആയി കുറഞ്ഞു. നിർമാണത്തൊഴിലാളികളുടെ കാര്യത്തിലും സമാനസ്ഥിതിയാണ്. 2022-ൽ 32,313 തൊഴിലാളികൾ ഉണ്ടായിരുന്നു. 2024-ൽ 3,445 ആയി കുറഞ്ഞു.
ബീഡി-ചുരുട്ട് തൊഴിലാളി ബോർഡിൽ 2024-ൽ ഒരാൾപോലും ചേർന്നില്ല. കൈത്തറി, കശുവണ്ടി, ആഭരണനിർമാണം എന്നീ മേഖലകളിലും ക്ഷേമനിധിബോർഡിൽ ചേരുന്നവരുടെ എണ്ണം കുറഞ്ഞു. തൊഴിൽവകുപ്പിന്റെ കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
എന്നാൽ, ചെറുകിട വ്യാപാരികളുടെയും മോട്ടോർ, ചുമട്ട് തൊഴിലാളികളുടെയും ബോർഡുകളിൽ രജിസ്റ്റർചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്.
തൊഴിൽസ്ഥിരത കുറഞ്ഞത് തിരിച്ചടിയായി
ക്ഷേമനിധി ബോർഡിൽ തൊഴിലാളികൾ കുറയുന്നതിനു കാരണം തൊഴിൽമേഖലയിലെ മാറ്റങ്ങളാണെന്ന് ബോർഡ് ചെയർമാൻമാരും ഉദ്യോഗസ്ഥരും പറയുന്നു. കാർഷികമേഖലയെ മാത്രം ആശ്രയിക്കുന്നവർക്ക് അതുകൊണ്ടുമാത്രം നിലനിൽക്കാനാകില്ലെന്ന ബോധ്യമുണ്ട്. അതിനാൽ, പലരും പുതിയ ഇടങ്ങൾ തേടിപ്പോയി.
കശുവണ്ടി, കൈത്തറി മേഖലകളിലും ഇതാണു സംഭവിച്ചത്. ബീഡിവലിക്കുന്നവർ ഏറെക്കുറഞ്ഞത് തൊഴിലാളികളെയും ബാധിച്ചതിനാലാണ് രജിസ്ട്രേഷൻതന്നെ ഇല്ലാതായത്. രണ്ടു ക്ഷേമബോർഡുകളിൽ അംഗത്വമുള്ളവരെ കണ്ടെത്തി ഒഴിവാക്കിയതും കുറവിനു കാരണമായി.
Content Highlights: Registrations for worker welfare fund boards in Kerala are decreasing
Published: 01 Sept 2025, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented