കൊച്ചി: സംസ്ഥാനത്തെ ഐടി മേഖലയില്‍ 2031- ഓടെ ലക്ഷ്യമിടുന്നത് 50 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക വളര്‍ച്ച. വിഷന്‍ 2031 കരട് റിപ്പോര്‍ട്ടിലാണിത് വ്യക്തമാക്കുന്നത്. 20,000 കോടി സ്റ്റാര്‍ട്ടപ്പ് നിക്ഷേപം, 20,000 സ്റ്റാര്‍ട്ടപ്പുകള്‍, 30 ദശലക്ഷം ചതുരശ്ര അടി പുതിയ ഐടി ഓഫീസുകള്‍ തുടങ്ങിയവയും ലക്ഷ്യങ്ങളിലുണ്ട്.

To advertise here,

കേരള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന്‍, കേരള സെമികോണ്‍ മിഷന്‍, കേരള ഫ്യൂച്ചര്‍ ടെക് മിഷന്‍, ദ ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍ എന്നിങ്ങനെ നാലു മിഷനുകള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. നിര്‍മിതബുദ്ധിയുടെ ഉപയോഗം സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള എഐ അവകാശ ബില്‍ നടപ്പിലാക്കും. ഐസിടി അക്കാദമി വഴി 10 ലക്ഷം പേരെ എഐ അടക്കമുള്ള മേഖലകളില്‍ പരിശീലിപ്പിക്കും.

സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ഗ്രാമീണ മേഖലകളിലേക്ക് ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 250 ഏര്‍ലി ഇനവേഷന്‍ സെന്ററുകള്‍, 14 ജില്ലകളിലും ഫ്രീഡം സ്‌ക്വയറുകള്‍ തുടങ്ങിയവയും കരട് രേഖ നിര്‍ദേശിക്കുന്നു.

2029-ഓടെ അനിമേഷന്‍, ഗെയിമിങ്, വിഷ്വല്‍ ഇഫക്ട്സ് മേഖലകളില്‍ 250 കമ്പനികള്‍ സ്ഥാപിച്ച് 10 ശതമാനം ദേശീയ കയറ്റുമതി പങ്കാളിത്തം ഉറപ്പാക്കും. ഡിജിറ്റല്‍ ഗവേണന്‍സില്‍ കേരള മോഡല്‍ സൃഷ്ടിച്ച് ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ 100 ശതമാനമാക്കും.

പരമ്പരാഗത ഐടി സേവനങ്ങളില്‍നിന്നുമാറി ആധുനിക ഗവേഷണ-വികസന മേഖലകളിലും ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകളിലും (ജിസിസി) നിക്ഷേപം ആകര്‍ഷിക്കും. 2031-ല്‍ സംസ്ഥാനത്ത് 120 ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ യാഥാര്‍ഥ്യമാക്കും.

കൂടുതല്‍ ആഗോളശ്രദ്ധ നേടുകയും സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയുമാണ് വിഷന്‍ 2031-ലൂടെ ലക്ഷ്യമിടുന്നതെന്ന് ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു.

റീ-കോഡ് കേരള സെമിനാറിലെ നിര്‍ദേശങ്ങളും മറ്റു പൊതുനിര്‍ദേശങ്ങളും പരിഗണിച്ച ശേഷമായിരിക്കും അന്തിമ വിഷന്‍ 2031-ന് രൂപം നല്‍കുക. റീ-കോഡ് കേരള സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി പി. രാജീവിന് നല്‍കിയാണ് കരട് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

റീ-കോഡ് കേരള ഐടി സെമിനാര്‍
വിവരസാങ്കേതിക മേഖലയില്‍ 2031-നകം അഞ്ച് ലക്ഷം തൊഴില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തെ ഐടി വിപണിയുടെ പത്തുശതമാനം വിഹിതം കേരളത്തിന്റേതാക്കുകയും വിഭാവനം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഷന്‍ 2031-ന്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച റീ-കോഡ് കേരള 2025 ഐടി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഐടി സ്ഥലസൗകര്യം മൂന്നുകോടി ചതുരശ്ര അടിയായി വര്‍ധിപ്പിക്കും. കേരളത്തിന്റെ ഐടി കയറ്റുമതി ഒരു ലക്ഷം കോടിയോട് അടുക്കുകയാണ്. തൊഴിലെടുക്കുന്നതിനാവശ്യമായ നൈപുണ്യമുള്ള 10 ലക്ഷം പ്രൊഫഷണലുകളെ സജ്ജമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐ.ടി വകുപ്പിന്റെ വിഷന്‍ 2031 കരട് രേഖ മന്ത്രി പി. രാജീവിനു കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പൂര്‍ണമായി കേരളത്തില്‍ രൂപകല്പന ചെയ്ത ആദ്യ 5 ജി ചിപ്പ്, സിലീസിയം സര്‍ക്യൂട്ട് സിഇഒ റിജില്‍ ജോണിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പുറത്തിറക്കി.

വികസന കാഴ്ചപ്പാട് പറയാം, വൊളന്റിയര്‍ അരികിലെത്തും - മുഖ്യമന്ത്രി
നാടിന്റെ വികസനം എങ്ങനെ വേണമെന്നതില്‍ അഭിപ്രായ സമാഹരണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി രൂപവത്കരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അഭിപ്രായം തേടി വൊളന്റിയര്‍മാര്‍ പൊതുജനങ്ങള്‍ക്ക് അരികിലേക്ക് എത്തുമെന്നും അദ്ദേഹം റീ-കോഡ് കേരള സെമിനാറില്‍ പറഞ്ഞു.