ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL) കെമിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ഗ്രാജ്വേറ്റ് എഞ്ചിനീയര്‍മാരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ 2025 സെപ്റ്റംബര്‍ 5-ന് ആരംഭിച്ച് 21-ന് അവസാനിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

To advertise here,

യോഗ്യതാ മാനദണ്ഡങ്ങള്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ/യുജിസി അംഗീകാരമുള്ള, ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഫുള്‍ടൈം റെഗുലര്‍ കോഴ്സിലൂടെ നേടിയ ബിടെക്/ബിഇ അല്ലെങ്കില്‍ തത്തുല്യ ബിരുദം ഉണ്ടായിരിക്കണം. ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-എന്‍സിഎല്‍ വിഭാഗക്കാര്‍ക്ക് കുറഞ്ഞത് 65% മാര്‍ക്കും, എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗക്കാര്‍ക്ക് 55% മാര്‍ക്കും ആവശ്യമാണ്.

ഓരോ വിഭാഗത്തിലേക്കും യോഗ്യമായ വിഷയങ്ങള്‍ 
കെമിക്കല്‍ എഞ്ചിനീയറിംഗ്: കെമിക്കല്‍, കെമിക്കല്‍ ടെക്‌നോളജി (റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍), കെമിക്കല്‍ ആന്‍ഡ് ബയോകെമിക്കല്‍, പെട്രോകെം എഞ്ചിനീയറിംഗ്, പെട്രോകെമിക്കല്‍ ടെക്‌നോളജി, പെട്രോകെം ആന്‍ഡ് പെട്രോളിയം റിഫൈനറി.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്: ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍ പവര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, കൂടാതെ മറ്റ് അനുബന്ധ വിഷയങ്ങള്‍.
ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്: ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയവ.

പ്രായപരിധി
2025 ജൂലൈ 1 പ്രകാരം ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി 26 വയസ്സാണ്. മറ്റ് വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മൂന്ന് ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നതാണ്

  • കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT):

പരീക്ഷ ഒക്ടോബര്‍ 31-ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. അഡ്മിറ്റ് കാര്‍ഡുകള്‍ ഒക്ടോബര്‍ 17 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

150 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 100 ഒബ്ജക്റ്റീവ് ചോദ്യങ്ങള്‍ ഉണ്ടാകും. ഇവ ഡൊമെയ്ന്‍ നോളജ് (50), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (20), ലോജിക്കല്‍ റീസണിംഗ് (15), വെര്‍ബല്‍ എബിലിറ്റി (15) എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഓരോ തെറ്റായ ഉത്തരത്തിനും 0.25 നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അധിക സമയം അനുവദിക്കും.

  • ഗ്രൂപ്പ് ഡിസ്‌കഷനും ഗ്രൂപ്പ് ടാസ്‌കും (GD/GT):

സിബിടിയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ ഘട്ടത്തില്‍ പങ്കെടുക്കാം.

  • പേഴ്‌സണല്‍ ഇന്റര്‍വ്യൂ (PI) 

സിബിടി, ജിഡി/ജിടി എന്നിവയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അവസാന ഘട്ടം.

ജിഡി/ജിടി, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയിലേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത് ഓരോ വിഭാഗത്തിലെയും സിബിടി മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍, അവരോഹണ ക്രമത്തിലായിരിക്കും.

വിവിധ വിഭാഗങ്ങള്‍ക്കുള്ള കുറഞ്ഞ യോഗ്യതാ മാര്‍ക്ക്: ജനറല്‍/ഇഡബ്ല്യുഎസ്/ഒബിസി-എന്‍സിഎല്‍ - ഓരോ വിഭാഗത്തിലും 40%, ആകെ 45%; എസ്സി/എസ്ടി - ഓരോ വിഭാഗത്തിലും 35%, ആകെ 40%; പിഡബ്ല്യുബിഡി - ഓരോ വിഭാഗത്തിലും 25%, ആകെ 30%.

സിബിടി പരീക്ഷാ കേന്ദ്രങ്ങള്‍
ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, ജയ്പൂര്‍, ലഖ്നൗ, പട്ന, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ 44 നഗരങ്ങളില്‍ പരീക്ഷ നടത്തും.

എങ്ങനെ അപേക്ഷിക്കാം
ഐഒസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iocl.com സന്ദര്‍ശിച്ച് റിക്രൂട്ട്‌മെന്റ് വിഭാഗത്തിലേക്ക് പോകുക. 'Recruitment of Engineers/Officers (Grade - A) in Indian Oil Corporation Limited through CBT - 2025' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. രേഖകള്‍, ലൈവ് ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യുന്നതും അപേക്ഷാ ഫീസ് അടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുക. പൂര്‍ത്തിയാക്കിയ അപേക്ഷാ ഫോമിന്റെ ഒരു പകര്‍പ്പ് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.

അഡ്മിറ്റ് കാര്‍ഡുകള്‍, പരീക്ഷാ ഫലങ്ങള്‍, മറ്റ് അറിയിപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ ഐഒസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പരിശോധിക്കണം.