മലപ്പുറം: ഹയർസെക്കൻഡറി സ്‌കൂളുകളിലെ കഴിഞ്ഞ അധ്യയനവർഷത്തെ തസ്തികനിർണയം പൂർത്തിയായിട്ടും ജൂനിയർ അധ്യാപകരുടെ സ്ഥാനക്കയറ്റവും നിയമനവും നടത്തിയില്ല. കഴിഞ്ഞവർഷമാണ് ആദ്യമായി ഹയർസെക്കൻഡറിയിൽ പൂർണതോതിലുള്ള തസ്തികനിർണയം നടത്തിയത്. ബാച്ച് അടിസ്ഥാനത്തിലാണ് ഹയർസെക്കൻഡറിയിൽ തസ്തികനിർണയം. 25 കുട്ടികളിൽ കുറവുള്ള ബാച്ചുകൾ റദ്ദാക്കും.

To advertise here,

2021 ഫെബ്രുവരിയിലാണ് ഹയർസെക്കൻഡറിയിൽ അവസാനമായി പുതിയ അധ്യാപകതസ്തിക സൃഷ്ടിച്ചത്. അതിനുശേഷം വിരമിക്കൽ ഒഴിവുകളിലെ നിയമനംപോലും കാര്യമായി നടന്നിട്ടില്ല.

കഴിഞ്ഞ അധ്യയനവർഷത്തെ തസ്തികനിർണയം പൂർത്തിയാക്കിയതായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭാ സമ്മേളനത്തിൽത്തതന്നെ അറിയിച്ചതാണ്. എങ്കിലും നഷ്ടമാകുന്നതോ പുതുതായി രൂപവത്കരിക്കുന്നതോ ആയ തസ്തികകളുടെ എണ്ണത്തെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരം നൽകിയില്ല. കണക്കെടുത്ത് ക്രോഡീകരിച്ചശേഷം ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുമെന്നാണ്‌ അറിയിച്ചത്.

ഷിഫ്റ്റ് ചെയ്ത ബാച്ചുകളിലും നിയമനമില്ല

ആവശ്യത്തിന് കുട്ടികളില്ലാത്തതിനാൽ തെക്കൻ ജില്ലകളിൽനിന്ന് നേരത്തേ 28 ഹയർസെക്കൻഡറി ബാച്ചുകളെ സീറ്റ് ക്ഷാമമുള്ള വടക്കൻ ജില്ലകളിലേക്ക് പുനർവിന്യസിച്ചിരുന്നു. എന്നാൽ ഇതിനോടൊപ്പമുള്ള അധ്യാപകതസ്തികകൾ മാറ്റിയില്ല. താത്കാലിക അധ്യപകരാണ് ഈ താത്കാലിക ബാച്ചുകളിലെല്ലാം പഠിപ്പിക്കുന്നത്. ഇപ്പോൾ ഇത്തരത്തിലുള്ള 71 ബാച്ചുകളാണുള്ളത്.