മുംബൈ: പുതിയ നൈപുണിശേഷികളും നിർമിതബുദ്ധിയുമാകും ഭാവിയിലെ തൊഴിൽരംഗം നിയന്ത്രിക്കുകയെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ തൊഴിൽ വിപണിയെ മാറ്റിക്കൊണ്ടിരിക്കുന്നു.

To advertise here,

നിർമിത ബുദ്ധിയും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഇന്നത്തെ തൊഴിലിടങ്ങളിൽ ചെലുത്തുന്ന സ്വാധീനം വലുതാണ്. പുതിയ കണ്ടെത്തലുകളിൽ സക്രിയമായുള്ള ടെക്‌നോളജി കമ്പനികളിൽപോലും തൊഴിൽ വെട്ടിക്കുറയ്‌ക്കേണ്ടി വരുന്നത് ഇതിന്റെ സൂചനയാണെന്നും ഐഎംഎഫിന്റെ ബ്ലോഗിൽ പറയുന്നു.

പല ജോലികളും അപ്രത്യക്ഷമാകുന്നു. പകരം പുതിയ ചുമതലകൾ ഉയർന്നുവരുന്നു. അതുകൊണ്ടുതന്നെ പുതിയ നൈപുണിശേഷി ആർജിക്കേണ്ടത് വരുംകാലത്തിന്റെ ആവശ്യമായി മാറുന്നു. ഓട്ടോമേഷൻ നടക്കുന്നതിനൊപ്പം പുതിയ അവസരങ്ങളുമുണ്ടാകുന്നുണ്ട്.

നൈപുണ്യശേഷി വികസിപ്പിക്കുന്നതിനനുസരിച്ചാകും ഒരാൾക്ക് അവരുടെ തൊഴിൽ നിലനിർത്താനോ പുതിയത് കണ്ടെത്താനോ കഴിയുകയെന്ന സ്ഥിതി സംജാതമാകുന്നത്.

ഓൺലൈൻ ഒഴിവുകളിൽ വലിയ വർധനയുണ്ടായത് പുതിയ നൈപുണ്യശേഷിയുടെ ആവശ്യം വ്യക്തമാക്കുന്നതാണ്. മുൻനിര സമ്പദ് വ്യവസ്ഥകളിൽ പത്തിലൊന്ന് ഒഴിവുകളിലും വളർന്നുവരുന്ന വിപണികളിൽ ഇരുപതിലൊന്ന് ഒഴിവുകളിലും പുതിയ നൈപുണിശേഷി ആവശ്യപ്പെടുന്നതായും ബ്ലോഗ് ചൂണ്ടിക്കാട്ടുന്നു.