ഇന്ത്യൻ നാവികസേനയിൽ ചരിത്രംകുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പുനിയ. നാവികസേനയിൽ യുദ്ധവിമാനം പറത്താൻ പരിശീലനം നേടിയ ആദ്യ വനിതയെന്ന ബഹുമതിയാണ് ഈ ഉത്തർ പ്രദേശ് സ്വദേശിനിയെ തേടിയെത്തിയത്. ഇതോടെ, ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളിൽനിന്ന് മിഗ്-29കെ, റഫാൽ വിമാനത്തിന്റെ നാവിക പതിപ്പ് എന്നിവ പറത്താൻ ആസ്തയ്ക്ക് സാധിക്കും. 

To advertise here,

നാവികസേന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നേവൽ ഏവിയേഷ ചരിത്രത്തിലെ പുതിയ അധ്യായം എന്ന കുറിപ്പോടെയാണ് നാവികസേന ഇക്കാര്യം അറിയിച്ചത്. ആസ്ത തന്റെ മേലുദ്യോ​ഗസ്ഥൻ ലെഫ്റ്റനന്റ് അതുൽ കുമാർ ധുലിൽനിന്ന് വിങ്സ് ഓഫ് ​ഗോൾഡ് സ്വീകരിക്കുന്നതിന്റെ ചിത്രവും നാവികസേന പങ്കുവെച്ചിട്ടുണ്ട്. 

ലിംഗസമത്വം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയും നാരീശക്തി പ്രോത്സാഹിപ്പിക്കുന്ന സംസ്കാരം വളർത്തിയെടുക്കാനുമാണ് ശ്രമമെന്ന് നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിങ്ങനെ രണ്ട് വിമാനവാഹിനി കപ്പലുകളാണ് ഇന്ത്യയ്ക്കുള്ളത്. മിഗ്-29 ഫൈറ്റർ ജെറ്റിന്റെ നാവിക പതിപ്പാണ് മിഗ്-29കെ.