കേരളത്തിലെ നഴ്സുമാരുടെയും നഴ്സിങ് പഠിക്കുന്നവരുടെയും സ്വപ്നഭൂമിയാണ് ബ്രിട്ടൻ. നഴ്സായി ജോലിചെയ്ത് ജീവിതപങ്കാളിക്കൊപ്പം അവിടെത്തന്നെ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവരേറെയുണ്ട്. പലപ്പോഴും ഇത്തരം സ്വപ്നങ്ങളുമായി നടക്കുന്നവരെ ചതിയിൽ പെടുത്താൻ വലവിരിച്ച് കാത്തിരിക്കുന്നവരും ധാരാളം. യു.കെയിൽ നഴ്സായി ജോലി ചെയ്യാൻ ആവശ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇവർ മുതലെടുക്കുന്നത്. നഴ്സായും കെയർവർക്കറായുമൊക്കെ പറക്കാൻ ആഗ്രഹിക്കുന്നവർ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് യു.കെയിലെ  വാട്ട്ഫോർഡ് ജനറൽ ഹോസ്പിറ്റലിലെ രജിസ്ട്രേഡ് നഴ്സ് ആൻഡ്  ഇൻസ്ട്രക്ടറും ആ രാജ്യത്തെ മലയാളി കൂട്ടായ്മയുടെ സംഘാടകയുമായ  ഐശ്വര്യ കമല വിശദീകരിക്കുന്നു

To advertise here,

വിദേശത്ത് ജോലി തേടിയുള്ള മലയാളിയുടെ യാത്രകളുടെ ചരിത്രം പരിശോധിച്ചാൽ വലിയ നേട്ടം കൈവരിച്ച തൊഴിൽമേഖല നഴ്‌സിങ് ആണെന്ന് കാണാം. അജ്ഞാതദേശങ്ങളിൽ  ആദരണീയമായൊരു തൊഴിലും അതുവഴി ആത്മാഭിമാനം നിറഞ്ഞൊരു ജീവിതവും തേടി പോയവരിൽ ഭൂരിഭാഗവും അപാരധൈര്യമുൾക്കൊണ്ട സ്ത്രീകളായിരുന്നു എന്നത് കേരളത്തിന്റെ യശസ്സുയർത്തുന്ന നേട്ടം കൂടിയാണ്.

നഴ്സുമാരുടെ പ്രവാസപ്രവാഹത്തിന് ഓരോ കാലങ്ങളിലും ഓരോ ദിശകളുണ്ടായിരുന്നു. ഒരു കാലത്ത് ആ ഒഴുക്ക് ഗൾഫ് നാടുകളിലേക്കായിരുന്നുവെങ്കിൽ പിന്നീടത് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമായി. ഇന്ന് കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്നൊരു രാജ്യം യു.കെയാണ്. കഴിഞ്ഞവർഷംമാത്രം കേരളത്തിൽനിന്ന് യു.കെ.യിലേക്ക് പറന്നത് അൻപതിനായിരത്തോളം നഴ്‌സുമാരാണ്.

ഈ കൂട്ടപ്പലായനത്തിന് പല കാരണങ്ങളുണ്ട്. തൊഴിൽപരമായി ഉയർന്ന പദവികളിലേക്കും സ്പെഷ്യാലിറ്റികളിലേക്കും കടക്കാനുള്ള അവസരങ്ങൾ, ജോലിക്കൊപ്പം പഠനം തുടരാനുള്ള സൗകര്യങ്ങൾ, ഫ്ളെക്സിബിൾ വർക്ക് ടൈം എന്നിങ്ങനെ നിരവധി ഘടകങ്ങൾ വിദേശരാജ്യങ്ങളെ, കേരളത്തിലെ തൊഴിൽ സാഹചര്യങ്ങളിൽനിന്ന്‌ വ്യത്യസ്തമാക്കുന്നു. ഇതിനൊക്കെ പുറമേ ഫ്ളോറൻസ് നൈറ്റിങ്ഗേൽ എന്ന ആദ്യ നഴ്‌സിൽ തുടങ്ങി, ശാസ്ത്രീയമായി വളർന്ന് തൊഴിൽപരമായി അനേകം സാധ്യതകളോടെ നിലനിൽക്കുന്ന യു.കെ.യുടെ നഴ്‌സിങ് മേഖല ഓവർസീസ് നഴ്സുമാർക്ക് തരുന്ന പരിഗണനയും വളരെ വലുതാണ്.

യു.കെ. തിരഞ്ഞെടുക്കും മുൻപ്

യു.കെ. ഒരു ‘ഫൈനൽ സെറ്റിൽമെന്റായി’ തിരഞ്ഞെടുക്കുന്നവർ ആദ്യം മനസ്സിലാക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ജീവിതനിലവാരം, ധനവിനിയോഗം, നികുതിക്രമങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളിൽ കൃത്യമായ നിബന്ധനകളുള്ളൊരു രാജ്യമാണിത്. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജീവിതച്ചെലവുകളുള്ള രാജ്യം. ഇവിടെ കുടുംബമായി ഭേദപ്പെട്ട നിലയിൽ ജീവിക്കുന്നതിന് പങ്കാളികൾ രണ്ടുപേരും തൊഴിലെടുക്കുകയും അതിനൊപ്പം വർക്ക് ലൈഫ് ബാലൻസ് കൃത്യമായി കണ്ടെത്തുകയും വേണം.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി കണ്ടുവരുന്നൊരു പ്രവണതയുണ്ട്. ഗൾഫിലും മറ്റും ഉയർന്ന ജോലിയിലുള്ളവർ അത് രാജിവയ്ക്കും. പിന്നെ യു.കെ.യിൽ വന്നശേഷം ഒരുവർഷത്തിനുള്ളിൽ ഇവിടെനിന്ന്‌ തിരിച്ച്‌ വീണ്ടും ഗൾഫ് രാജ്യങ്ങളിലേക്കുതന്നെ കുടിയേറും. ഇതിന് കാരണം ഗൾഫിലെയും യു.കെ.യിലെയും ജീവിതസൗകര്യങ്ങളിലും കാലാവസ്ഥയിലുമൊക്കെയുള്ള വ്യത്യാസമാണ്. യൂറോപ്പിലെ ഉയർന്ന ജീവിതച്ചെലവുകളും ജനബാഹുല്യവും മറ്റ്‌ പരിമിതികളും കാരണം യു.കെ.യിൽ വന്ന ശേഷം ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നിവിടങ്ങളിലേക്ക്‌ പോകുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആദ്യം വേണ്ടത് യു.കെ. ജീവിതത്തിന്റെ  എല്ലാ ഘടകങ്ങളെക്കുറിച്ചും ശരിയായ ഒരു ധാരണയുണ്ടാക്കുകയാണ്. വീട്,കാർ എന്നിവ വാങ്ങൽ, കുട്ടികളുടെ ഉന്നതപഠനം, നാട്ടിലേക്കുള്ള യാത്രാക്കൂലി, കാലാവസ്ഥ, ഡ്യൂട്ടി ഷെഡ്യൂൾ എന്നിങ്ങനെ ജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങൾ ഓരോ രാജ്യങ്ങളിലും എങ്ങനെയാണ് എന്ന് പരിശോധിച്ച് ഏറ്റവും അനുയോജ്യമായ ‘ഫൈനൽ ഡെസ്റ്റിനേഷൻ’ ആണോ യു.കെ. എന്ന് കണ്ടെത്തുക.

ഭാഷായോഗ്യത എങ്ങനെ നേടാം?

യു.കെ.യിൽ ഒരു നഴ്‌സ് ആയി ജോലി ചെയ്യാൻ ആദ്യം വേണ്ടത് ഇവിടെയുള്ള നഴ്‌സിങ് ആൻഡ് മിഡ്‌വൈഫ് കൗൺസിലിന്റെ (എൻ.എം.സി.) രജിസ്‌ട്രേഷനാണ്. എൻ.എം.സി. രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ IELTS അല്ലെങ്കിൽ OET ഭാഷായോഗ്യത പരീക്ഷകളിൽ ഏതെങ്കിലും ഒന്ന് പാസാകേണ്ടതുണ്ട്. IELTS പരീക്ഷയ്ക്ക് അക്കാദമിക് ടെസ്റ്റിന് റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയിൽ സ്കോർ ഏഴ്, റൈറ്റിങ്ങിന് സ്കോർ 6.5 എന്ന നിലയിൽ കുറഞ്ഞത് വേണം. OET പരീക്ഷയിൽ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നതിന് ഗ്രേഡ് ബിയും റൈറ്റിങിന് സി പ്ലസും നേടേണ്ടതുണ്ട്. ഒറ്റ പരീക്ഷയിൽതന്നെ ഈ സ്കോറുകൾ നേടാനായില്ലെങ്കിൽ 12 മാസങ്ങൾക്കുള്ളിൽ രണ്ട് തവണയായി നേടിയ സ്കോറുകൾ കൂട്ടിച്ചേർക്കാനുള്ള ഓപ്ഷനുമുണ്ട്.

IELTS/OET പരീക്ഷകൾ എഴുതാതെ യു.കെ.യിൽ എത്തിക്കാം എന്ന പേരിൽ നിരവധി തട്ടിപ്പുകൾ ഇന്ന് കേരളത്തിൽ നടക്കുന്നുണ്ട്. വൻ തുക ഈടാക്കി വ്യാജ IELTS/OET സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി തരാം എന്ന നിലയിൽ സമീപിക്കുന്ന ലോബികളുടെ ചതികളിൽ വീഴാതിരിക്കുക. കൃത്യമായി പഠിക്കുകയാണെങ്കിൽ ഈ പരീക്ഷകൾ പാസാകുക അത്ര മലമറിക്കുന്ന പണിയൊന്നുമല്ല! ഒന്നോ രണ്ടോ തവണ പരാജിതരായാലും ലക്ഷ്യത്തിൽ  ശ്രദ്ധയൂന്നിയാൽ ഉറപ്പായും ഈ കടമ്പ വേഗം കടക്കാം.

പരീക്ഷ കഴിഞ്ഞാൽ അഭിമുഖത്തിൽ പങ്കെടുക്കാമോ?

IELTS/OET പരീക്ഷ യോഗ്യത നേടിക്കഴിഞ്ഞാൽ ഉടനെ തന്നെ ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്യാൻ തടസ്സമൊന്നുമില്ല. ഇതിന് മുൻപ് പക്ഷേ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. എൻ.എം.സി.യുടെ ആദ്യ ഘട്ട രജിസ്‌ട്രേഷൻ തുടങ്ങി വയ്ക്കാൻ IELTS/OET ഫലം മാത്രം മതിയാകും എന്നതിനാൽ അത് വേഗം ചെയ്യാം. ഇങ്ങനെ തുടങ്ങിവെച്ചാൽ പ്രൊസസിങ് വേഗത്തിലാക്കാം. ഇതിനുവേണ്ടി എൻ.എം.സി.യുടെ സൈറ്റിൽ ഒരു ലോഗ് ഇൻ ഐ.ഡി.യുണ്ടാക്കുക. ആദ്യഘട്ട വെരിഫിക്കേഷനിൽ നാം ഏത് നഴ്‌സിങ് കൗൺസിലിന് കീഴിലാണോ നമ്മുടെ പഠനം പൂർത്തിയാക്കിയത് അവരിൽനിന്ന്‌ എൻ.എം.സി. ഒരു തേർഡ് പാർട്ടി വെരിഫിക്കേഷൻ നടത്തും. നമ്മുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ് (അത് കിട്ടിയിട്ടില്ലാത്തവർക്ക് കോഴ്‌സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം) എന്നിവയ്ക്കൊപ്പം നിശ്ചിത തുക അടച്ച് ഈ തേർഡ് പാർട്ടി വെരിഫിക്കേഷൻ നമുക്ക് നമ്മുടെ കൗൺസിൽ വഴി പൂർത്തിയാക്കാം. ഇതിനുവേണ്ട സമയം ഓരോ കൗൺസിലിന് അനുസരിച്ച് വ്യത്യസ്തമായിരിക്കും.

കേരളത്തിന് വെളിയിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് തേഡ് പാർട്ടി വെരിഫിക്കേഷന് വല്ലാതെ കാലതാമസം നേരിടുന്നതായി പരാതികൾ വരുന്നുണ്ട്. എൻ.എം.സി. രജിസ്‌ട്രേഷന്റെ ഫസ്റ്റ് സ്റ്റേജ് കഴിഞ്ഞാൽ നമുക്ക് കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന് (CBT) തീയതിയെടുക്കാം. സി.ബി.ടി. പാസായിക്കഴിഞ്ഞാൽ നമുക്ക് രജിസ്‌ട്രേഷന്റെ രണ്ടാംഘട്ടത്തിന് വേണ്ട പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, മറ്റ് രേഖകൾ എന്നിവ എൻ.എം.സി. സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഒട്ടുമിക്ക അഭിമുഖങ്ങൾക്കും സി.ബി.ടി. പരീക്ഷയുൾപ്പെടെ പാസായി എൻ.എം.സി. രജിസ്‌ട്രേഷന്റെ രണ്ടാംഘട്ടം പൂർത്തിയായവരെയാകും വിളിക്കുക. എങ്കിലും IELTS/OET മാത്രം പാസായവർക്ക് അവസരം ലഭിക്കുന്ന ഇന്റർവ്യൂകളുമുണ്ട്.

ഇന്റർവ്യൂവിന് പോകുമ്പോൾ

ഇന്റർവ്യൂവിന് അവസരം ലഭിക്കുകയെന്നതിനെക്കാൾ പ്രധാനം പോകുന്ന സ്ഥലം നിങ്ങൾക്കനുയോജ്യമാണോ എന്ന് കണ്ടെത്തുന്നതാണ്. യു.കെ.യിലെ പ്രധാന നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും മറ്റുമായി എൻ.എച്ച്.എസിന് കീഴിൽത്തന്നെ നിരവധി ട്രസ്റ്റുകളുണ്ട്. വീട്ടുവാടക, ജീവിതച്ചെലവ്, പൊതുഗതാഗതസൗകര്യം, ഇന്ത്യൻ ഷോപ്പുകൾ എന്നിങ്ങനെ ജീവിക്കാനാവശ്യമായ അടിസ്ഥാനഘടകങ്ങൾ ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കും. 

ഒരു സ്ഥലത്തേക്ക് ജോലി നോക്കുന്നതിനുമുൻപ് അവിടെ ശരാശരി വീട്ടുവാടക എന്താണ്, നിങ്ങൾ നോക്കുന്ന ആശുപത്രിയിൽനിന്ന് താമസസ്ഥലത്തേക്ക് എത്ര ദൂരം വരും, യാത്രച്ചെലവ് എത്രയാകും, ക്രൈം റേറ്റ് കൂടുതലുള്ള സ്ഥലമാണോ എന്നിങ്ങനെയുള്ള വിവരങ്ങളെപ്പറ്റി ഗൂഗിൾ ചെയ്തോ അറിയുന്നവരോട് തിരക്കിയോ ഒരു ഏകദേശ ധാരണയുണ്ടാക്കുക. സിറ്റി അലവൻസ് ലഭിക്കുന്ന സ്ഥലമാണോ, എത്ര സാലറി പാക്കേജാണ് ലഭിക്കാൻ പോകുന്നത് എന്നിങ്ങനെയുള്ളതും അറിയുക. മറ്റൊരു പ്രധാന ഘടകം ‘ഡിപ്പെൻഡന്റാ’യി വരാൻപോകുന്ന പങ്കാളിക്കുംകൂടി ജോലി നേടാൻ പറ്റുന്ന ഇടമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഈ ഘടകങ്ങളെല്ലാംകൂടി നോക്കിയശേഷം സമാധാനമായി സെറ്റിൽ ചെയ്യാൻ കഴിയുന്നതെന്ന് തോന്നുന്ന സ്ഥലത്തെ ഹോസ്പിറ്റലുകളിലേക്കുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കുക.

ഇന്റർവ്യൂ വിജയിച്ചാൽ

ഇന്റർവ്യൂ പാസായശേഷം ഏത് ട്രസ്റ്റിന്റെ കീഴിലെ ഏത് ആശുപത്രിയിലേക്കാണ് ജോലി ലഭിച്ചിരിക്കുന്നത്, എന്താണ് ശമ്പളപാക്കേജ് എന്നതൊക്കെ വിശദമാക്കിക്കൊണ്ടൊരു ഓഫർ ലെറ്റർ നമുക്ക് ലഭിക്കും. ഇത് വളരെ ശ്രദ്ധയോടെ വായിച്ചുനോക്കുക. എന്തെങ്കിലും തിരുത്ത് ആവശ്യമാണെങ്കിൽ, ആ നിമിഷംതന്നെ അറിയിക്കുക. ശേഷം ഈ ഓഫർ ലെറ്റർ ഉപയോഗിച്ച് എൻ.എം.സി. രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ വേണ്ട മെഡിക്കൽ ടെസ്റ്റുകൾ നടത്തുക. ഇതിന് സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ് ഇന്റർനെറ്റിൽ തിരഞ്ഞാൽ കാണാം. അവിടെ അപോയിന്റ്മെന്റ് നേരത്തേയെടുത്ത് മെഡിക്കലെടുക്കുക.

മെഡിക്കൽകൂടി കഴിഞ്ഞാൽ എൻ.എച്ച്.എസ്. ട്രസ്റ്റുതന്നെ നമുക്കുള്ള സ്‌പോൺസർഷിപ്പിന് അപേക്ഷിക്കും. തുടർന്ന്, ഒരു സർട്ടിഫിക്കറ്റ് ഓഫ് സ്‌പോൺസർഷിപ്പ് (സി.ഒ.എസ്.) ഹോസ്‌പിറ്റൽ നമുക്ക് നൽകും. ഈ സി.ഒ.എസ്. ലഭിച്ചുകഴിഞ്ഞാൽ നമ്മുടെ വിസ പ്രോസസിങ് തുടങ്ങാം.

വിസ പ്രോസസിങ്ങിന് അപേക്ഷിക്കാൻ വേണ്ട രേഖകളുടെ ഒരു ചെക്ക്‌ലിസ്റ്റുണ്ട്. അതുപ്രകാരം മെഡിക്കൽ സർട്ടിഫിക്കറ്റ്, സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റ്, ഓഫർ ലെറ്റർ, വിസ സ്റ്റാമ്പ് ചെയ്യേണ്ട ഒറിജിനൽ പാസ്‌പോർട്ട് എന്നിങ്ങനെയുള്ള എല്ലാ രേഖകളുമായി വിസ ഓഫീസിൽ പോകുക. ബയോമെട്രിക്കുൾപ്പെടെ എല്ലാ രേഖകൾക്കുമൊപ്പം ഒറിജിനൽ പാസ്‌പോർട്ടും അവിടെ ഹാജരാക്കുക. പാസ്‌പോർട്ട്, വിസ സ്റ്റാമ്പ് ചെയ്യാനായി അവിടെ സമർപ്പിച്ചാൽ കുറഞ്ഞത് 15 ദിവസത്തിനുള്ളിൽ തിരികെ ലഭിക്കും. ഇതിനുശേഷം ഹോസ്‌പിറ്റൽ നിർദേശിക്കുന്നപ്രകാരം ടിക്കറ്റെടുക്കാം.

യാത്രയ്ക്കുള്ള തയ്യാറെടുപ്പ്

ടിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ യു.കെ.യിൽ ഏത് കാലാവസ്ഥയിലേക്കാണ് നിങ്ങൾ ചെന്നിറങ്ങുന്നതെന്ന് ആദ്യം മനസ്സിലാക്കുക. ശൈത്യകാലമാണെങ്കിൽ അതിന് വേണ്ട വിന്റർ ജാക്കറ്റുകളും ചൂട് നിൽക്കുന്ന കമ്പിളിയുടുപ്പുകളും തെർമൽ ഇന്നർ ഡ്രെസ്സുകളും തിരഞ്ഞെടുക്കുക. എട്ടാഴ്ചത്തേക്ക് ഹോസ്‌പിറ്റൽതന്നെ നിങ്ങൾക്ക് വേണ്ട താമസസൗകര്യം തരാറാണ് പതിവ്. അതിനുള്ളിൽ നിങ്ങൾക്ക് ഓൺലൈൻ സൈറ്റുകൾ വഴി പറ്റിയ വീട് കണ്ടുപിടിക്കാം. യാത്രയ്ക്കുമുൻപ് അല്പം കാശ് പൗണ്ടാക്കി കൈയിൽ സൂക്ഷിക്കുകയോ ഒരു ട്രാവൽ കാർഡ് എടുക്കുകയോ ചെയ്യാം. നാട്ടിൽനിന്ന് പോരുംമുൻപ് നിരവധി ആനുകൂല്യങ്ങളുള്ളൊരു നല്ല എൻ.ആർ.ഐ. അക്കൗണ്ടെടുക്കുക. എല്ലാ സർട്ടിഫിക്കറ്റുകളും ഭദ്രമായി ഒപ്പം കരുതുക.

യു.കെ.യിൽ വന്നശേഷം

യു.കെ.യിൽ എത്തിച്ചേരുന്ന ദിവസം ഹോസ്‌പിറ്റലിൽനിന്ന് പിക്ക് അപ്പ് ഒരുക്കിയിട്ടുണ്ടാകും. വെൽക്കം പാക്കേജ് എന്നനിലയിൽ നിങ്ങൾക്ക് അന്ന് വേണ്ട ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഹോസ്‌പിറ്റലിൽനിന്ന് ഏർപ്പാടാക്കും. ചില ട്രസ്റ്റുകളിൽ പിറ്റേന്ന് ഒരു സിറ്റി ടൂർ, ഹോസ്‌പിറ്റൽ വിസിറ്റ് എന്നിവ തയ്യാറാക്കിയിരിക്കും.

നിങ്ങൾക്ക് വേണ്ട എല്ലാ ഇൻഡക്‌ഷൻ ക്ലാസുകളും ട്രസ്റ്റ് നൽകും. ശേഷം ഒബ്‌ജക്ടീവ് സ്ട്രക്‌ചേഡ് ക്ലിനിക്കൽ എക്സാമിനേഷൻ (ഒ.എസ്.സി.ഇ.) എന്ന അവസാന കടമ്പ. ഇതിന് വേണ്ട പരിശീലനം ആശുപത്രിതന്നെ നിങ്ങൾക്ക് നൽകും. നിലവിൽ 12 സ്റ്റേഷനുകളാണ് ഈ പരീക്ഷയിലുള്ളത്. ഒരു സ്റ്റേഷനിൽ പരാജയപ്പെട്ടുപോയാലും അതുമാത്രമായി ഒരിക്കൽക്കൂടി എഴുതി പാസാകാം. ഈ പരീക്ഷ പാസായാലാണ് രജിസ്‌ട്രേഷൻ പൂർത്തിയായി പിൻ നമ്പർ ലഭിക്കുക. അതുവരെ നിങ്ങൾ ബാൻഡ് നാല് നഴ്‌സിങ് അസിസ്റ്റന്റ് എന്നനിലയിലാകും പ്രവർത്തിക്കുക. ഒ.എസ്.സി.ഇ. പാസായശേഷം ഒരു രജിസ്റ്റേഡ് നഴ്‌സായി യു.കെ.യിൽ ജോലി ചെയ്യാം.

ജോലിയിൽ പ്രവേശിച്ചാൽ

ജോലിയോ രജിസ്‌ട്രേഷനോ ലഭിച്ചതുകൊണ്ടു മാത്രം നിങ്ങൾ എല്ലാനിലയിലും യു.കെയിൽ സെറ്റിലായി എന്ന് ധരിക്കരുത്. ജോലിയിൽ എന്നേക്കും തുടർന്നുപോകാനും നിങ്ങൾക്കുലഭിച്ച ലൈസൻസോ പിൻനമ്പറോ നഷ്ടപ്പെടാതിരിക്കാനുംവേണ്ടി തൊഴിലിലെ ‘സേഫ് പ്രാക്ടീസസ്’  പരിശീലിക്കേണ്ടതുണ്ട്. സ്വകാര്യത, വ്യക്തിസ്വാതന്ത്ര്യം, ഡിഗ്‌നിറ്റി, കാരുണ്യം എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വളരെയധികം പ്രാധാന്യംനൽകുന്നൊരു ജനതയാണ് ബ്രിട്ടീഷുകാർ. മൂല്യാധിഷ്ഠിത പെരുമാറ്റമര്യാദകൾക്ക് അവിടെ വലിയ സ്ഥാനമുണ്ട്. ബ്രിട്ടൻ എന്ന നാടിന്റെ സ്വാഭാവികമര്യാദകളെ സസൂക്ഷ്മം ശ്രദ്ധിച്ച് അവ ഉൾക്കൊള്ളാൻ ശ്രമിക്കുക. നഴ്‌സിങ് പ്രൊസീജ്യറുകളിലാണെങ്കിലും ആശയവിനിമയത്തിലാണെങ്കിലും തികഞ്ഞ പ്രൊഫഷണലിസവും ആത്മവിശ്വാസവും എല്ലായ്‌പോഴും നിലനിർത്തുക.

അക്കാദമിക്ക് ബ്രില്യൻസ് വളരെയധികം അവകാശപ്പെടുന്നവരെങ്കിലും ആശയവിനിമയത്തിന്റെ കാര്യത്തിൽ പതറിപ്പോകുന്ന ആത്മവിശ്വാസക്കുറവ് ചില മലയാളികൾക്കെങ്കിലുമുണ്ട്. ഇംഗ്ലീഷ് ഭാഷ ആഗോളനിലയിൽ ഉപയോഗിക്കപ്പെട്ട്, പലവിധ ആക്‌സെന്റുകൾ നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു എന്ന് ആദ്യം മനസ്സിലാക്കുക. ബ്രിട്ടീഷ് ഉച്ചാരണരീതി മാത്രമാണ് ശരി, ബാക്കി മുഴുവൻ തെറ്റാണ് എന്നുകരുതി സംസാരിക്കാൻ ഭയന്ന് നിൽക്കുകയോ പതറുകയോ ഒന്നുംചെയ്യേണ്ട ആവശ്യമില്ല. ഇവിടെ വന്നുകഴിയുമ്പോൾ നിങ്ങൾ ഇന്ത്യൻ, ആഫ്രിക്കൻ, ഫിലിപ്പീനിയൻ, ചൈനീസ്, ഐറിഷ് എന്നിങ്ങനെ നിരവധി ഇംഗ്ലീഷ് ആക്‌സെന്റുകൾ കേട്ടുതുടങ്ങും. ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയും ആശയവിനിമയത്തിൽ പൂർണമായി പങ്കാളിയാവുക എന്നതാണ് പ്രധാനം.

പ്രായമായവരുമായി ഇടപെടുമ്പോൾ  പ്രയാസമുള്ള ഭാഷാപ്രയോഗങ്ങൾ കേൾക്കാനിടയായാൽ അവ സഹപ്രവർത്തകരോട് ചോദിച്ച്‌ മനസ്സിലാക്കുക. ഉദാഹരണത്തിന് ‘spend a penny’ എന്ന പ്രയോഗം. പണ്ട് ബ്രിട്ടനിൽ ഒരു പെന്നി നൽകി ഉപയോഗിക്കാവുന്ന പബ്ലിക് ടോയ്‌ലറ്റ് വന്ന കാലം മുതൽക്ക് ടോയ്‌ലെറ്റിൽ പോകണം എന്നതിന് ഉപയോഗിക്കുന്ന പ്രയോഗമാണ്. ഇത് മനസ്സിലായില്ലെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഊഹിക്കാമല്ലോ! അറിയാത്തത് ചോദിച്ചുമനസ്സിലാക്കുന്നതുതന്നെ ഉത്തമം.

ഇന്നുവരെ യു.കെയിൽ വന്ന് അവിടവുമായി പൊരുത്തപ്പെട്ട എല്ലാ മലയാളികളും നേരിട്ട ആശയവിനിമയപ്രശ്‌നങ്ങൾ തന്നെയാവും ഏതൊരാളും നേരിടുന്നത് എന്ന് മാത്രം ഓർക്കുക. ഫോൺ കോളുകൾ എടുക്കാൻ മടിച്ചോ ആളുകളെ ഭയന്നോ മാറി നിൽക്കാതെ എല്ലാ സാഹചര്യങ്ങളെയും സധൈര്യം അഭിമുഖീകരിച്ച് മുന്നേറുക.

സ്വന്തം മണ്ണിൽനിന്ന് മാറ്റി നടപ്പെട്ടൊരു ചെടിയെപ്പോലെ മനസ്സും ശരീരവും ഏതൊരു പ്രവാസവുമായും തുടക്കത്തിൽ ഇണങ്ങാതെ മാറി നിൽക്കും. ഏത് സാഹചര്യത്തെയും മെരുക്കിയെടുക്കാനുള്ള മനുഷ്യന്റെ കഴിവ് അവനെ ലോകത്തിന്റെ ഏത് കോണിലും അതിജീവിക്കാൻ പ്രാപ്തനാക്കി. മറ്റേതൊരു പ്രവാസജീവിതത്തെയും പോലെ ഗുണദോഷസമ്മിശ്രമാണ് യു.കെ ജീവിതവും. നിങ്ങളുടെ ലക്ഷ്യം തിരഞ്ഞെടുത്തുകഴിഞ്ഞാൽ മറ്റൊരു നാട്ടിൽ അതിജീവിക്കാൻവേണ്ട ആത്മവിശ്വാസവും കരുത്തും നേടിയേടുക്കുക എന്നതാണ് പ്രധാനം.

(ഹോം കെയർ മേഖലയിലെ തട്ടിപ്പുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അടുത്ത ഭാഗത്തിൽ)

(മാതൃഭൂമി തൊഴിൽവാർത്തയിൽ പ്രസിദ്ധീകരിച്ചത്)