ഇന്ത്യൻ ആർമിയിൽ 2025-2026-ലെ അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ ട്രേഡ്‌സ്മാൻ, എന്നീ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരീക്ഷ 2025 ജൂണിൽ ആരംഭിക്കും.

To advertise here,

പ്രായം: പതിനേഴര- ഇരുപത്തിയൊന്ന് വയസ്സ്. അപേക്ഷകർ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

അപേക്ഷ: www.joinindianarmy.nic.in ൽ ലോഗിൻ ചെയ്താണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവർ തിരുവനന്തപുരത്തെ ആർമി റിക്രൂട്ട്മെന്റ് ഓഫീസിനുകീഴിലും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് നിവാസികളും കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് ഓഫീസിനുകീഴിലുമാണ് ഉൾപ്പെടുക. അതത് ഓഫീസുകളിലെ വിജ്ഞാപനം വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. അപേക്ഷയിൽ ആധാർ നമ്പർ നൽകണം.

അവസാന തീയതി: ഏപ്രിൽ 10. ഹെൽപ്പ് ലൈൻ നമ്പറുകൾ: കോഴിക്കോട് -0495 2383953, തിരുവനന്തപുരം: 0471 2356236

വനിതകൾക്കും അവസരം

ആർമിയിൽ വനിതകൾക്കായി നടത്തുന്ന അഗ്നിവീർ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. വിമെൻ മിലിട്ടറി പോലീസിലെ ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായുള്ള കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയും അതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റിക്രൂട്ട്മെന്റ് റാലിയുമുണ്ടാവും. 2025 ജൂണിൽ പരീക്ഷ ആരംഭിക്കും.

യോഗ്യത: പത്താംക്ലാസ് വിജയം. അഞ്ച് അടിസ്ഥാന വിഷയങ്ങളിൽ ഓരോന്നിനും 33 ശതമാനം മാർക്കും ആകെ 45 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഗ്രേഡിങ് സിസ്റ്റത്തിൽ പഠിച്ചവർ ഇതിന് തുല്യമായ ഗ്രേഡ് നേടിയിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷകർ അവിവാഹിതരായിരിക്കണം. എന്നാൽ, കുട്ടികളില്ലാത്ത വിധവകൾക്കും വിവാഹമോചിതകൾക്കും അപേക്ഷിക്കാം. പ്രായം: 17-21 വയസ്സ്. അപേക്ഷകർ 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). സർവീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകൾക്ക് 30 വയസ്സുവരെ ഇളവ് ലഭിക്കും. അപേക്ഷ: ബെംഗളൂരുവിലെ സോണൽ ഓഫീസിനുകീഴിലാണ് കേരളത്തിലെയും മാഹിയിലെയും ലക്ഷദ്വീപിലെയും അപേക്ഷകർ ഉൾപ്പെടുന്നത്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ൽ അതത് സോണൽ ഓഫീസ് തിരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാന തീയതി: ഏപ്രിൽ 10.