അഞ്ചുവർഷം മുൻപുള്ള ഒരു ഓണക്കാലത്താണ് പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും സജിതയേയും തനിച്ചാക്കി സുഭാഷ് യാത്രയാകുന്നത്. പ്രണയവിവാഹവും ആറ് വർഷത്തെ ദാമ്പത്യവും കടന്നുള്ള വേർപാട് സജിതയ്ക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അന്നോളം തനിക്ക് തണലുതന്ന ഭർത്താവ് ഇനിയില്ലെന്ന തിരിച്ചറിവ് ഒന്ന് വാവിട്ട് കരയാൻ പോലുമാകാത്ത വിധം സജിതയെ തകർത്തുകളഞ്ഞു. അയാൾ ബാക്കി വെച്ചു പോയ ശൂന്യതയിൽ കുഞ്ഞുങ്ങളുടെ കരച്ചിലോ ഇല്ലായ്മയുടെ പടുകൂറ്റൻ ലിസ്റ്റോ അവർ കണ്ടില്ല. സുഭാഷ് മരിച്ചെന്നും കുടുംബം തന്റെ ചുമലിലാണെന്നുമുള്ള ബോധ്യത്തിലേക്ക് സജിത നടന്നുകയറുമ്പോഴേക്കും വർഷം ഒന്ന് കഴിഞ്ഞിരുന്നു.

To advertise here,

സ്ഥിരവരുമാനമില്ലാത്ത ഒരു കുടുംബത്തെ സംബന്ധിച്ച് സർക്കാർ ജോലിയെന്നത് സ്വപ്ന സാക്ഷാത്കാരമെന്നതിനപ്പുറം ജീവിതത്തിലേക്കുള്ള പിടിവള്ളിയാണ്. അങ്ങനെയാണ് 35-ാം വയസിൽ സജിത പി.എസ്.സി പഠനമാരംഭിക്കുന്നത്. ഈ പ്രായത്തിൽ പഠിച്ചിട്ട് എന്ത് ജോലി വാങ്ങാനാണെന്ന നേർത്ത പരിഹാസങ്ങളെ സജിത വകവെച്ചതേയില്ല. പഠനത്തിൽ ശരാശരിയിലും താഴെ മാർക്ക് വാങ്ങിയിരുന്ന, സപ്ലികളുടെ എണ്ണം കൂടിയപ്പോൾ ബി.ടെക്ക് നിർത്തിപ്പോയ അതേ സജിത പക്ഷേ മധുരപ്രതികാരം വീട്ടിയത് പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് മെയിൻ ലിസ്റ്റിൽ ഇടം നേടിയാണ്.

placeholder
സജിതയും കുടുംബവും
സജിതയും ഭർത്താവ് സുഭാഷും കുട്ടികളും

വാഹനാപകടത്തിൽ പെട്ട് സുഭാഷ് മരിക്കുമ്പോൾ ഇളയ മകൾക്ക് ഒന്നരവയസായിരുന്നു. രണ്ടാമത്തെ മകന് മൂന്നും മൂത്ത മകൾക്ക് അഞ്ചും വയസ് പ്രായം. മരണമുണ്ടാക്കിയ വേദനയിൽ കുഞ്ഞിന് മുലപ്പാൽ പോലും നൽകാനാവുന്ന മാനസ്സികാവസ്ഥയിലായിരുന്നില്ല സജിത. ആരേയും കാണാതെ, ആരോടും മിണ്ടാതെ, ഉണ്ണാതെ, കുളിക്കാതെ, വസ്ത്രം മാറാതെ പല ദിനങ്ങൾ കടന്നു പോയി. മക്കൾ എന്ത് കഴിക്കുന്നു എന്തുടുക്കുന്നു, അവർക്ക് വിശക്കുന്നുണ്ടോ എന്നുപോലും തിരക്കാനാവാതെ മനസ്സു മരവിച്ച അവസ്ഥയിലായപ്പോൾ വീട്ടിലെ അടുപ്പ് പുകഞ്ഞത് കുറേ മനുഷ്യസ്‌നേഹികളുടെ കരുതലിലാണ്. സൗജന്യമായി ഭക്ഷണം കൊണ്ടുത്തന്ന നിസ്സാമടക്കമുള്ളവരാണ് സജിതയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നതും. 

പഠനത്തിലേക്ക് തിരിച്ചുവിട്ട ISRO

സുഭാഷിന്റെ നിർബന്ധത്തിലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സജിത പേര് രജിസ്റ്റർ ചെയ്തത്. ഭർത്താവിന്റെ മരണം തീർത്ത ആഘാതത്തിൽ ഊണും ഉറക്കവുമില്ലാതെ കഴിയുമ്പോഴാണ് പ്രതീക്ഷയുടെ ഇത്തിരിവെട്ടമായി ISRO അറ്റൻഡർ തസ്തികയിലേക്കുള്ള പരീക്ഷാ അറിയിപ്പ് ലഭിക്കുന്നത്. തന്റെ കഷ്ടപ്പാടറിഞ്ഞ് ദൈവം തന്ന അവസരമായി കണ്ട് അന്നുമുതൽ  കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ച് സജിത പരീക്ഷയെഴുതി. പരീക്ഷയെന്ന കടമ്പയേ കഴിഞ്ഞിട്ടുണ്ടായിരുന്നുവെങ്കിലും ജോലി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവൾ. ഫലമറിയാൻ കഫേയിലേക്കുള്ള സ്ഥിരം പോക്കും അണമുറിയാത്ത ഐഎസ്ആർഒ സംസാരവും കാരണം സജിതയെ കാണുമ്പോഴേ 'ദേണ്ടെടാ ഐ.എസ്.ആർ.ഒ ചേച്ചി വരുന്നു' എന്നായി കഫേ ജീവനക്കാർ.  പക്ഷേ ഫലം വന്നപ്പോൾ സജിത പരാജയപ്പെട്ടു. പ്രാർത്ഥിച്ച ദൈവങ്ങൾപോലും കൂട്ടിനില്ലെന്നോർത്ത് കഫേയിലിരുന്നവൾ പൊട്ടിക്കരഞ്ഞു. അവരസങ്ങൾ ഇനിയും വരുമെന്നും അതിന് തയ്യാറെടുക്കണമെന്നും കഫേ ജീവനക്കാർ സജിതയെ പറഞ്ഞ് സമാധാനിപ്പിച്ചു. അന്നുതന്നെ അവർ സജിതയുടെ പി.എസ്.സി പ്രൊഫൈൽ അപ്ഡേറ്റ് ചെയ്ത് പരീക്ഷയ്ക്ക് അപേക്ഷിച്ച് അവളെ ചേർത്തു നിർത്തി.

ISRO നഷ്ടം സജിതയിൽ പുതിയൊരാഗ്രഹത്തിനാണ് വിത്തിട്ടത്. കുഞ്ഞുങ്ങളെ അല്ലലില്ലാതെ വളർത്തണം എന്ന ആഗ്രഹം മാത്രമാണ് ആ വിത്തിന് വളമിട്ടത്. വിധവാപെൻഷൻ കൊണ്ട് റാങ്ക് ഫയലും 2000 രൂപയ്ക്ക് ഒരു സെക്കൻഡ് ഹാൻഡ് സ്മാർട്ട് ഫോണും വാങ്ങി സജിത പഠനമാരംഭിച്ചു. ഫോൺ വാങ്ങാൻ കൈയിൽ പണമില്ലാതിരുന്ന സജിത പൈസ കയ്യിൽക്കിട്ടും വരെ ആ ഫോൺ ആർക്കും കൊടുക്കല്ലേയെന്ന് കടക്കാരനോട് പറഞ്ഞിരുന്നു. മാസങ്ങൾ കാത്തിരുന്നാണ് സജിത ആ 2000 രൂപയുമായി കടയിലെത്തിയത്. 

കൈയിൽ കിട്ടുന്നതെന്തും വായിക്കുക, റാങ്ക് ഫയൽ മനപ്പാഠമാക്കുക, PSC ജോലി ലഭിച്ചവരുടെ വീഡിയോ കാണുക....ഇത്തരത്തിൽ ചിട്ടയോ ഒഴുക്കോ ഇല്ലാത്ത പഠനമായിരുന്നു. എങ്ങനെയാണ് പഠിക്കകേണ്ടതെന്നോ എവിടെ നിന്നാണ് തുടങ്ങേണ്ടതെന്നോ സജിതയ്ക്ക് അറിയില്ലായിരുന്നു. രാത്രി മുഴുവൻ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ആ സമയവും പഠനത്തിനായി നീക്കിവെച്ചു. പരീക്ഷാ പരിശീലനത്തിനുള്ള ഒരുവാട്‌സ്ആപ് ഗ്രൂപ്പിൽ ചേർന്നതാണ് സജിതയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്.

നടൻ സൂര്യ നൽകിയ ഫോൺ, കൂട്ടുകാർ നൽകിയ ഫാൻ 

"മൂന്ന് മക്കളും ആവശ്യത്തിന് ദാരിദ്ര്യവും ഉള്ളതുകൊണ്ട് വിളിച്ചാൽ വല്ല സഹായവും ചോദിക്കുമെന്ന് കരുതിയിട്ടാവാം. ആരും എന്നെ വിളിച്ചില്ല. ഒരിക്കൽ വാട്‌സാപിൽ  നോട്ട്‌സ് തന്നിരുന്ന ഒട്ടും പരിചയമില്ലാത്ത ഭഗീരഥി ടീച്ചറെ രണ്ടും കൽപിച്ച് ഞാൻ വിളിച്ചു.  എത്രസമയം അവരെന്നെ കേട്ടുവെന്നറിയില്ല. പക്ഷേ പിന്നീടങ്ങോട്ട് എനിക്ക് വെളിച്ചമായതത്രയും ആ ശബ്ദമായിരുന്നു. 30 വയസേയുള്ളൂ അവർക്ക്. പക്ഷെ ടീച്ചറെന്നല്ലാതെ മറ്റൊന്നും എനിക്കവരെ വിളിക്കാൻ തോന്നില്ല", സജിത പറയുന്നു.

placeholder
ഭാഗീരഥി
ഭഗീരഥി

അന്ന് വാങ്ങിയ പഴയ ഫോൺ കേടായി ദിവസങ്ങളോളം പഠനം മുടങ്ങിയപ്പോഴും ഭഗീരഥിടീച്ചർ പരിഹാരവുമായി എത്തി. കോവിഡ് കാലത്ത് പഠനത്തിൽ ബുദ്ധിമുട്ടുന്ന പഠിതാക്കൾക്ക്‌ നടൻ സൂര്യ അന്ന് സ്മാർട്‌ ഫോണുകൾ നൽകിയിരുന്നു. അവയിലൊരെണ്ണം സംഘടിപ്പിച്ച് വീട്ടിലെത്തിയപ്പോഴാണ് സജിതയുടെ ദുരവസ്ഥ ഭഗീരഥി പൂർണമായി മനസിലാക്കുന്നത്. മുറിയിലേക്ക് ഫാൻ, പഠിക്കാൻ പുസ്തകങ്ങൾ എന്നുവേണ്ട സജിതയ്ക്കാവശ്യമായതെല്ലാം അന്നു തന്നെ ഭഗീരഥി വീട്ടിലെത്തിച്ചു. വാട്‌സ് ആപ് ഗ്രൂപ്പിലെ ചിലരും സഹായിച്ചു. കുട്ടികളൊക്കെ ഏറെ ക്ഷീണിച്ചിരിക്കുന്നത് കണ്ടിട്ടാവണം കുട്ടികൾക്കുള്ള പാൽ, മുട്ട, പഴം എന്നിവ സജിതയുടെ പരീക്ഷ കഴിയും വരെ മുടങ്ങാതെ എത്തിക്കാൻ തൊട്ടടുത്ത കടയിൽ പണം വരെ ഏൽപിച്ചിട്ടാണ് അന്ന് ഭഗീരഥി മടങ്ങിയത്. പിന്നീട് ചിറ്റൂരിലെ തന്റെ വീട്ടിലിരുത്തിയും ഭഗീരഥി സജിതയെ ഒരു മാസം പഠിപ്പിച്ചു. ഒരു രൂപ പോലും വാങ്ങാതെ തന്നെ. 

ലോട്ടറിക്കടയിൽ നിന്ന് മെയിൻ ലിസ്റ്റിലേക്ക് 

പഠനത്തിന്റെ ചൂട് തലയിൽക്കയറും മുൻപ് സജിത കുറച്ച് നാൾ അടുത്തുള്ള ഒരു തുണിക്കടയിൽ ജോലി ചെയ്തിരുന്നു. 12000 രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് സജിത മുഴുവൻ സമയം പഠനത്തിനായി മാറ്റിവെച്ചത്. പക്ഷെ പഠനം കഴിഞ്ഞ് തിരികെയെത്തിയപ്പോൾ ആ ജോലിയുണ്ടായിരുന്നില്ല. വീട്ടിലെ ബുദ്ധിമുട്ടുകൾ നന്നായറിയാവുന്ന അകന്ന ബന്ധുവാണ് സ്വന്തം ലോട്ടറിക്കടയിൽ സജിതയ്ക്ക് ജോലി നൽകിയത്. കടയിലിരിക്കുമ്പോഴും നടക്കുമ്പോഴും ഇയർഫോൺ വെച്ച് ക്ലാസുകൾ കേട്ട് പിഎസ്.സി പരീക്ഷൾക്കായുള്ള ശ്രമം സജിത തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ ആ കഠിനാധ്വാനത്തിനും കുറെ നല്ല മനുഷ്യരുടെ പിന്തുണക്കുമുള്ള ഫലമെന്നോണം റാങ്ക് ലിസ്റ്റിൽ സജിതയുടെ നമ്പർ തെളിഞ്ഞു.

placeholder
.

 

'കുട്ടികൾ ഓരോ ആഗ്രഹം പറയുമ്പോഴും പി.എസ്.സി വഴി ജോലി കിട്ടിയിട്ട് സാധിച്ചുതരാമെന്നാണ് ഞാനവരെ ആശ്വസിപ്പിച്ചിരുന്നത്. അമ്മയ്ക്ക് പി.എസ്.സി വാങ്ങിക്കൊടുക്കണേ എന്ന് അച്ഛനോട് പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും എന്റെ കുട്ടികളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല'

പി.എസ്.സി നേട്ടം പ്രിയപ്പെട്ട അധ്യാപകൻ പ്രദീപ് മുഖത്തല ഫേസ്ബുക്കിലിട്ടതോടെ സജിതയുടെ നേട്ടം നാടറിഞ്ഞു. തനിക്കൊപ്പം പഠിച്ചവരും നാട്ടുകാരും പിന്നെ പേരറിയാത്ത ധാരാളം പേരും സജിതയ്ക്ക് സഹായവുമായെത്തി. ഇന്ന് കൊല്ലം വിളച്ചിക്കാലയിലെ കൊച്ചുവീട്ടിൽ നിയമന ഉത്തരവിനായി കാത്തിരിക്കുകയാണ് സജിതയും കുടുംബവും. 

placeholder
.

ഗായകനും നാട്ടുകാർക്കേറെ പ്രിയങ്കരനുമായിരുന്ന സുഭാഷിന്റെ പേരിൽ സ്ഥാപിക്കാനുദ്ദേശിച്ച വായനശാലയുടെ പണി പാതി വഴിയിലാണ്. ജോലി ലഭിച്ചാൽ ആ പണി പൂർത്തീകരിക്കണം എന്ന കുഞ്ഞാഗ്രഹം ഇന്ന് സജിതയ്ക്കുള്ളിലുണ്ട്. ഒപ്പം വീടുപണി പൂർത്തിയാക്കണം, ഡിഗ്രിയെടുക്കണം.

ജീവിതം വേദനകളുടെ മാത്രം പരീക്ഷണശാലയാകുമ്പോൾ ഇനിയുമേറെ ഓടാനുണ്ടെന്നോർമ്മിപ്പിച്ച് കൈപിടിക്കാൻ ചിലരെത്തും. മുൻപരിചയം പോലുമില്ലാത്ത ആ മനുഷ്യർ നമുക്ക് വഴികാട്ടികളാകും, ധൈര്യം പകരും. സജിതയുടെ ഭഗീരഥിയെപ്പോലെ, കഫേക്കാരനേയും ലോട്ടറി കടക്കാരനേയും പോലെ..പ്രതീക്ഷയുടെ ഒരു കണികപോലുമില്ലാതിരുന്ന നേരത്ത് സജിതയ്ക്കും കുഞ്ഞുങ്ങൾക്കും ദിശനൽകിയവരാണവർ. കടപ്പാട് വേണ്ടാത്ത മനുഷ്യസ്‌നേഹികൾ...