കേരളത്തിലെ സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലെ 2024-25 ലെ പ്രവേശനത്തിന്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു.എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് അപേക്ഷ സ്വീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കി അലോട്‌മെന്റ് നടത്തുന്നത്.
ഡിപ്ലോമ കോഴ്സുകൾ
ഡിപ്ലോമ ഇൻ-ഫാർമസി (ഡി.ഫാം.), ഹെൽത്ത് ഇൻസ്പെക്ടർ, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോതെറാപ്പി ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, ഒഫ്താൽമിക് അസിസ്റ്റൻറ്‌സ്, ഡെന്റൽ മെക്കാനിക്സ്, ഡെന്റൽ ഹൈജിനിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യാ ടെക്‌നോളജി, കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എൻഡോസ്‌കോപ്പിക് ടെക്‌നോളജി, ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻറ്‌സ്, റെസ്പിരേറ്ററി ടെക്‌നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്‌മെന്റ് ടെക്‌നോളജി.ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്‌സ് ഹെൽത്ത് സർവീസസ് ഡയറക്ടറുടെയും മറ്റ് കോഴ്‌സുകൾ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറുടെയും ഭരണനിയന്ത്രണത്തിലാണ്.
ഇവയിൽ റേഡിയോ ഡയഗ്നോസിസ് ആൻഡ് റേഡിയോതെറാപ്പി ടെക്‌നോളജി പ്രോഗ്രാം മൂന്നുവർഷ കോഴ്‌സും മറ്റുള്ളവ പൊതുവേ രണ്ടുവർഷ കോഴ്‌സുകളുമാണ്. ചില രണ്ടുവർഷ കോഴ്‌സുകൾക്ക് ആറുമാസം ദൈർഘ്യമുള്ള ഇന്റേൺഷിപ്പും അധികമായി ഉണ്ടാകും. ഡയാലിസിസ് ടെക്‌നോളജി പ്രോഗ്രാം ദൈർഘ്യത്തിൽ (രണ്ടുവർഷം) ഒരുവർഷ ഇന്റേൺഷിപ്പും ഉൾപ്പെടുന്നു. ഫാർമസി പ്രോഗ്രാമിന് മൂന്നുമാസത്തെ പ്രാക്ടിക്കൽ പരിശീലനവും അധികമായി ഉണ്ട്. വിവരങ്ങൾ പ്രോസ്പെക്ടസിൽ ഉണ്ട്.
പ്രവേശന അർഹത
ഭാരതീയർ, പേഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ.), ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി. ഐ.) എന്നിവർക്ക് അപേക്ഷിക്കാം. പി.ഐ.ഒ./ഒ.സി.ഐ. വിഭാഗക്കാർക്ക് സംവരണ ആനുകൂല്യം ലഭിക്കില്ല.കേരളീയരും കേരളീയേതരരും അപേക്ഷിക്കാൻ അർഹരാണ്. ഈ വിഭാഗങ്ങളുടെ നിർവചനം, അവകാശവാദത്തിനായി നൽകേണ്ട രേഖകളുടെ പട്ടിക, എന്നിവ പ്രോസ്പെക്ടസിൽ ലഭിക്കും.
പ്ലസ്ടു/തത്തുല്യപരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് ജയിച്ചിരിക്കണം എന്നതാണ് പൊതുവേയുള്ള വ്യവസ്ഥ.
ഡി.ഫാം. പ്രവേശനത്തിന്, ബയോളജിക്കുപകരം മാത്തമാറ്റിക്സ് പഠിച്ചവർക്കും അപേക്ഷിക്കാം. ഫാർമസി ഒഴികെയുള്ള കോഴ്‌സുകളിലെ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തത്തിൽ 40 ശതമാനം മാർക്ക് (പട്ടിക വിഭാഗക്കാർക്ക് 35 ശതമാനം) ഉണ്ടായിരിക്കണം. ഡി.ഫാം. പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യപരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ച് ജയിച്ചിരിക്കണം. മാർക്ക് വ്യവസ്ഥയില്ല. വി.എച്ച്.എസ്.ഇ.യുടെ ഭാഗമായി ചില വൊക്കേഷണൽ കോഴ്‌സുകൾ പഠിച്ചവർക്ക്, ചില കോഴ്‌സുകളിൽ, സംവരണം ഉണ്ട്.
പ്രായം: പ്രവേശനവിജ്ഞാപന തീയതിയിൽ അപേക്ഷാർഥി 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം (പ്രോസ്പെക്ടസ് വ്യവസ്ഥ). പ്രായം നിർണയിക്കുന്നതിനുള്ള കട്ട് ഓഫ് തീയതി 31.12. 2024 എന്നാണ് പ്രവേശന വിജ്ഞാപനത്തിൽ ഉള്ളത്. ഉയർന്ന പ്രായപരിധിയില്ല. സർവീസ് വിഭാഗം അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 49 വയസ്സായിരിക്കും.
അപേക്ഷ
ഒന്നോ ഒന്നിൽ കൂടുതൽ കോഴ്‌സുകളിലേക്കോ പരിഗണിക്കപ്പെടാൻ, ഒരൊറ്റ അപേക്ഷയേ നൽകാവൂ. അപേക്ഷ www.lbscentre.in വഴി ഒക്ടോബർ 15 വരെ നൽകാം. അപേക്ഷാഫീസ് ജനറൽവിഭാഗക്കാർക്ക് 600 രൂപയും പട്ടിക വിഭാഗങ്ങൾക്ക് 300 രൂപയുമാണ്.
അപേക്ഷാഫീസ്, അപേക്ഷ നൽകുമ്പോൾ രൂപപ്പെടുത്താവുന്ന ചെലാൻ ഉപയോഗിച്ച്, ഫെഡറൽ ബാങ്കിന്റെ കേരളത്തിലെ ഏതെങ്കിലുമൊരു ശാഖയിൽ അടയ്ക്കാം. ഓൺലൈനായും അപേക്ഷാഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷയുടെ അന്തിമ കൺഫർമേഷൻ 17-നകം നടത്തിയിരിക്കണം.
റാങ്ക് പട്ടിക
യോഗ്യതാപരീക്ഷയിലെ, ബാധകമായ വിഷയങ്ങളിലെ രണ്ടാംവർഷ പരീക്ഷയിലെ മാർക്ക് പരിഗണിച്ചായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക.
ഓപ്ഷൻ
റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷം, കോഴ്‌സ്-കോളേജ് താത്‌പര്യങ്ങൾ/ ഓപ്ഷനുകൾ, വെബ്സൈറ്റ് വഴി രജിസ്റ്റർചെയ്യണം. ഏകജാലക സംവിധാനംവഴി, എൽ.ബി.എസ്. സെന്റർ അലോട്‌മെന്റ് നൽകും. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ഉണ്ട്.സർക്കാർസ്ഥാപനങ്ങൾ, സർക്കാർനിയന്ത്രിത സ്വാശ്രയസ്ഥാപനങ്ങൾ, സർക്കാരുമായി കരാറിലേർപ്പെടുന്ന സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളിലെ സർക്കാർ സീറ്റുകൾ തുടങ്ങിയവയാണ്, ഈ അലോട്‌മെന്റിന്റെ പരിധിയിൽവരുന്നത്.അലോട്മെന്റിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ പട്ടിക, അവയിലെ സീറ്റ് ലഭ്യത, ഫീസ് നിരക്കുകൾ തുടങ്ങിയവ പിന്നീട് പ്രസിദ്ധീകരിക്കും. സ്‌പെഷ്യൽഫീസ് വിവരങ്ങൾ പ്രോസ്പെക്ടസ് അനെക്സർ I-ൽ നൽകിയിട്ടുണ്ട്.സർവീസ് വിഭാഗം അപേക്ഷകരുടെ അപേക്ഷാസമർപ്പണം, ഫീസ് അടയ്ക്കേണ്ട രീതി, തിരഞ്ഞെടുപ്പുരീതി, ഓപ്പൺവിഭാഗത്തിലും അപേക്ഷിക്കുന്ന സർവീസ് അപേക്ഷകരുടെ അപേക്ഷാസമർപ്പണ നടപടിക്രമം തുടങ്ങിയവയുടെ വിശദാംശങ്ങൾ, പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. വിവരങ്ങൾക്ക്: www.lbscentre.in
Content Highlights: Pharmacy, Health Inspector, Paramedical Diploma Admission
Published: 26 Sept 2024, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented